Connect with us

Gulf

അംഗീകൃതമല്ലാത്ത സര്‍വീസ് സെന്ററുകളില്‍ സ്മാര്‍ട്ട് ഫോണ്‍ വിവരങ്ങള്‍ ചോരുന്നു

Published

|

Last Updated

ദോഹ: അംഗീകൃതമല്ലാത്ത സര്‍വീസ് സെന്ററുകളില്‍ റിപ്പയര്‍ ചെയ്യാന്‍ നല്‍കുന്ന മൊബൈല്‍ ഫോണുകളില്‍നിന്നും ടാബ്‌ലറ്റുകളില്‍നിന്നും വിവരങ്ങള്‍ ചോരുന്നതായി റിപ്പോര്‍ട്ട്. ഇത്തരം ദുരുപയോഗങ്ങള്‍ക്കിതിരെ സ്വദേശികളില്‍നിന്നും പരാതി വര്‍ധിച്ചതായി അര്‍റായ അറബി പത്രം റിപ്പോര്‍ട്ടു ചെയ്തു.
രാജ്യത്തു പ്രവര്‍ത്തിക്കുന്ന ഇത്തരം അംഗീകൃതമല്ലാത്ത സര്‍വീസ് സെന്ററുകളെ നിരവധിയാളുകള്‍ സമീപിക്കുന്നുണ്ട്. അംഗീകൃത സര്‍വീസ് സെന്ററുകളെ അപേക്ഷിച്ച് സര്‍വീസ് നിരക്ക് കുറവാണെന്നതും ഇത്തരം സെന്ററുകളിലെ അപകടം മനസ്സിലാക്കാത്തതതുമാണ് യഥാര്‍ഥമല്ലാത്ത കേന്ദ്രങ്ങളെ ഉപഭോക്താക്കള്‍ ആശ്രയിക്കാന്‍ കാരണമാകുന്നത്. വിവരങ്ങള്‍ ചോര്‍ത്തപ്പെടുന്നു എന്നതിനൊപ്പം സര്‍വീസിലെ ഗുണമേന്മയിലും ഉപയോഗിക്കുന്ന പാര്‍സുകളിലും പ്രശ്‌നങ്ങളുണ്ട്. സ്മാര്‍ട്ട് ഫോണ്‍ സര്‍വീസില്‍ മതിയായ പരിചയം നേടിയവരല്ല പല സ്ഥാപനങ്ങളിലും മൊബൈല്‍ ഫോണുകളും ടാബുകളും റിപ്പയര്‍ ചെയ്യുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഫോണുകളില്‍നിന്നും സ്വകാര്യ ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ചോര്‍ത്തപ്പെടുന്നതെന്ന് പരാതിപ്പെട്ട സ്വദേശിള്‍ പറയുന്നു.
ചോര്‍ത്തിയെടുക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്യുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. സമാനമായ കേസുകള്‍ മുമ്പ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഇത്തരം സംഭവങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കുവാനും ഡിവൈസുകള്‍ സര്‍വീസിനു കൊടുക്കുമ്പോള്‍ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തപ്പെടുന്നതിനെതിരെ ജാഗ്രത പാലിക്കാനും പോലീസ് മുന്നറിയിപ്പു നല്‍കിയിരുന്നു. രണ്ടു വര്‍ഷം മുമ്പ് മൊബൈല്‍ ഷോപ്പുകളില്‍ ജോലി ചെയ്ത 35 ആളുകളെ സി ഐ ഡി അറസ്റ്റ് ചെയ്തിരുന്നു. മൊബൈല്‍ ഫോണില്‍ നിന്നും ചിത്രങ്ങളും മറ്റും ചോര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്ന കേസിലായിരുന്നു അറസ്റ്റ്. സ്ത്രീകളെയാണ് പ്രധാനമായും ഇവര്‍ ചൂഷണം ചെയ്തിരുന്നത്. ഫോണുകളില്‍ സൂക്ഷിച്ചിരുന്ന ചിത്രങ്ങളും വീഡിയോകളും ഉമടകളുടെ അനുമതിയില്ലാതെയാണ് പകര്‍ത്തിയെടുത്തത്.
ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ പോലീസില്‍ പരാതിപ്പെടുന്നതിനു മുതിരാതെ നേരിട്ടു കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്നത് കുറ്റകൃത്യം വര്‍ധിക്കാന്‍ കാരണമാകുന്നതായി അര്‍റായ പറയുന്നു. പരാതിപ്പെടുന്നത് തങ്ങള്‍ക്ക് എന്തെങ്കിലും അപകടമാകുമോ എന്നാണ് അധികപേരും ഭയപ്പെടുന്നത്. ഇത്തരം ഷോപ്പുകളില്‍ സര്‍വീസിനു കൊടുക്കുന്ന ഉപകരണങ്ങളില്‍നിന്നും ഒറിജിനല്‍ പാര്‍ട്‌സുകള്‍ അഴിച്ചു മാറ്റി വ്യാജയമായവ ഘടിപ്പിച്ചു തിരിച്ചു നല്‍കുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ബാറ്ററി ഉള്‍പ്പെടെയുള്ളവയാണ് കൂടുതലായി നഷ്ടപ്പെടുന്നത്. ഉപഭോക്താക്കള്‍ ഭൂരിഭാഗവും ഇത് അറിയുന്നുപോലുമില്ല. അംഗീകാരമില്ലാത്ത ഷോപ്പുകളില്‍ റിപ്പയര്‍ ചെയ്യുന്ന ഉപകരണങ്ങള്‍ ഇടക്കിടെ കേടു വരുന്നതായും അനുഭവസ്ഥര്‍ പറയുന്നു.

Latest