Connect with us

Articles

ചരിത്രത്തിന്റെ ഓര്‍മപ്പെടുത്തലുകള്‍

Published

|

Last Updated

നമ്മളെല്ലാം ചരിത്രവും, ലോക സംഭവവികാസങ്ങളും ജാഗ്രതാപൂര്‍ണമായി പഠിക്കുകയും വിലയിരുത്തുകയും ചെയ്യുന്നവരാണ്. കാരണം ഇന്നലെകളുടെ ചരിത്രവും, അത് നല്‍കുന്ന പാഠങ്ങളും ഉള്‍ക്കൊണ്ടുകൊണ്ട് മാത്രമേ നമുക്ക് ഇന്നിന്റെ പ്രശ്‌നങ്ങള്‍ വിലയിരുത്താനാവൂ. അത്തരമൊരു വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ മാത്രമേ നമുക്ക് നാളെയുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും, അവയെ നേരിടാനുമുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാനും കഴിയൂ. അതുകൊണ്ട് ചരിത്രത്തിന്റെ ഓര്‍മപ്പെടുത്തലുകള്‍ നമുക്കെന്നും പാഠങ്ങളാണ്. ആ പാഠങ്ങള്‍ ഗൗരവതരമായി ഉത്തരവാദിത്വപ്പെട്ട ഇടതുപക്ഷ യുവജന പ്രസ്ഥാനങ്ങള്‍ ഉള്‍ക്കൊള്ളുന്നു എന്നത് പ്രതീക്ഷാനിര്‍ഭരമാണ്.
ഫാസിസ്റ്റ് തത്വശാസ്ത്രത്തിന്റെ എല്ലാ ഭീകരതയും ആടിത്തിമിര്‍ത്ത കാലമായിരുന്നുവല്ലോ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതി. ഇറ്റലിയിലെ മുസ്സോളനിയും, ജര്‍മനിയിലെ ഹിറ്റ്‌ലറും ഫാസിസത്തിന്റെ കൊടിക്കൂറയില്‍ അഭിരമിച്ചവരായിരുന്നു. അതിലൂടെ ലോകം സാക്ഷിയാകേണ്ടിവന്ന ക്രൂരതകളും ഭീകരതകളും നമ്മുടെ മുന്നിലുണ്ട്. വിശ്രുത മാര്‍ക്‌സിയന്‍ ദാര്‍ശനികനായിരുന്ന അന്റോണിയോ ഗ്രാംഷിക്ക് മുസ്സോളനിയില്‍ നിന്ന് നേരിടേണ്ടി വന്ന പീഡനങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ജര്‍മനിയില്‍ വംശീയ മഹിമയുടെ പേരില്‍ ഹിറ്റ്‌ലര്‍ നടത്തിയ കൂട്ടക്കുരുതിയും ചരിത്രത്തിലെ ഞെട്ടിക്കുന്ന അധ്യായമാണ്. അന്ന് ഹിറ്റ്‌ലര്‍ അഴിച്ചുവിട്ട ഭീകരതക്ക് അറുതിവരുത്താന്‍ കഴിഞ്ഞത് മഹത്തായ സോവിയറ്റ് യൂണിയന്റെ ശക്തമായ സാന്നിദ്ധ്യമായിരുന്നു എന്നു നമുക്കറിയാം. ചരിത്രത്തിലെ ഏറ്റവും വലിയ രണ്ട് ഫാസിസ്റ്റുകളുടെ കഥ ഞാന്‍ ഓര്‍മിപ്പിച്ചത്, ഫാസിസം മനുഷ്യനും, മാനവികതക്കും മേല്‍ വാരി വിതറുന്ന മഹാമാരിയുടെ ഭീകരത എത്രമാത്രമാണെന്ന് ഓര്‍മിപ്പിക്കാന്‍ വേണ്ടിയാണ്.
നമ്മുടേത് ജനാധിപത്യ രാജ്യമാണ്. ജനാധിപത്യത്തിന്റെ കാതലായ ഘടകങ്ങളിലൊന്നാണ് മതനിരപേക്ഷത. ഇന്ത്യയെ പോലുള്ള ഒരു രാജ്യത്ത് മതനിരപേക്ഷതക്ക് ഏറെ പ്രസക്തിയുണ്ട്. കാരണം, യൂറോപ്പിലെയോ, ഏഷ്യയിലെ തന്നെ മറ്റ് രാജ്യങ്ങളിലെയോ സാമൂഹിക സാഹചര്യങ്ങള്‍ക്ക് വിരുദ്ധമായി, നിരവധി മതങ്ങളുടെയും, ഒരു മതത്തിലെ തന്നെ നിരവധി ജാതികളുടെയും, ഓരോ ജാതിയിലെയും നിരവധി ഉപജാതികളുടെയും പ്രവര്‍ത്തനങ്ങള്‍ കൊണ്ട് അത്യധികം സങ്കീര്‍ണമാണ് ഇന്ത്യയിലെ സാമൂഹിക ഘടന. വിവിധ മത-ജാതി- ഉപജാതി വിഭാഗങ്ങള്‍ക്കെല്ലാം തികച്ചും വ്യത്യസ്തങ്ങളായ ആചാരങ്ങളും, അനുഷ്ഠാനങ്ങളും, ഭക്ഷണ-വസ്ത്രധാരണ രീതികളും ജീവിത രീതികളുമൊക്കെയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യന്‍ ജനതയെ ഒരുമിപ്പിച്ച് കൊണ്ടുപോകുന്നതിന് സാമൂഹ്യജീവിതത്തിന്റെ സര്‍വ്വ മണ്ഡലങ്ങളിലും മതനിരപേക്ഷത പുലര്‍ത്തേണ്ടത് അനിവാര്യമാണ്.
എന്നാല്‍ അത്തരം മതനിരപേക്ഷതയുടെ മൂല്യങ്ങള്‍ അപകടകരമായ നിലയില്‍ വെല്ലുവിളിക്കപ്പെടുന്നു എന്നത് വര്‍ത്തമാനകാലത്ത് ഏതൊരു ജനാധിപത്യവാദിയെയും ആശങ്കപ്പെടുത്തുകയും, രോഷം കൊള്ളിക്കുകയും ചെയ്യേണ്ടതുണ്ട്.
മതനിരപേക്ഷതയുടെ സ്ഥാനത്ത് ഇന്ന് രാജ്യം ഭരിക്കുന്ന ബി.ജെ.പി മുന്നോട്ടുവെക്കുന്നത് തീവ്രഹിന്ദുത്വത്തിന്റെ ആശയങ്ങളാണ്. ഹിന്ദുത്വത്തെത്തന്നെ വക്രീകരിച്ച് രാഷ്ട്രീയ മുതലെടുപ്പു നടത്താനാണ് അവരുടെ ശ്രമം. ഹിന്ദുത്വത്തിന്റെ ആശയത്തെയും അടയാളത്തെയും പറ്റി വ്യാജമായ ബോധങ്ങള്‍ സൃഷ്ടിച്ച്, അതിന്റെ പേരില്‍ ഭീകരത അഴിച്ചുവിടുകയാണ്. മതനിരപേക്ഷത എന്ന വിശാലമായ കാഴ്ചപ്പാടിന് അപകടകരമായ ഭീഷണി ഉയര്‍ത്തുകയാണ്. വൈവിധ്യങ്ങളുടെ ഇന്ത്യയെ ഏകശിലാരൂപമാക്കുക എന്നതാണത്. ഇത് തികച്ചും അപകടകരമായ സ്ഥിതിയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കും. നരേന്ദ്രമോദിയുടെയും ബിജെപിയുടെയും പൂര്‍ണമായും നിയന്ത്രണം ആര്‍.എസ്.എസിന്റെ കൈകളിലാണെന്ന് നമുക്കറിയാം. ആര്‍ എസ് എസിന്റെ തീട്ടൂരങ്ങള്‍ ഭരണരംഗങ്ങളില്‍ നടപ്പാക്കാനുളള തത്രപ്പാട് നരേന്ദ്രമോദി കാട്ടുന്നുമുണ്ട്. ആര്‍.എസ്.എസ് ആകട്ടെ ഹിന്ദുത്വത്തില്‍ ഊന്നിയുളള വര്‍ഗീയവാദത്തിന്റെ തത്വശാസ്ത്രം എല്ലാ മേഖലകളിലും വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളിലുമാണ്. അതാകട്ടെ കേവലമായ വര്‍ഗീയവാദത്തിനപ്പുറം, വര്‍ഗീയ ഫാസിസത്തിന്റെ രീതിശാസ്ത്രം അവലംബിക്കുകയും ചെയ്യുന്നു എന്നതാണ് ഗൗരവതരമായ വെല്ലുവിളി.
ചരിത്രത്തിലേക്ക് നാമൊന്ന് കണ്ണോടിച്ചാ ആര്‍.എസ്.എസിന് ഫാസിസവുമായുള്ള ചങ്ങാത്തത്തിന്റെ കൊടുക്കല്‍ വാങ്ങലുകള്‍ കണ്ടെത്താന്‍ കഴിയും. ആര്‍.എസ്.എസ് സ്ഥാപകന്‍ ഹെഡ്‌ഗെവാര്‍ തന്റെ ഉറ്റ അനുയായികളില്‍ ഒരാളെ ഇറ്റലിയിലേക്ക് അയക്കുന്നുണ്ട്. ഇറ്റലിയിലെ അര്‍ദ്ധ ഫാസിസ്റ്റ് പരിശീലനകേന്ദ്രം സന്ദര്‍ശിച്ച് തിരിച്ച് ഇന്ത്യയി വന്ന അദ്ദേഹം, സമാനമായ ഒരു അര്‍ദ്ധ ഫാസിസ്റ്റ് പരിശീലന കേന്ദ്രം ആര്‍.എസ്.എസിന്റെ ആഭിമുഖ്യത്തില്‍ ഇവിടെയും സ്ഥാപിക്കണമെന്നാണ് നിര്‍ദ്ദേശിച്ചത്. ഇതിനോട് ഹെഡ്‌ഗെവാറും യോജിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് ആര്‍.എസ്.എസിനെ മുസ്സോളിനിയുടെ ഫാസിസ്റ്റ് സംഘടനയുടെ മാതൃകയില്‍ വാര്‍ത്തെടുക്കാനാണ് ലക്ഷ്യമിട്ടത്. 1925ല്‍ ആര്‍ എസ് എസിന് രൂപം കൊടുക്കുന്ന ഘട്ടത്തില്‍ തന്നെ ഉണ്ടായിരുന്ന പദ്ധതിയാണിത്.
ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ വംശശുദ്ധിയുടെ പേരുപറഞ്ഞാണ് ലക്ഷക്കണക്കിന് ജൂതന്മാരെ വിഷവാതക ചേംബറുകളില്‍ ശ്വാസംമുട്ടിച്ച് കൊല്ലാക്കൊല ചെയ്തത്. ഹിറ്റ്‌ലര്‍ ആവിഷ്‌കരിച്ച വംശശുദ്ധി സിദ്ധാന്തം ഇന്ത്യയിലും നടപ്പാക്കുക എന്നതാണ് ആര്‍ എസ് എസിന്റെ പദ്ധതി. ഇതിന് അവര്‍ നല്‍കിയിരിക്കുന്ന ഓമനപ്പേരാണ് സാംസ്‌കാരിക ദേശീയത. അതിലൂടെ മറ്റ് മതങ്ങളെയും അതിന്റെ അനുയായികളെയും തകര്‍ക്കുക എന്ന ലക്ഷ്യമാണ് അവര്‍ക്കുള്ളത്.
ഈയൊരു സിദ്ധാന്തത്തിന്റെ ഭീകരരൂപമാണ് നരേന്ദ്രമോദി ഭരണം കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ഒരു വ്യാഴവട്ടത്തിനുമുമ്പ് ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരിക്കെ മോദി വിജയകരമായി പരീക്ഷിച്ചതായിരുന്നു ഈ വംശശുദ്ധി സിദ്ധാന്തം. ഇസ്‌ലാംമതത്തില്‍പ്പെട്ടവരെ വംശഹത്യ നടത്തിക്കൊണ്ട് തങ്ങളുടെ വംശശുദ്ധി സംരക്ഷിക്കുകയെന്ന ഫാസിസ്റ്റ് സമീപനമായിരുന്നു അന്ന് മോദി പരീക്ഷിച്ചത്. അതിന്റെ ഈടുവയ്പ്പില്‍ വംശ ഹത്യയുടെ പുത്തന്‍ പാഠങ്ങള്‍ പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് മോദിയും കൂട്ടരും. പോത്തിറച്ചി ഭക്ഷിക്കുന്നവര്‍ക്ക് പാക്കിസ്ഥാനിലേക്കു പോകാമെന്നു പറയുന്നതിന്റെ പൊരുള്‍ ഇതാണ്.
ദാദ്രിയില്‍ പശുവിന്റെ പേരില്‍ ഒരു അഖ്‌ലക്കിനെയാണ് ഇക്കൂട്ടര്‍ തല്ലിക്കൊന്നതെങ്കില്‍, ഉഡുപ്പിയി ബി ജെ പിക്കാരന്‍ തന്നെയായ പ്രവീണ്‍ പൂജാരിയെയാണ് വധിച്ചത്. കാശ്മീരിലെ ഉധംപൂരി കന്നുകാലികളെ കൊണ്ടുപോയി എന്ന പേരു പറഞ്ഞാണ് സഹീദ് അഹമ്മദ് ഭട്ട് എന്ന യുവാവിനെ ബോംബെറിഞ്ഞു കൊന്നത്. ഇതേ കുറ്റത്തിന് ഝാര്‍ഖണ്ഡിലെ മജ്‌ലൂം അന്‍സാരി എന്ന യുവാവിനെയും, തിയാസ് ഖാന്‍ എന്ന പന്ത്രണ്ടുകാരനെയും കെട്ടിത്തൂക്കി കൊലപ്പെടുത്തി. ഹരിയാനയി നാലു മാസവും രണ്ടര വയസ്സും പ്രായമുള്ള രണ്ടു ദളിത് കുഞ്ഞുങ്ങളെ കുടിലിനു തീവച്ചു ചുട്ടുകൊന്നതും സംഘപരിവാറിന്റെ ഫാസിസ്റ്റ് കൂട്ടമാണ്.
ഞാന്‍ കുറെ നാളുകളായി സംഘപരിവാറിനോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. പശു നിങ്ങള്‍ക്കു മാതാവാണെങ്കില്‍ , പശുവിന്റെ ഇണയായ കാള അച്ഛനാണോ എന്ന്. വളരെ ലളിതമായ ഈ ചോദ്യത്തിന് ഇതേവരെ സംഘപരിവാര്‍കാരാരും യുക്തിസഹമായ മറുപടി പറഞ്ഞിട്ടില്ല. സംഘികളുടേത് തങ്ങളുടെ തത്വശാസ്ത്രത്തിനെതിരെ ശബ്ദിക്കുന്നവരെ മുഴുവന്‍ കൊന്നൊടുക്കുമെന്ന നിലപാടാണ്. എത്രയോ പ്രതിഭാശാലികളെയാണ് കല്‍ബുര്‍ഗി, മഹാരാഷ്ട്രയിലെ ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധാബോ ക്കര്‍- സംഘപരിവാറിന്റെ ഫാസിസ്റ്റ് രീതികള്‍ക്കെതിരെ പ്രതികരിച്ചതിന്റെ പേരിലാണ് ഇവരെയെല്ലാം ഭീകരമായി കൊന്നത്.
ചരിത്രത്തെതന്നെ തലകുത്തി നിര്‍ത്താനുള്ള ശ്രമങ്ങളും ഇതിന്റെ ഭാഗമാണ്. ഗാന്ധിജിയെ പിന്നിലേക്ക് തള്ളിയിട്ട്, ഗാന്ധി ഘാതകനായ ഗോഡ്‌സെയെ പൂജിക്കുന്നു. ഗോഡ്‌സെയുടെ പേരില്‍ അമ്പലങ്ങള്‍ പോലും ഉണ്ടാക്കുന്നു. ബി.ജെ.പി ഭരിക്കുന്ന പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും റോഡുകള്‍ക്കും, പാലങ്ങള്‍ക്കും ഗോഡ്‌സെയുടെ പേര് ന കുന്നു. ഗോഡ്‌സെയെ മഹത്വവത്കരിച്ചു കൊണ്ട് ചലച്ചിത്രങ്ങള്‍ വരെ നിര്‍മിച്ചുകൊണ്ടിരിക്കുന്നു. 1947 ഡിസംബര്‍ ആദ്യം തന്നെ മഹാത്മാഗാന്ധിയെ വധിക്കാന്‍ ഗോള്‍വാള്‍ക്കര്‍ ഭീഷണി മുഴക്കിയിരുന്നതായുള്ള സി ഐ ഡി രേഖകള്‍ കഴിഞ്ഞ ദിവസമാണ് ഒരു ദേശീയ ചാനല്‍ പുറത്തുവിട്ടത്.
രാജ്യത്തെ ചരിത്രഗവേഷണത്തിന്റെ മഹത്തായ സ്ഥാപനമായ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ച്, പൂനെയിലെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവിടങ്ങളെല്ലാം കാവി പുതപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് ആനുപാതികമായാണ് രാജ്യത്തെ വിദ്യാഭ്യാസ പദ്ധതിയാകെ കാവിവത്കരിക്കാനുള്ള ശ്രമങ്ങള്‍ സരസ്വതി ശിശുമന്ദിരങ്ങളുടെ ആഭിമുഖ്യത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ആധുനിക വൈദ്യശാസ്ത്രവും, നൂതന സാങ്കേതികവിദ്യകളുമൊക്കെ ഇന്ത്യന്‍ പുരാണങ്ങളില്‍ പണ്ടേ ഉണ്ടായിരുന്നതാണ് എന്ന തരത്തില്‍ വ്യാഖ്യാനിച്ചു തുടങ്ങിയിട്ടുമുണ്ട്. ആധുനിക മനുഷ്യന്റെ യുക്തിബോധത്തെ പോലും വെല്ലുവിളിക്കുന്ന തരത്തിലാണ് ഇതൊക്കെ പ്രചരിപ്പിക്കുന്നത്. പ്ലാസ്റ്റിക് സര്‍ജറി പോലും പുരാണങ്ങളില്‍ ഉണ്ടായിരുന്നു എന്ന തരത്തില്‍ തികച്ചും യുക്തിഹീനമായ വാദമുഖങ്ങള്‍ അവതരിപ്പിക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തിവരികയാണ്. ഹൈന്ദവ ഫാസിസത്തിന്റെ ആടിത്തിമര്‍ക്കലുകളെപ്പറ്റി പറയുമ്പോള്‍ ഇതിന്റെ മുസ്‌ലിം സമാന്തരങ്ങളെയും, ജാതിമത കൂട്ടുകെട്ടുകളെയും നാം കാണാതെ പോകുന്നത് ശരിയല്ല. ഏതു മതത്തിന്റെ പേരിലായാലും ഫാസിസത്തിന്റെ കടന്നുവരവ് ആപത്കരമാണ്. മനുഷ്യനെന്ന ഏകമതത്തെക്കുറിച്ചും, ഏകജാതിയെക്കുറിച്ചും ചിന്തിച്ച ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കാന്‍ സ്വയം സജ്ജരായ ആളുകള്‍ സംഘപരിവാര്‍ ശക്തികളുടെ പാദപൂജ ചെയ്യുന്ന വിചിത്രമായ കാഴ്ചയും നാം കാണുകയാണ്. എത്ര സമര്‍ത്ഥമായും അനായാസേനയുമാണ് ഫാസിസം കടന്നുവരുന്നത് എന്നാലോചിക്കുക.
ചുരുക്കത്തില്‍ പ്രത്യക്ഷത്തില്‍ മാത്രമല്ല, നാം അറിയാതെ പോലും നമ്മുടെ ജീവിത പരിസരങ്ങളില്‍ ഫാസിസത്തിന്റെ തത്വശാസ്ത്രം കൂടുകള്‍ കൂട്ടിക്കൊണ്ടിരിക്കുകയാണ്. ഫാസിസ്റ്റുകള്‍ക്ക് ഒറ്റ അജണ്ടയെയുള്ളൂ. അത് ജീവിതത്തിന്റെ സര്‍വ്വ മണ്ഡലങ്ങളിലും ഫാസിസത്തിന്റെ വേരോട്ടം ശക്തിപ്പെടുത്തുക എന്നത് മാത്രമാണ്. എന്നാല്‍ ഫാസിസ്റ്റ് വിരുദ്ധര്‍ക്ക് ബഹുമുഖ അജണ്ടകളാണ്. ഇതാണ് ഗൗരവമുള്ള പ്രശ്‌നം. ഈ ബഹുമുഖ അജണ്ടകളില്‍ ഫാസിസത്തെ പ്രതിരോധിക്കുന്നതിനും, ചെറുത്തു തോല്‍പ്പിക്കുന്നതിനുമുള്ള ശക്തി ശോഷിച്ചു പോകാന്‍ പാടില്ല. ഫാസിസത്തെ വെറുമൊരു ബാലറ്റിലൂടെ മാത്രം തോല്‍പ്പിക്കാന്‍ കഴിയുമെന്ന് ചിന്തിക്കുന്നതും ശരിയല്ല. മറിച്ച് വര്‍ഗ സമരത്തിലൂന്നിയ തീഷ്ണമായ പോരാട്ടങ്ങള്‍ കൊണ്ടേ അത് സാധ്യമാകൂ. അത്തരത്തിലുള്ള പോരാട്ടങ്ങള്‍ക്ക് ഇന്ധനവും, ഊര്‍ജവും സംഭരിക്കുക എന്നതാണ് ഇതിന്റെ മുന്നുപാധി.
(എ ഐ വൈ എഫിന്റെ ഫാസിസ്റ്റ് വിരുദ്ധ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള പ്രസംഗത്തിന്റെ പൂര്‍ണരൂപം)

 

 

Latest