Connect with us

Kozhikode

തെരുവ് നായ ശല്യം; കോഴിക്കോട് നഗരവും ഭീതിയില്‍

Published

|

Last Updated

കോഴിക്കോട്: തെരുവ് നായ്ക്കളുടെ ആക്രമങ്ങള്‍ സംസ്ഥാനത്ത് പെരുകിക്കൊണ്ടിരിക്കെ നഗരവാസികളും കടുത്ത ഭീതിയില്‍. ബീച്ച്, സരോവരം പ്രദേശം, എന്‍ ജി ഒ ക്വാര്‍ട്ടേഴ്‌സ്, പാളയം എന്നിവടങ്ങളിലെല്ലാം രാത്രി വഴിനടക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. ഏക്കര്‍ കണക്കിന് പരന്നു കിടക്കുന്ന വെള്ളിമാടുകുന്നിലെ എന്‍ ജി ഒ ക്വാര്‍ട്ടേഴ്‌സ് വളപ്പില്‍ നായ ശല്യം അതിരൂക്ഷമാണ്. പരിസരത്തെ കുറ്റിക്കാടുകളും പൊട്ടിപ്പൊളിഞ്ഞ ക്വാര്‍ട്ടേഴ്‌സുകളും നായ്ക്കളുടെ കേന്ദ്രമാണിപ്പോള്‍. രാവിലെ പ്രഭാത സവാരിക്കിറങ്ങുന്നവും പത്രവിതരണക്കാരുമെല്ലാം ഏറെ ഭയത്തിലാണ്. കുട്ടികളടക്കം നിരവധി പേര്‍ ഇതിനകം ആക്രമണത്തിനിരയായി. നായ്ക്കളെ കൊല്ലണമെന്നും വേണ്ടന്നുമുള്ള ചര്‍ച്ചകള്‍ തുടരാതെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
പുറക്കാട്ടിരി പാലോറ മലയില്‍ കഴിഞ്ഞ ദിവസങ്ങളിലായി അഞ്ച് പേര്‍ക്കാണ് നായ്ക്കളുടെ കടിയേറ്റത്. പാലോറ മല ബൈപാസ് ജംഗ്ഷനിലും സമീപ പ്രദേശങ്ങളിലും നായ്ക്കള്‍ ആളുകള്‍ക്ക് ഭീഷണിയാവുകയാണ്. നിരവധി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിക്കുന്ന വഴിയിലാണ് നായ ശല്യം രൂക്ഷമായത്.
തെരുവു നായ വന്ധ്യംകരണ പദ്ധതിക്കായുള്ള ആശുപത്രിയുടെ നിര്‍മാണം വൈകുന്നതില്‍ നഗരവാസികളില്‍ പ്രതിഷേധം ശക്തമാണ്. തെരുവ് നായ്ക്കളെ വന്ധ്യംകരിക്കാനും മറ്റ് മൃഗ ആരോഗ്യ പരിപാലനത്തിനുമായി പൂളക്കടവിലായിരുന്നു 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാധുനിക മൃഗാശുപത്രി പണിയാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ തദ്ദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പദ്ധതി വൈകുകയായിരുന്നു. തെരുവ് നായ്ക്കളെ കൂട്ടത്തോടെ എത്തിക്കുമെന്ന ആശങ്കയെത്തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയത്.
ശസ്ത്രക്രിയ നടത്തിയ ശേഷം നായ്ക്കളെ തിരിച്ചു കൊണ്ടുപോകുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും പ്രശ്‌നം അവസാനിച്ചില്ല. എന്നാല്‍ എന്ത് എതിര്‍പ്പുണ്ടായാലും പൊതുജാനാവശ്യം മുന്‍നിര്‍ത്തി ആശുപത്രിയുടെ പ്രവര്‍ത്തനവുമായി മുന്നോട്ട്‌പോകാനാണ് കോര്‍പറേഷന്‍ തീരുമാനം. മാര്‍ച്ചിനുള്ളില്‍ പൂളക്കടവിലെ ഹൈ ടെക് ആശുപത്രി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷയെന്ന് കോര്‍പറേഷന്‍ അധികൃതര്‍ പറഞ്ഞു. അതുവരെ പ്രശ്‌ന പരിഹാരത്തിന് വന്ധ്യംകരണ ക്യാമ്പുകള്‍ ആരംഭിക്കാനാണ് അധികൃതരുടെ തീരുമാനം. പക്ഷെ പട്ടിപിടിത്തക്കാരെ ലഭിക്കാനുള്ള ബുദ്ധിമുട്ടാണ് മറ്റൊരു പ്രശ്‌നം. വലിയ തുകയാണ് ഇവരെല്ലാം ആവശ്യപ്പെടുന്നത്. വെറ്ററിനറി സര്‍വ്വകലാശാലയിലെ ഡോക്ടര്‍മാര്‍ക്ക് ഒഴിവുള്ളപ്പോള്‍ മാത്രമാണ് ക്യാമ്പുകള്‍ നടത്താന്‍ സാധിക്കുകയുള്ളു. ഇതാണ് മറ്റൊരു വെല്ലുവിളി.
എന്നാല്‍ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും സംബന്ധിച്ച പതിവ് ന്യായങ്ങള്‍ നിരത്താതെ തെരുവ് നായ്ക്കളുടെ ഭീഷണി ഇല്ലാതാക്കുന്നതിന് ശക്തമായ നടപടി അധികൃതര്‍ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Latest