Connect with us

Kerala

കൈകൂലി വാങ്ങിയ എന്‍ജിനീയര്‍ക്ക് രണ്ട് വര്‍ഷം കഠിന തടവ്‌

Published

|

Last Updated

കോഴിക്കോട്: നിര്‍മാണ പ്രവൃത്തിയുടെ ബില്‍ പാസ്സാക്കി നല്‍കുന്നതിന് കൈകൂലി വാങ്ങിയ എന്‍ജിനീയര്‍ക്ക് രണ്ട് വര്‍ഷം കഠിന തടവ്. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയറായിരുന്ന തിരുവനന്തപുരം കാഞ്ഞിരപ്പാറ “സംഗമ”ത്തില്‍ കെ കണ്ണപ്പ (63) നെയാണ് കോഴിക്കോട് വിജിലന്‍സ് പ്രത്യേക ജഡ്ജി വി പ്രകാശ് ശിക്ഷിച്ചത്. സി പി എം കക്കോടി മുന്‍ ലോക്കല്‍ സെക്രട്ടറി ഗോകുല്‍ദാസില്‍ നിന്ന് ആയിരം രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് ശിക്ഷ.
അഴിമിതി നിരോധന നിയമം സെക്ഷന്‍ ഏഴ് പ്രകാരം ഒരു വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയും സെക്ഷന്‍ 13 (1 ഡി) പ്രകാരം രണ്ട് വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. ശിക്ഷ രണ്ട് വര്‍ഷമായി ഒന്നിച്ച് അനുഭവിച്ചാല്‍ മതി. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം വീതം അധിക കഠിന തടവ് അനുഭവിക്കണം.
2005 മാര്‍ച്ച് 31നാണ് കേസിനാസ്പദമായ സംഭവം. കക്കോടി പഞ്ചായത്ത് അത്താഴക്കുന്ന് സാമൂഹിക ജലസേചന പദ്ധതിയുടെ ഫൈനല്‍ ബില്ല് പാസാക്കുന്നതിനാണ് ആയിരം രൂപ കൈകൂലി ചോദിച്ചത്. വിജിലന്‍സ് നല്‍കിയ പണം കോഴിക്കോട് നളന്ദ ഹോട്ടലിലെ 201-ാം നമ്പര്‍ മുറിയില്‍ വെച്ച് ഗോകുല്‍ദാസ് കണ്ണപ്പന് കൈമാറി. പെട്ടന്ന് സ്ഥലത്തെത്തിയ വിജിലന്‍സ് കൈയോടെ പിടികൂടുകയായിരുന്നു. വിജിലന്‍സ് ഡി വൈ എസ് പിയായിരുന്ന സി എം പ്രദീപ്കുമാറും സംഘവും കണ്ണപ്പന്‍ ഉടുത്തിരുന്ന മുണ്ടിന്റെ അരക്കെട്ടില്‍ നിന്നാണ് ഫിനോഫ്ത്തലിന്‍ വിതറിയിരുന്ന പണം പിടികൂടിയത്. ഈ സമയം ഹോട്ടല്‍ മുറിയില്‍ കോഴിക്കോട്, ചേളന്നൂര്‍ ബ്ലോക്കുക്കിലെ വിവിധ പ്രവൃത്തി ഫയലുകളും ഇത് പാസാക്കി ലഭിക്കുന്നതിന് വിവിധ കരാറുകാരും ഉണ്ടായിരുന്നതായി വിജിലന്‍സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2007 ജൂലായ് 31ന് വിജിലന്‍സ് ഡി വൈ എസ് പി ടി ആര്‍ രാജ്‌മോഹന്‍ നായരാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
കേസിന്റെ വിചാരണ വേളയില്‍ പരാതിക്കാരനായ ഗോകുല്‍ദാസും എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ രാധാകൃഷ്ണനും ഉള്‍പ്പെടെ ഒമ്പത് സാക്ഷികള്‍ കൂറുമാറിയിരുന്നു. മൊത്തം 21 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ലീഗല്‍ അഡൈ്വസര്‍ ഒ ശശി ഹാജരായി.

Latest