ബ്രാവോ ബാഴ്‌സ വിട്ടു; ഇനി സിറ്റിയില്‍

Posted on: August 26, 2016 10:50 am | Last updated: August 26, 2016 at 10:50 am
SHARE

_90917564_bravo2ലണ്ടന്‍: ബാഴ്‌സലോണയുടെ ചിലി ഗോള്‍കീപ്പര്‍ ക്ലോഡിയോ ബ്രാവോ മാഞ്ചസ്റ്റര്‍ സിറ്റിയില്‍. 33 വയസുള്ള ചിലി ഇന്റര്‍നാഷണലിനെ പതിനെട്ട് ദശലക്ഷം യൂറോയ്ക്കാണ് സിറ്റി സ്വന്തമാക്കിയത്. ബാഴ്‌സയുടെ മുന്‍ പരിശീലകന്‍ പെപ് ഗോര്‍ഡിയോള മാഞ്ചസ്റ്റര്‍ സിറ്റി കോച്ചായതിന്റെ തുടര്‍ച്ചയാണ് ഈ ട്രാന്‍സ്ഫര്‍. സിറ്റിയുടെ ഇംഗ്ലീഷ് ഗോള്‍ കീപ്പര്‍ ജോ ഹാര്‍ട്ട് ക്ലബ്ബ് വിടും.
ബാഴ്‌സലോണ ഹോളണ്ടിന്റെ ദേശീയ ഗോള്‍ കീപ്പര്‍ ജാസ്പര്‍ സിലിസെനെ ടീമിലെത്തിച്ചു. അയാക്‌സിന്റെ താരമായിരുന്നു സിലിസെന്‍.
2014 ലാണ് ബ്രാവോ ബാഴ്‌സലോണയിലെത്തുന്നത്. രണ്ട് ലാ ലിഗയും ഫിഫ ക്ലബ്ബ് ലോകകപ്പും ബാഴ്‌സലോണക്കൊപ്പം ബ്രാവോ നേടി. കഴിഞ്ഞ വര്‍ഷം യുവേഫ ചാമ്പ്യന്‍സ് ലീഗ് നേടിയ ബാഴ്‌സ ടീമിന്റെയും ഗോള്‍ വല കാത്തത് ബ്രാവോ ആയിരുന്നു. ബാഴ്‌സലോണയെ പോലൊരു മഹത്തായ ക്ലബ്ബ് വിടുക എന്നത് വിഷമമുള്ള കാര്യമാണ്. എന്നാല്‍, പെപ് ഗോര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കാകുമ്പോള്‍ ആ നഷ്ടം നികത്തപ്പെടും-ബ്രാവോ പറഞ്ഞു.
പെപ് ഗോര്‍ഡിയോള മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയതിന് ശേഷം ഗോളി ജോ ഹാര്‍ടിനെ ആദ്യ മൂന്ന് മത്സരങ്ങളില്‍ പുറത്തിരുത്തി നയം വ്യക്തമാക്കിയിരുന്നു. സ്വീപ്പര്‍-കീപ്പര്‍ റോള്‍ വഹിക്കാന്‍ മിടുക്കുള്ള ഗോളിയെയാണ് ഗോര്‍ഡിയോള ഉന്നം വെച്ചത്.
ജോ ഹാര്‍ട്ടിന്റെ പുതിയ ക്ലബ്ബ് ഏതെന്ന് വ്യക്തമല്ല. ബൊറൂസിയ ഡോട്മുണ്ട്, സെവിയ്യ ക്ലബ്ബുകള്‍ താത്പര്യം അറിയിച്ചിട്ടുണ്ട്. എന്നാല്‍, ജോ ഹാര്‍ട്ട് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ ഓഫര്‍ കാത്തിരിക്കുന്നു.