സര്‍ക്കാറിനെതിരെ പ്രക്ഷോഭം നടത്തും: യൂത്ത് കോണ്‍ഗ്രസ്

Posted on: August 26, 2016 6:02 am | Last updated: August 26, 2016 at 12:43 am
SHARE

കോഴിക്കോട്: ജനദ്രോഹ നടപടികളില്‍ റെക്കോര്‍ഡിട്ട സംസ്ഥാന സര്‍ക്കാറിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. അടുത്തമാസം ഒന്നിന് സെക്രട്ടേറിയറ്റ് പടിക്കല്‍ ധര്‍ണ സംഘടിപ്പിക്കും. ഓണക്കാലത്ത് നന്മ സ്‌റ്റോറുകള്‍ അടച്ചുപൂട്ടി സര്‍ക്കാര്‍ വിലക്കയറ്റം ക്ഷണിച്ചു വരുത്തുകയാണ്. അധികാരത്തിലേറി നൂറ് ദിവസത്തിനിടയില്‍ ഫാസിസ്റ്റ് നടപടികള്‍ മാത്രമാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. സര്‍ക്കാറിന്റെ ഇത്തരം നയങ്ങള്‍ക്കെതിരെയാണ് യൂത്ത്‌കോണ്‍ഗ്രസ് പ്രക്ഷോഭമെന്നും ഡീന്‍ പറഞ്ഞു.
സാധാരണക്കാര്‍ക്ക് ഏറ്റവും ചുരുങ്ങിയ വിലക്ക് നിത്യോപയോഗ സാധനങ്ങള്‍ നല്‍കിയ നൂറിലതികം നന്മ സ്‌റ്റോറുകളാണ് രാഷ്ട്രീയ താത്പര്യം മുന്‍നിര്‍ത്തി പൂട്ടുന്നത്. ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ട് തീരുവോണത്തിന് പട്ടിണിക്കിടാനുള്ള തീരുമാനം കണ്‍സ്യൂമര്‍ ഫെഡ് നടപ്പാക്കുക വഴി പിണറായി സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ മുഖമാണ് പുറത്തുവരുന്നത്. ഇന്ത്യന്‍ കോഫീ ഹൗസ് എന്ന സഹകരണ സ്ഥാപനം തുടങ്ങിയ എ കെ ജിയുടെ അനുയായികളാണ് തിരുവോണനാളില്‍ തൊഴിലാളികളെ തെരുവിലേക്ക് ഇറക്കിവിടുന്നത്. സ്ഥാപനം നഷ്ടത്തിലെന്ന് പറഞ്ഞ് ഓണ്‍ലൈന്‍ മുഖാന്തരം മദ്യം വിറ്റ് ലാഭം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ ആരുടെ താത്പര്യമാണ് സംരക്ഷിക്കുന്നതെന്ന് വ്യക്തമാക്കണം. നഷ്ടത്തിലായ സഹകരണ സ്ഥാപനങ്ങള്‍ മുഴുവന്‍ അടച്ചുപൂട്ടുമെങ്കില്‍ ആദ്യം പൂട്ടേണ്ടത് സി പി എം നിയന്ത്രണത്തിലുള്ള റബ്‌കോയാണ്. റബ്‌കോ മൂലം നഷ്ടമുണ്ടായത് അവര്‍ക്ക് മാത്രമല്ല, റബ്‌കോ കടം വാങ്ങിയ മറ്റു സ്ഥാപനങ്ങള്‍ക്കുമാണെന്നും ഡീന്‍ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here