സ്‌കോര്‍പീന്‍: രഹസ്യങ്ങള്‍ ചോര്‍ന്നത് ഇന്ത്യയില്‍ നിന്നല്ല

Posted on: August 26, 2016 6:00 am | Last updated: August 25, 2016 at 11:54 pm

scorpene-1.jpg.image.784.410ന്യൂഡല്‍ഹി: നാവികസേനയുടെ സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനിയുടെ തന്ത്രപ്രധാനമായ നിര്‍മാണ രഹസ്യങ്ങള്‍ ചോര്‍ന്നത് ഇന്ത്യയില്‍ നിന്നല്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. സ്‌കോര്‍പീന്‍ അന്തര്‍വാഹിനികളുടെ സുപ്രധാന രഹസ്യങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും ഇന്ത്യന്‍ നാവികസേനയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ആഭ്യന്തര, രാജ്യാന്തരതലങ്ങളില്‍ അന്വേഷണം നടത്തും. ഫ്രാന്‍സുമായുളള നയതന്ത്രബന്ധം ഉപയോഗിച്ചാകും അന്വേഷണമെന്നും നാവികസേന അറിയിച്ചു. വിഷയത്തെ അതീവ ഗൗരവത്തോടെയാണ് ഫ്രഞ്ച് സര്‍ക്കാര്‍ കാണുന്നതെന്ന് ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ ഫ്രാന്‍സ്വ റിച്ചര്‍ പറഞ്ഞു.
ഫ്രാന്‍സുമായി ചേര്‍ന്ന് ഇന്ത്യ നിര്‍മിക്കുന്ന അന്തര്‍വാഹിനി കപ്പലുകളുടെ അതീവ രഹസ്യ സ്വഭാവമുള്ള സാങ്കേതിക വിവരങ്ങള്‍ പുറത്തായതില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാംബയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് വിവരങ്ങള്‍ ചോര്‍ന്നത് ഇന്ത്യയില്‍ നിന്നല്ലെന്ന് കണ്ടെത്തിയത്. രഹസ്യ രേഖകള്‍ ചോര്‍ന്നത് രാജ്യത്തിനകത്തു നിന്നല്ലെന്ന് വ്യക്തമായതോടെ വിഷയത്തിലുള്ള അടിയന്തര അന്വേഷണം അവസാനിപ്പിച്ചു. വിവരങ്ങള്‍ ചോര്‍ന്നത് ഇന്ത്യയില്‍ നിന്നാണെന്ന ഫ്രാന്‍സിന്റെ ആരോപണത്തെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടത്. അതേസമയം, ഫ്രാന്‍സിന്റെ ദേശീയ സുരക്ഷാ അതോറിറ്റി അന്വേഷണം തുടരുന്നുണ്ട്.
ഇതിനിടെ, സ്‌കോര്‍പീന്‍ അന്തര്‍വാഹിനികളുടെ രഹസ്യങ്ങള്‍ ചോര്‍ന്ന വിഷയത്തില്‍ ഫ്രഞ്ച് ആയുധ കമ്പനിയുടെ വിശദീകരണം ഇന്ത്യ തേടിയിട്ടുണ്ട്. രഹസ്യവിവരങ്ങള്‍ അടങ്ങിയ 22,000 പേജുകള്‍ ചോര്‍ന്നത് ഫ്രാന്‍സിലെ തങ്ങളുടെ ആസ്ഥാനത്ത് നിന്നല്ലെന്ന് അന്തര്‍വാഹിനികളുടെ നിര്‍മാതാക്കളായ ഡി സി എന്‍ എസ് വിശദീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്തര്‍വാഹിനി നിര്‍മാണകമ്പനിയുടെ വിശദീകരണം തേടിയത്. സമഗ്ര അന്വേഷണത്തിന് പ്രത്യേക സംഘത്തെ ഫ്രാന്‍സിലേക്ക് അയക്കാനും തീരുമാനമായി. അന്തര്‍വാഹിനി നിര്‍മിച്ച ഡി സി എന്‍ എസ് കമ്പനിയില്‍ പരിശോധന ഉള്‍പ്പെടെ നടപടികളാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതിനിടെ, അന്തര്‍വാഹിനികള്‍ നിര്‍മിക്കുന്ന മുംബൈയിലെ കേന്ദ്രത്തില്‍ നാവികസേന ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഈ സാഹചര്യത്തില്‍ സ്‌കോര്‍പീന്‍ ക്ലാസിന്റെ ഡി സി എന്‍ എസ് കമ്പനിക്ക് കരാര്‍ നല്‍കിയ മറ്റു രാജ്യങ്ങളും ആശങ്കയിലാണ്.
ഫ്രാന്‍സുമായി ചേര്‍ന്ന് ഇന്ത്യ നിര്‍മിക്കുന്ന ആറ് മുങ്ങിക്കപ്പലുകളുടെ പ്രവര്‍ത്തന മാര്‍ഗരേഖയുടെ 22,400ല്‍പ്പരം പേജുകളാണ് ചോര്‍ന്നത്. രേഖയുടെ വിശദാംശങ്ങള്‍ ‘ദി ആസ്‌ട്രേലിയന്‍’ പത്രം സ്വന്തം വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുകയായിരുന്നു. ഫ്രഞ്ച് നിര്‍മാണ സ്ഥാപനമായ ഡി സി എന്‍ എസ് രൂപകല്‍പ്പന ചെയ്ത സ്‌കോര്‍പീന്‍ ഇനത്തില്‍പ്പെട്ട മുങ്ങിക്കപ്പലില്‍ ഉപയോഗിച്ചിട്ടുള്ള സാങ്കേതികവിദ്യ, സഞ്ചാരവേളയിലെ ശബ്ദതരംഗ അനുപാതം എന്നീ വിവരങ്ങളാണ് ചോര്‍ന്നത്.