Connect with us

Gulf

പൊതുമാപ്പ്: സോഷ്യല്‍ മീഡിയയില്‍ പ്രചാരണവുമായി ആഭ്യന്തര മന്ത്രാലയം

Published

|

Last Updated

ദോഹ: കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്താന്‍ ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ആരംഭിച്ചു. പൊതുമാപ്പു സംബന്ധിച്ചുള്ള അറിയിപ്പ് മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്തു. ഫിലിപ്പീനോ, ഹിന്ദി ഭാഷകളിലും അറിയിപ്പു പ്രചരിപ്പിക്കുന്നുണ്ട്.
സെപ്തംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ ഒന്നുവരെയാണ് രാജ്യത്ത് നിയമവിരുദ്ധമായി തങ്ങുന്നവര്‍ക്ക് നിയമവിധേയമാകാനും രാജ്യത്തു പുറത്തു പോകാനും അവസരമൊരുക്കി പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് നിയമവിരുദ്ധമായി തങ്ങുന്നവരോട് മന്ത്രാലയത്തെ സമീപിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പൊതുമാപ്പ് കാലം ആരംഭിക്കുന്ന സെപ്തംബര്‍ ഒന്നു മുതല്‍ നിയമവിരുദ്ധമായി രാജ്യത്തു തങ്ങുന്നവര്‍ ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷ. നിയമവിധേയമാകുന്നതിന് സന്നദ്ധരായി എത്തുന്നവര്‍ക്ക് അതതു രാജ്യത്തെ എംബസികള്‍ രേഖകള്‍ ശരിയാക്കി നല്‍കും. മൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവരെ സഹായിക്കാന്‍ സന്നദ്ധ സംഘടനകളും രംഗത്തു വരുന്നുണ്ട്.
ഖത്വറിന്റെ ചരിത്രത്തില്‍ ഇതു മൂന്നാം തവണയാണ് പൊതുമാപ്പ് പ്രഖ്യാപിക്കുന്നത്. പന്ത്രണ്ടു വര്‍ഷത്തിനു ശേഷമാണ് ഇപ്പോള്‍ പൊതുമാപ്പ് പ്രഖ്യാപിക്കുന്നതെന്ന് ഗള്‍ഫ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 2009ലെ നാലാം നമ്പര്‍ നിയമം അനുസരിച്ച് രാജ്യത്ത് എന്‍ട്രി, എക്‌സിറ്റ്, റസിഡന്‍സ്, സ്‌പോണ്‍സര്‍ഷിപ്പ് നിയമങ്ങള്‍ ലംഘിച്ച് തുടരുന്ന വിദേശികള്‍ക്ക് നിയമനടപടികള്‍ കൂടാതെ രാജ്യത്തുനിന്നും പുറത്തു പോകാനുള്ള അവസരം എന്നാണ് പൊതുമാപ്പിന് മന്ത്രാലയം നല്‍കുന്ന വിശദീകരണം. മന്ത്രാലയത്തിന്റെ സെര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് വിഭാഗത്തിലാണ് സൗകര്യം ഉപയോഗപ്പെടുത്തുന്നവര്‍ ബന്ധപ്പെടേണ്ടത്.
ഇന്ത്യന്‍ എംബസിയില്‍ പൊതുമാപ്പുമായി ബന്ധപ്പെട്ട് ഔദ്യോഗിക തയാറെടുപ്പുകള്‍ ആരംഭിച്ചിട്ടില്ലെന്നാണ് വിവരം. വാരാന്ത്യ അവധിക്കുശേഷം ആരംഭിക്കാനാണ് സാധ്യതയെന്ന് എംബസി വൃത്തങ്ങള്‍ സൂചിപ്പിച്ചു. അതേസമയം, നിയമം ലംഘിച്ച് രാജ്യത്തു തങ്ങുന്നവര്‍ക്ക് രാജ്യത്തു നിന്നും പോകാന്‍ അവസരമുള്ളതിനാല്‍ കൂടുതല്‍ ഇന്ത്യക്കാര്‍ പോകാനുണ്ടാകില്ലെന്നാണ് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നത്. നിയമം ലംഘിച്ച് രാജ്യത്തു തങ്ങിയവരെ പിഴ ഈടാക്കാതെ സ്വദേശത്തേക്ക് കയറ്റി അയക്കുമ്പോള്‍ തുടര്‍ന്ന് രാജ്യത്തേക്ക് വരുന്നതിന് വിലക്ക് ഏര്‍പ്പെടുത്താറുണ്ട്.
2004 മാര്‍ച്ച് 21 മുതല്‍ ജൂണ്‍ 20 വരെ മൂന്നു മാസങ്ങളിലായി പ്രഖ്യാപിച്ച പൊതുമാപ്പ് വിവിധ രാജ്യക്കാരായ 6,000 പേരാണ് ഉപയോഗപ്പെടുത്തിയത്. തുടര്‍ന്ന് ഒരുമാസം കൂടി മാപ്പ് നീട്ടിക്കൊടുത്തത് ഉപയോഗിച്ചും സ്വന്തം നാടുകളിലേക്കു പോകാന്‍ കൂടുതല്‍ പേര്‍ രംഗത്തെത്തി. ഏഷ്യ, അറബ് രാജ്യങ്ങളില്‍നിന്നുള്ളവരായിരുന്നു ഭൂരിഭാഗവും. ഒരു ദിവസം 200 വരെ ആളുകള്‍ അന്ന് പൊതുമാപ്പ് സ്വീകരിക്കാനെത്തിയിരുന്നതായി ഗള്‍ഫ് ടൈംസ് പറയുന്നു.
സല്‍വ റോഡിലെ സെര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് വിഭാഗം ഓഫീസിനു മുന്നില്‍ അനധികൃത തൊഴിലാളികളുടെ നീണ്ട വരി പ്രത്യക്ഷപ്പെട്ടിരുന്നു. അന്ന് പൊതുമാപ്പ് ഉപയോഗിച്ച് നിയമവിധേയരായി നാട്ടിലേക്കു പോയവര്‍ക്ക് രണ്ടു വര്‍ഷത്തിനു ശേഷം രാജ്യത്തേക്ക് തിരിച്ചു വരാന്‍ സര്‍ക്കാര്‍ അനുമതി നല്‍യിരുന്നു. 2004ലെ പൊതുമാപ്പ് കാലത്ത് രാജ്യത്തെ ജനസംഖ്യ ഇപ്പോഴുള്ളതിനേക്കാള്‍ ആറര ലക്ഷം കുറവായിരുന്നു. ഈ വര്‍ഷം ഏപ്രിലിലെ കണക്കനുസരിച്ച് രാജ്യത്തെ ജനസംഖ്യ 25.6 ലക്ഷമാണ്.
സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയും കമ്പനി പൂട്ടിപ്പോയിട്ടും രാജ്യത്തു നിന്നു പുറത്തു പോകാന്‍ തയാറാകാതെയും ജോലി നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് മറ്റൊരു ജോലി പ്രതീക്ഷിച്ച് രാജ്യത്തു തന്നെ തുടര്‍ന്നുമൊക്കെയാണ് രാജ്യത്ത് അനധികൃതമായി താമസിക്കാര്‍ അധികപേരും കഴിയുന്നത്. അപൂര്‍വം ചിലര്‍ റിക്രൂട്ടിംഗ് ഏജന്റുമാര്‍ മുഖനേയോ സ്‌പോണ്‍സര്‍മാര്‍ മുഖനേയോ കബളിപ്പിക്കപ്പെട്ട് രേഖകള്‍ നഷ്ടപ്പെട്ടും തുടരുന്നു. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരല്ലാത്തെ താമസ കുടിയേറ്റ നിയമം ലംഘിച്ചവര്‍ക്കാണ് പൊതുമാപ്പ് ഉപയോഗപ്പെടുത്താന്‍ സാധിക്കുക.