കൊളംബിയ സമാധാനത്തിലേക്ക്

Posted on: August 26, 2016 6:00 am | Last updated: August 26, 2016 at 12:05 am
ഫാര്‍ക് പ്രതിനിധി ഇവാന്‍ മാര്‍ക്യൂസും (ഇടത്) സര്‍ക്കാര്‍ പ്രതിനിധി  ഹംബര്‍ടോ ഡി ലായും (വലത്) ക്യൂബ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗ്യൂസിന്റെ സാന്നിധ്യത്തില്‍ ഹസ്തദാനം നല്‍കുന്നു
ഫാര്‍ക് പ്രതിനിധി ഇവാന്‍ മാര്‍ക്യൂസും (ഇടത്) സര്‍ക്കാര്‍ പ്രതിനിധി
ഹംബര്‍ടോ ഡി ലായും (വലത്) ക്യൂബ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗ്യൂസിന്റെ സാന്നിധ്യത്തില്‍ ഹസ്തദാനം നല്‍കുന്നു

ഹവാന/ബെഗോട്ട: ഫാര്‍ക്ക് വിമത ഗ്രൂപ്പും കൊളംബിയന്‍ സര്‍ക്കാറും ചരിത്രപരമായ ധാരണയില്‍. ഇതോടെ അഞ്ച് പതിറ്റാണ്ട് നീണ്ട പോരാട്ടത്തിനാണ് അന്ത്യം കുറിക്കുന്നത്. ക്യൂബയുടെ മാധ്യസ്ഥ്യത്തില്‍ നടന്ന ചര്‍ച്ചക്കൊടുവില്‍ ഇരുപക്ഷവും നിര്‍ണായകമായ ധാരണയിലെത്തുകയായിരുന്നു. കരാറില്‍ ഒക്‌ടോബര്‍ രണ്ടിന് ഹിത പരിശോധന നടക്കും. ഇതിന് ശേഷമായിരിക്കും അന്തിമ കരാറില്‍ ഒപ്പുവെക്കുക. ആയിരക്കണക്കിന് മനുഷ്യര്‍ മരിച്ചു വീണ ആഭ്യന്തര കലഹത്തിന് അറുതിയാകുന്നത് മേഖലയിലയുടെയാകെ സമാധാനത്തിലേക്കുള്ള നിര്‍ണായകമായ ചുവടുവെപ്പാണ്.
കഴിഞ്ഞ നാല് വര്‍ഷമായി ക്യൂബയുടെ മാധ്യസ്ഥ്യത്തില്‍ നടന്നു വരുന്ന ചര്‍ച്ചക്ക് വിജയകരമായി പരിസമാപ്തിയായതായി ഇരുപക്ഷവും പ്രഖ്യാപിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ഫാര്‍ക് തീവ്രവാദികള്‍ ആയുധം താഴെ വെച്ച് സര്‍ക്കാറുമായി സഹകരിക്കും. പ്രഖ്യാപനം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വായിച്ചത് ക്യൂബന്‍ നയതന്ത്രജ്ഞന്‍ റുഡോള്‍ഫ് ബെനിറ്റസ് ആണ്. ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ചകള്‍. രാജ്യത്തിന്റെ ഭാവിക്കായി പൗരന്‍മാര്‍ എന്നെങ്കിലുമൊരിക്കല്‍ കൈകോര്‍ക്കുമെന്നതിന്റെ തെളിവാണ് ഈ കരാറെന്നും 2014ലെ തിരഞ്ഞെടുപ്പില്‍ താന്‍ നല്‍കിയ വാഗ്ദാനം പാലിച്ചിരിക്കുന്നുവെന്നും പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്റോസ് പറഞ്ഞു.
ഏറ്റവും മനോഹരമായ യുദ്ധം ജയിച്ചിരിക്കുന്നുവെന്നാണ് ഫാര്‍ക്ക് പ്രതിനിധി ഇവാന്‍ മാര്‍കേസ് പറഞ്ഞത്. ആയുധം കൊണ്ടുള്ള യുദ്ധം അവസാനിച്ചിരിക്കുന്നു. ഇനി ആശയസംവാദത്തിന്റെ കാലമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ജൂണില്‍ ഇരുപക്ഷവും വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പു വെച്ചിരുന്നു.
കലാപത്തിന്റെ ഇരകള്‍ക്ക് നഷ്ടപരിഹാരം, ഭൂപരിഷ്‌കരണം, മുന്‍ വിമതര്‍ക്ക് രാഷ്ട്രീയ പങ്കാളിത്തം, മയക്കു മരുന്ന് ലോബിക്കെതിരെ പോരാട്ടം, നിരായുധീകരണം, കരാര്‍ നടപ്പാകുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ സംവിധാനം എന്നിവയടക്കം ആറിന നിര്‍ദേശങ്ങളാണ് കരാറിലുള്ളത്. കാടുകളിലും പര്‍വതങ്ങളിലും ഒളിച്ചു കഴിയുന്ന 7000ത്തോളം വരുന്ന ഫാര്‍ക് ഗറില്ലാ തീവ്രവാദികള്‍ യു എന്‍ നോതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന നിരായുധീകരണ ക്യാമ്പുകളില്‍ എത്തും. ആയുധങ്ങള്‍ ഉരുക്കി മൂന്ന് സ്മാരകങ്ങള്‍ പണിയും. ഫാര്‍ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയായി മാറുകയും ചെയ്യും. വിമതര്‍ക്കെതിരായ കുറ്റങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക കോടതി രൂപവത്കരിക്കും. ഗുരുതരമല്ലാത്ത കുറ്റങ്ങള്‍ക്ക് പൊതുമാപ്പ് നല്‍കും. എന്നാല്‍ ക്രൂരമായ അതിക്രമങ്ങള്‍ ഈ പരിധിയില്‍ വരില്ല.
കൊളംബിയക്കാര്‍ പൊതുവേ സമാധാന കരാറിനെ പിന്തുണക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ഫാര്‍ക്ക് തീവ്രവാദികളെ സൈനികമായി തന്നെയാണ് നേരിടേണ്ടതെന്ന നിലപാടുള്ളവര്‍ രാജ്യത്തുണ്ട്. ഇവര്‍ എന്ത് നിലപാടെടുക്കുമെന്നത് പ്രധാനമാണ്.