മൂന്ന് വയസ്സുകാരന് സര്‍ക്കാര്‍ ധനസഹായം മുടങ്ങി

Posted on: August 26, 2016 6:00 am | Last updated: August 26, 2016 at 12:38 am

chn devanandകോതമംഗലം: തെരുവ് നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസ്സുകാരന്‍ ദേവാനന്ദിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച തുടര്‍ ചികിത്സാ സഹായം മുടങ്ങി. പണമില്ലാതെ മാതാപിതാക്കള്‍ വലയുന്നു. ഒരു വര്‍ഷം മുമ്പ് വരാന്തയില്‍ കളിച്ചു കൊണ്ടിരിക്കെയാണ് കോതമംഗലം തൃക്കാരിയൂര്‍ സ്വദേശി തൃക്കാരക്കുടിയില്‍ രവീന്ദ്രന്‍, അമ്പിളി ദമ്പതികളുടെ ഇളയ മകന്‍ ദേവാനന്ദിന് തെരുവ് നായയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക് പറ്റിയത്. തുടര്‍ന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ മാസങ്ങളോളം ചികിത്സ നല്‍കി. അക്രമണത്തില്‍ രണ്ട് കണ്‍പോളകള്‍ക്കും കണ്‍തടത്തിനും കണ്ണൂനീര്‍ നാളിക്കും മൂക്കിനും, ചുണ്ടിനും മാരകമായി മുറിവേറ്റിരൂന്നു. ഇതില്‍ കണ്‍പോളകള്‍ക്കും, കണ്ണ് നീര്‍ ഗ്രന്ഥിക്കും ശസ്ത്രക്രിയനടത്തിയിരുന്നെങ്കിലും പൂര്‍ണമായി സുഖം പ്രാപിക്കാന്‍ ഇനിയും ശാസ്ത്രക്രിയ വേണ്ടി വരുമെന്നാണ് അന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത്. അന്നത്തെ ചികിത്സക്കുള്ള സഹായം സര്‍ക്കാര്‍ നല്‍കിയിരുന്നെങ്കിലും തുടര്‍ ചികിത്സക്കുള്ള സഹായം ലഭിക്കാത്തത് മൂലം ചികിത്സ മുടങ്ങിയിരിക്കുകയാണ്.
നീര്‍ക്കെട്ടും മറ്റ് അസ്വസ്ഥതകളും പ്രകടിപ്പിക്കുന്ന കുട്ടിയെ തുടരെ തുടരെ ആശുപത്രിയില്‍ കൊണ്ടു പോകേണ്ട അവസ്ഥയിലാണ്.
ഇതിന് വരുന്ന സാമ്പത്തീക ചെലവ് ഈ നിര്‍ധന കുടുംമ്പത്തിന് താങ്ങാവുന്നതിനും അപ്പുറത്താണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ചികിത്സാ സഹായം എത്രയും വേഗം ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം.