Connect with us

National

കാശ്മീരില്‍ പെല്ലറ്റ് തോക്കുകള്‍ക്കു പകരം ഇനി മുതല്‍ പാവ ഷെല്ലുകള്‍

Published

|

Last Updated

ന്യൂഡല്‍ഹി: കശ്മീരില്‍ പ്രക്ഷോഭകാരികളെ നേരിടാന്‍ ഇനി മുതല്‍ സുരക്ഷാസേന “പാവ ഷെല്ലുകള്‍” ഉപയോഗിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതിയുടെ ശിപാര്‍. ചിലെയില്‍ ഉപയോഗിക്കുന്ന വെടിക്കോപ്പാണ് പാവ ഷെല്ലുകള്‍. പെല്ലറ്റ് തോക്കുകളേപ്പോലെ ഇതു മാരകമല്ലെന്നും എന്നാല്‍ ജനക്കൂട്ടത്തെ നിര്‍വീര്യമാക്കാന്‍ പാവ ഷെല്ലുകള്‍ ഫലപ്രദമാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതി കണ്ടെത്തിയിട്ടുണ്ട്.

മുളകില്‍ എരിവുണ്ടാക്കുന്ന ഘടകത്തിന്റെ ജൈവമിശ്രിതത്തിന്റെ രാസനാമത്തിന്റെ ചുരുക്കെഴുത്താണ് “പാവ”. പുതുതായി വികസിപ്പിച്ച പാവ ഷെല്ലുകളുടെ പരീക്ഷണപ്രയോഗം വിദഗ്ധ സമിതി ഈ ആഴ്ച ആദ്യം നേരില്‍ കണ്ടശേഷമാണു ശുപാര്‍ശ നല്‍കിയത്. പാവ ഷെല്ലുകള്‍ കടുത്ത അസഹ്യത ഉണ്ടാക്കുമെങ്കിലും മാരകമല്ല. കണ്ണീര്‍വാതകത്തേക്കാളും കുരുമുളക് സ്‌പ്രേയെക്കാളും ഫലപ്രദവുമാണ്. ലക്‌നൗവിലെ സിഎസ്‌ഐആര്‍ ലാബില്‍ ഒരു വര്‍ഷമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടോക്‌സികോളജി റിസര്‍ച് ഈ പുതിയ “ആയുധ”വുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ നടത്തിവരികയായിരുന്നു.

കശ്മീര്‍ സംഘര്‍ഷങ്ങള്‍ തടയുന്നതിനു കേന്ദ്രസേന ഉപയോഗിക്കുന്ന പെല്ലറ്റ് തോക്കുകള്‍ മൂലം ഒട്ടേറെപ്പേര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. പെല്ലറ്റ് തിരയേറ്റ് ഒട്ടേറെപ്പേര്‍ക്കു മാരകമായി പരുക്കേറ്റതിനു പുറമേ നൂറുകണക്കിനാളുകള്‍ക്കു കാഴ്ചയും നഷ്ടമായി. ഈ സാഹചര്യത്തില്‍ പെല്ലറ്റ് തോക്കുകള്‍ക്കു ബദല്‍ മാര്‍ഗം കൊണ്ടുവരുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കിയിരുന്നു.
അതേസമയം സമിതി റിപ്പോര്‍ട്ടിന്മേല്‍ ആഭ്യന്തരമന്ത്രാലയം ഇതുവരെ തീരുമാനം എടുത്തിട്ടില്ല.