പ്രളയത്തില്‍ കുടങ്ങിയ യുവതി ദുരന്ത നിവാരണ സേനയുടെ ബോട്ടില്‍ പ്രസവിച്ചു

Posted on: August 26, 2016 6:48 am | Last updated: August 26, 2016 at 12:50 am
SHARE

566842പാറ്റ്‌ന: വെള്ളപ്പൊക്കം രൂക്ഷമായ ബീഹാറില്‍ പ്രസവ വേദനയില്‍ പുളഞ്ഞ യുവതിക്ക് ദേശീയ ദുരന്ത നിവാരണ സേനയുടെ ബോട്ടില്‍ സുഖപ്രസവം. വൈശാലി ജില്ലയിലാണ് സംഭവം. ഭീര്‍പൂരില്‍ നിന്നുള്ള റോഷ്‌നി എന്ന യുവതിയാണ് ബോട്ടില്‍ പ്രസവിച്ചത്. ദുരന്ത നിവാരണ സേനയിലുണ്ടായിരുന്ന ഫാര്‍മസിസ്റ്റ് ജയശങ്കറാണ് യുവതിയെയും കുഞ്ഞിനെയും പരിചരിച്ചതെന്ന് ദേശീയ ദുരന്ത നിവാരണ സേനയുടെ ഒമ്പതാമത്തെ ബറ്റാലിയന്‍ കമാന്‍ഡന്റ് വിജയ് സിന്‍ഹ പറഞ്ഞു.
പ്രസവിച്ചയുടനെ യുവതിയെയും കുഞ്ഞിനെയും മന്‍ഹറിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ രണ്ട് പൂര്‍ണ ഗര്‍ഭിണികളെ കഴിഞ്ഞ ദിവസം സേന രക്ഷപ്പെടുത്തിയിരുന്നു. പാറ്റ്‌ന ജില്ലയിലെ ഗ്യാസ്പൂരില്‍ പ്രസവ വേദന കൊണ്ട് പുളഞ്ഞ യുവതിയെ ഭക്ത്യാപൂരിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു. സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി.
ഭോജ്പൂര്‍ ജില്ലയിലും സമാനമായ രീതിയില്‍ സംഭവമുണ്ടായതായി സേനാവൃത്തങ്ങള്‍ പറഞ്ഞു. ഇത്തരം ഘട്ടങ്ങളില്‍ അടിയന്തര സഹായം നല്‍കാനുള്ള പരിശീലനം ദേശീയ ദുരന്ത നിവാരണ സേനക്ക് നല്‍കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഉത്തര്‍ പ്രദേശിലുണ്ടായ വെള്ളപ്പൊക്കത്തില്‍ സേനയുടെ സഹായം ലഭിച്ച് പ്രസവിച്ച കുഞ്ഞിന് ആദര സൂചകമായി എന്‍ ഡി ആര്‍ എഫ് സിംഗ് എന്ന് പേരിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here