ശ്വാന സൗഹൃദ നഗരമാക്കാന്‍ നഗരസഭാ പദ്ധതി തയാറായി

Posted on: August 26, 2016 9:58 am | Last updated: August 26, 2016 at 9:58 am
SHARE

പാലക്കാട്: ജില്ലാപഞ്ചായത്തുമായി ചേര്‍ന്ന് നഗരത്തെ ശ്വാന സൗഹൃദനഗരമാക്കാന്‍ നഗരസഭാപദ്ധതി. 9.25 ലക്ഷം രൂപ പദ്ധതിക്കായി മാറ്റിവെക്കും.
നഗരത്തില്‍ നായശല്യം രൂക്ഷമായ സാഹചര്യത്തില്‍ എബിസി പദ്ധതി നിര്‍വഹണത്തെക്കുറിച്ച് നഗരസഭ കൗണ്‍സിലര്‍മാര്‍ക്ക് വെറ്ററിനറി സര്‍ജന്‍ എം ബിജു പ്രസാദ് ക്ലാസ്സെടുത്തു.
ഒരു തെരുവുനായയെ പിടിക്കാന്‍ 1200 രൂപയാണ് ചെലവ് കണക്കാക്കുന്നത്. ദിവസവും പത്ത് തെരുവുനായ്ക്കളെ വരെ വന്ധ്യംകരിക്കാനുള്ള സൗകര്യമാണ് ജില്ലാ മൃഗാശുപത്രിയില്‍ ഒരുക്കിയിരിക്കുന്നത്. രണ്ടോ മൂന്നോ വര്‍ഷങ്ങള്‍കൊണ്ടേ പദ്ധതി ഫലപ്രദമാവുകയുള്ളു.
തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തോടൊപ്പം പേവിഷ ബാധയ്ക്കുള്ള പ്രതിരോധ കുത്തിവെപ്പും നടത്തുന്നുണ്ട്. 13 ബ്ലോക്കുകളിലേക്കായി അഞ്ച് എബിസി ടീമുകളാണ് ഇപ്പോള്‍ നിലവിലുള്ളത്.
ഒരു എ ബി സി ടീമില്‍ രണ്ട് വെറ്ററിനറി സര്‍ജന്‍, നാല് നായപിടിത്തക്കാര്‍, ഒരു അറ്റന്‍ഡര്‍ എന്നിവരാണുള്ളത്. അശാസ്ത്രീയമായ മാലിന്യ നിര്‍മാര്‍ജനമാണ് തെരുവുനായ്ക്കളുടെ വംശവര്‍ധനക്കുള്ള പ്രധാന കാരണമെന്ന് എം ബിജു പ്രസാദ് പറഞ്ഞു.
50,000 രൂപ പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ മരുന്ന് വാങ്ങുന്നതിലേക്കായി മാറ്റിവച്ചിട്ടുണ്ടെന്ന് നഗരസഭചെയര്‍പേഴ്‌സണ്‍ അറിയിച്ചു. വല ഉപയോഗിച്ചാണ് തെരുവുനായ്ക്കളെ പിടിയ്ക്കുന്നത്. പ്രത്യേകം സജ്ജീകരിച്ച വാഹനങ്ങളില്‍ ഇവയെ കൊണ്ടുപോകും.
കണ്ണാടി പഞ്ചായത്തില്‍ നൂറോളം തെരുവുനായ്ക്കളെ പിടിച്ച് വന്ധ്യംകരിച്ചു. നായ്ക്കളെ പിടിച്ചുകഴിഞ്ഞാല്‍ ഷീറ്റ് ഫോമില്‍ പിടിച്ച സ്ഥലവും നായ്ക്കളുടെ നിറവും ടാഗ് നമ്പറുമെല്ലാം രേഖപ്പെടുത്തും.
വന്ധ്യംകരണത്തിനു ശേഷം അതേ സ്ഥലത്ത് കൊണ്ടുപോയി വിടും. വന്ധ്യംകരിച്ചവയുടെ ചെവിയില്‍ വി അടയാളത്തില്‍ മാര്‍ക്ക് ചെയ്യുന്നതിനാല്‍ തിരിച്ചറിയാന്‍ സഹായിക്കും.
ശസ്ത്രക്രിയയ്ക്കു ശേഷം മുറിവ് ഉണങ്ങുന്നതിന് സസൂക്ഷ്മം നിരീക്ഷിക്കുന്നതിനുമായി ഓരോ ശസ്ത്രക്രിയ കേന്ദ്രങ്ങളിലും പ്രത്യേകം സജ്ജീകരിച്ച കൂടുകളില്‍ ഇവയെ മൂന്ന് ദിവസം പാര്‍പ്പിക്കുന്നു. മുറിവ് ഉണങ്ങിയെന്ന് ഉറപ്പു വന്നതിനു ശേഷമാണ് തിരികെ വിടുക.
പദ്ധതിയിലൂടെ തെരുവുനായ്ക്കളുടെ വംശവര്‍ധന തടയാനാവും. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്യുന്നതിനായി കലക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മൃഗസംരക്ഷണ ഓഫീസര്‍ എന്നിവരുള്‍പ്പെട്ട മോണിറ്ററിങ് സമിതിയുമുണ്ട്. സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ ടി യു ഷാഹിനയും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here