മനോജ് വധക്കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ബി ജെ പി

Posted on: August 26, 2016 2:59 pm | Last updated: August 26, 2016 at 2:59 pm

കോഴിക്കോട്: പയ്യോളി മനോജ് വധകേസ് അട്ടിമറിക്കാന്‍ സി പി എം ശ്രമിക്കുന്നുവെന്ന് ബി ജെ പി ജില്ലാപ്രസിഡന്റ് ടി പി ജയചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. വീട്ടില്‍ ടി വി കണ്ട ്‌കൊണ്ടിരുന്ന മനോജിനെ ഒരു സംഘം സി പി എം പ്രവര്‍ത്തകര്‍ വെട്ടികൊലപെടുത്തുകയായിരുന്നു.
കൊയിലാണ്ടിയിലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകനായിരുന്ന പയ്യോളി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനോദ് സി ബി ഐ അന്വേഷിക്കുന്ന ഈ കേസിലെ സാക്ഷികളെ മൊഴിമാറ്റാന്‍ ശ്രമിക്കുകയും അവരെ കളള കേസില്‍ കുടുക്കി വിശ്വാസ്യത ഇല്ലാതാകാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
നേരത്തെ ഈ കേസ് അന്വേഷിച്ചിരുന്ന ക്രൈം ബ്രാഞ്ച് ഓഫിസര്‍ സി ഐ വിനോദ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് കോടതിയില്‍ നേരിട്ട് ബോധിപ്പിച്ചിരുന്നു. എന്നിട്ടും സി ഐ വിനോദിനെ വീണ്ടും പയ്യോളിയിലേക്ക് സ്ഥലം മാറ്റിയത് കേസിലെ യഥാര്‍ത്ഥ പ്രതികള്‍ പുറത്ത് വരുമെന്ന് സര്‍ക്കാര്‍ ഭയന്നിട്ടാണ്. സി പി എമിന്റെ രാഷ്ട്രീയ ലക്ഷ്യത്തെ രാഷ്ട്രീയമായി തന്നെ നേരിടും. ബി,ജെ പി ദേശീയ സമ്മേളനം കഴിഞ്ഞാല്‍ ശക്തമായ പ്രേക്ഷാഭവുമായി മുന്നോട്ട് വരുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.