കൈവിട്ട മൂല്യങ്ങള്‍ സവര്‍ണതക്ക് വീണ്ടും വഴിയൊരുക്കുന്നു

Posted on: August 26, 2016 6:00 am | Last updated: August 26, 2016 at 12:00 am
SHARE
sreenarayana guru
ശ്രീനാരായണ ഗുരു,

മതേതരത്വവും ജനാധിപത്യപരവുമായ ജീവിതക്രമത്തിന്റെ വികാസമാണ് മറ്റിടങ്ങളില്‍ നിന്ന് കേരളത്തെ വേര്‍തിരിക്കുന്നതെന്ന് പരക്കെ അംഗീകരിക്കപ്പെട്ട കാര്യമാണ്. എന്നാല്‍ കേരളത്തിന്റെ സാമൂഹികവികാസം എങ്ങനെ ഉണ്ടായി എന്ന പരിശോധനയും ചര്‍ച്ചയും ഇപ്പോള്‍ അനിവാര്യമാണെന്ന കാര്യം വര്‍ത്തമാന കാലം സക്ഷ്യപ്പെടുത്തുമുണ്ട്. അതുകൊണ്ട് തന്നെ നവോത്ഥാന മൂല്യങ്ങളുടെ അഭാവം സൃഷ്ടിച്ച ശൂന്യതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ ഉയര്‍ന്നു വരുന്നതും സ്വാഭാവികമാണ്.
സാമൂഹിക ജീവിതത്തില്‍ ജാതിയുടെയും സാമ്പത്തിക രംഗത്ത് ജന്മിത്വത്തിന്റെയും രാഷ്ട്രീയ രംഗത്ത് നാടുവാഴിത്തത്തിന്റെയും മേല്‍ക്കോയ്മകളെ തച്ചുടക്കാന്‍ നവോത്ഥാന നായകര്‍ക്ക് അന്ന് കഴിഞ്ഞുവെന്നതിനെ അനുസ്മരിക്കുന്നതിനൊപ്പം അവരുടെ നേരുകളെ വഴിവിളക്കായി മാറ്റാന്‍ പുതിയ കാലം വല്ലാതെ ശ്രമിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നുവെന്നത് അതിശയോക്തി കൂടാതെ മനസ്സിലാക്കാന്‍ കഴിയും.

വി ടി ഭട്ടതിരിപ്പാട്‌
വി ടി ഭട്ടതിരിപ്പാട്‌

യുവ തലമുറയുടെ മദ്യാസക്തി ഉള്‍പ്പെടെയുള്ള സാംസ്‌കാരിക അപചയങ്ങള്‍ക്ക് പിന്നില്‍ പണ്ട് നേടിയ നവോത്ഥാന മൂല്യങ്ങള്‍ കൈവിട്ടതാണെന്ന് ആരൊക്കെയോ ഇപ്പോള്‍ വിളിച്ചു പറയുന്നത് ശ്രദ്ധിച്ചു കാണും. എന്തുകൊണ്ടാണ് പഴയ മൂല്യങ്ങളെ ഇങ്ങനെ തിരിച്ചുവിളിക്കേണ്ടി വരുന്നതെന്ന് ആലോചിക്കേണ്ടതുമുണ്ട്. വൈദേശികരുടെ അടിച്ചമര്‍ത്തലിനെതിരായി രാഷ്ട്രീയമായ പോരാട്ടങ്ങള്‍ നടക്കുന്ന ഘട്ടത്തില്‍ത്തന്നെ സവര്‍ണാധിപത്യത്തെ താങ്ങി നിര്‍ത്തുന്ന ജാതീയമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരായ പ്രക്ഷോഭങ്ങളാണ് നവോത്ഥാന നായകന്‍മാരുടെ ഇടപെടലുകളിലൂടെ സാംസ്‌കാരിക രംഗത്ത് ഉയര്‍ന്നുവന്നത്. സമൂഹത്തിന്റെ ദൗര്‍ബല്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ വിവിധ ജാതിമത വിഭാഗങ്ങളില്‍ നിന്നുയര്‍ന്നു വന്ന സാമൂഹികപരിഷ്‌കര്‍ത്താക്കള്‍ ശ്രദ്ധിച്ചു. തങ്ങള്‍ ജീവിക്കുന്ന സമുദായത്തില്‍ മാത്രമല്ല സമൂഹത്തിന്റെ പൊതുവായ പ്രശ്‌നങ്ങളിലേക്കടക്കം വിരല്‍ ചൂണ്ടിയായിരുന്നു ഇത്തരം സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ പ്രവര്‍ത്തനം.
സവര്‍ണാധിപത്യത്തിനെതിരെ മാത്രമല്ല അധ്വാനിക്കുന്നവരെ സാമ്പത്തികമായി ചൂഷണം ചെയ്യുന്ന ഭൂവുടമകള്‍ക്കു വരെ അത്തരക്കാരെ ഭയമായിരുന്നു. ഇന്ത്യയിലെ ഇതര വിഭാഗങ്ങളിലെ നവോത്ഥാനത്തേക്കാള്‍ ആഴത്തില്‍ വേരോട്ടവും കൂടുതല്‍ വിപ്ലവ വീര്യവും കേരളത്തിലെ നവോത്ഥാനത്തിനുണ്ടായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും ശക്തമായി അലയടിച്ച നവോത്ഥാന ആശയങ്ങള്‍ കേരളീയ സാമൂഹിക- സാംസ്‌കാരിക- സാമ്പത്തിക ജീവിതത്തിന്റെ രൂപഭാവങ്ങള്‍ മാറ്റിമറിച്ചു. ശ്രീനാരായണഗരു, അയ്യങ്കാളി, സഹോദരന്‍ അയ്യപ്പന്‍, വി ടി ഭട്ടതിരിപ്പാട് തുടങ്ങിയവര്‍ സാമൂഹിക പരിവര്‍ത്തനത്തിലേക്കുള്ള പുതിയ പാത വെട്ടിത്തെളിയിച്ചു. ഇവര്‍ക്ക് പിന്നിലായെത്തിയ കെ കേളപ്പന്‍ മുതല്‍ക്കുള്ള രണ്ടാം തലമുറ നേതാക്കള്‍ അയിത്തോച്ചാടന പ്രവര്‍ത്തനങ്ങള്‍ക്ക് പകരം അധഃകൃതരായ സാമൂഹത്തിന്റെ വിമോചനത്തിനുള്ള പ്രവര്‍ത്തനങ്ങളും അവരെ രാഷ്ട്രീയമായി ഉയരത്തിലെത്തിക്കാനുള്ള ശ്രമങ്ങളും ഒരു പരിധി വരെ ഏറ്റെടുത്തു വിജയകരമായി നടത്തി. എന്നാല്‍ പിന്നീടുള്ള കാലഘട്ടം പഴയ സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ അഭാവത്തില്‍ വീണ്ടും ദുഷിച്ചു തുടങ്ങി.

സഹോദരന്‍ അയ്യപ്പന്‍,
സഹോദരന്‍ അയ്യപ്പന്‍,

വേരറ്റുപോയെന്ന് വിശ്വസിക്കപ്പെട്ട സവര്‍ണമനസ്സ് വീണ്ടും വര്‍ഗത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ ശക്തമായി തിരിച്ചുവരുന്നുവെന്നതിന്റെ സൂചനകളാണ് രാജ്യത്തെമ്പാടും കണ്ടുവരുന്നത്. 1950കളില്‍ വളരെ പിന്നാക്കാവസ്ഥയിലായിരുന്ന കേരളം അരനൂറ്റാണ്ടിനിടയില്‍ വിദ്യാഭ്യാസത്തിന്റെയും ആധുനികതയുടെയും സ്വാധീനം കൊണ്ട് വലിയ നേട്ടം കൈവരിച്ചുവെങ്കിലും ജാതി ചിന്തകളിലും അന്ധവിശ്വാസത്തിലും പുതിയ രീതികളും മാതൃകകളും മറ്റിടങ്ങളില്‍ നിന്ന് കടമെടുത്തു കൊണ്ടുവരികയാണ്. വിദൂര ഭൂതകാലത്തിലെ വിചിത്രങ്ങളായ യാഗം പോലുള്ള അനുഷ്ഠാനങ്ങളും ആള്‍ദൈവങ്ങളും പ്രേതപരമ്പരകളും മലയാളിയെ ആത്മബോധം നഷ്ടപ്പെട്ട ഒരു ജനതയായി അധഃപ്പതിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്.
ജാതിപരമായ വിഭജനം ജനങ്ങളുടെ സാമാന്യ ബോധമണ്ഡലങ്ങളിലേക്ക് വ്യാപിച്ചു തുടങ്ങിയിരിക്കുകയാണെന്ന് പറഞ്ഞാല്‍ അതിനെ തള്ളിക്കളയാനാകില്ല. ജനങ്ങളെ വ്യത്യസ്ത തട്ടുകളാക്കി തിരിച്ച് താഴ്ന്നവരെ അംഗീകരിക്കാന്‍ തയ്യാറാകാത്ത ഉത്തരേന്ത്യന്‍ മോഡല്‍ ജാതി രാഷ്ട്രീയം ഇവിടേക്ക് പറിച്ചു നടാന്‍ ചിലരൊക്കെ ശ്രമിച്ചു തുടങ്ങിയതോടെ കേരളം നേടിയ നവോത്ഥാനമൂല്യങ്ങളുടെ മേന്മ നഷ്ടപ്പെട്ടുതുടങ്ങി. നായാടി മുതല്‍ നമ്പൂതിരിവരെയുള്ളവരെ ചേര്‍ത്ത് ഹിന്ദു ഐക്യമുണ്ടാക്കിയുമെല്ലാം കേരളം ഇന്നേവരെ നേടിയ സകല മൂല്യങ്ങളെയും ചവിട്ടി മെതിക്കാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്. നവോത്ഥാനത്തിന്റെയും കൊളോണിയല്‍ വിരുദ്ധ സമരത്തിന്റെയും ചരിത്രത്തെയും ആശയാദര്‍ശങ്ങളെയും പ്രത്യയശാസ്ത്രപരമായി നിരാകരിക്കുന്നവര്‍ ദേശീയ അധികാരത്തിലെത്തിയതോടെയാണ് ഇന്ത്യയില്‍ മതനിരപേക്ഷതയും വ്യത്യസ്ത മതസമൂഹങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദപൂര്‍ണമായ ജീവിതവും തകരുന്നതെന്ന ആവലാതി ശരിയെന്ന് പറയാന്‍ എല്ലാവരും നിര്‍ബന്ധിതരാകുന്നു.
ഘര്‍ വാപസിയും വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള സര്‍വ സാമൂഹിക മേഖലകളുടെ കാവിവല്‍ക്കരണവും വിസ്‌ഫോടനാത്മകമായ സാഹചര്യത്തിലേക്കാണ് രാജ്യത്തെ എത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് ഇടതുപക്ഷം ഉള്‍പ്പെടെയുള്ളവര്‍ ശക്തമായി പറയുന്നുണ്ട്. കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന ജാതി ചിന്ത ശക്തിപ്പെടുത്താനും ജാതി സ്വത്വത്തെ അടിസ്ഥാനപ്പെടുത്തി സ്വത്വരാഷ്ട്രീയം വളര്‍ത്തി എടുക്കാനുമുള്ള പ്രവര്‍ത്തനങ്ങളും കേരളീയ സമൂഹത്തില്‍ നടന്നുവരുന്നുവെന്നും ഇവര്‍ പറയുന്നു. ഈയൊരു സാഹചര്യത്തിലാണ് മറഞ്ഞു പോയ നവോത്ഥാന നായകരെയും അവരുടെ പ്രവര്‍ത്തനങ്ങളെയും വീണ്ടും കേരളത്തിന് ഓര്‍ത്തെടുക്കുകയും വീണ്ടെടുക്കുകയും ചെയ്യേണ്ടിവരുന്നത്.
കഴിഞ്ഞ കുറെക്കാലമായി കേരളത്തിലെ ഇടതു-വലതു യുവജനസംഘടനകള്‍ ആഘോഷിക്കുന്ന സ്വാതന്ത്രദിന പരിപാടികളിലും മറ്റും നവേത്ഥാന നായകരുടെ ചിത്രങ്ങള്‍ ഉപയോഗിച്ചിടത്തു നിന്നും സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ക്കുവേണ്ടി പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കാന്‍ പോലും രാഷട്രീയ സന്നദ്ധ സംഘടനകള്‍ തുടങ്ങിയിട്ടുണ്ട്.
ശ്രീകൃഷ്ണ ജയന്തിയുടെ മറവില്‍ രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നവോത്ഥാന യാത്രക്ക് ഇനി കോണ്‍ഗ്രസ്സും തുടക്കമിടുന്നത്. വര്‍ഗീയത ഉള്ളില്‍ ചുരമാന്തുന്ന രാഷ്ട്രീയ കക്ഷികള്‍ നടത്തുന്ന ആഘോഷങ്ങളില്‍ ദേശീയ കാഴ്ചപ്പാടുള്ള മതേതര വിശ്വാസികള്‍ പാര്‍ക്കുന്ന വീടുകളിലെ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന നിര്‍ദേശം കോണ്‍ഗ്രസ്സിന്റെ ഭാഗത്തു നിന്നു കൂടി ഉയര്‍ന്നുവന്നിരിക്കുകയാണ്. എന്തായാലും നവോത്ഥാന നായകരും പരിഷ്‌കര്‍ത്താക്കളുമെല്ലാം ചേര്‍ന്നാണ് കേരളത്തെ ഇങ്ങനെ പരുവപ്പെടുത്തിയെടുക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചതെന്നും ആ നവോത്ഥാന മൂല്യങ്ങളാണ് കേരളത്തിന് തികഞ്ഞ മതനിരപേക്ഷതയുടെ മുഖം നല്‍കിയതുമെന്നൊക്കെ പറഞ്ഞും പ്രസംഗിച്ചും നമ്മള്‍ വീണ്ടും നവോത്ഥാനനായകരെ ഓര്‍ത്തെടുക്കുന്നത് നല്ലകാര്യം തന്നെ.

LEAVE A REPLY

Please enter your comment!
Please enter your name here