Connect with us

International

അന്താരാഷ്ട്ര ഇസ്‌ലാമിക സമ്മേളനം: കാന്തപുരം ചെച്‌നിയയിലെത്തി

Published

|

Last Updated

ചെച്‌നിയയില്‍ നടക്കുന്ന അന്താരാഷ്ട്ര ഇസ്‌ലാമിക കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ എത്തിയ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെയും സുന്നി പണ്ഡിതരെയും എയര്‍പോര്‍ട്ടില്‍ ചെച്‌നിയന്‍ പ്രസിഡന്റ് റമദാന്‍ അഹ്മദോവിച്ച് ഖാദിറോവ് സ്വീകരിക്കുന്നു

കോഴിക്കോട്: ചെച്‌നിയന്‍ പ്രസിഡന്റ് റമദാന്‍ ഖാദിറോവ് സംഘടിപ്പിച്ച അന്താരാഷ്ട്ര ഇസ്‌ലാമിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ചെച്‌നിയയിലെത്തി. ഇന്ത്യന്‍ പ്രതിനിധികളായി മര്‍കസ് ഡയരക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, അന്‍വര്‍ അഹ്മദ് ബഗ്ദാദി ഉത്തര്‍പ്രദേശ് എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ലോകത്ത് ഇസ്‌ലാമിന്റെ പേരില്‍ ഭീകരത ആരോപിക്കപ്പെടുന്ന സാഹചര്യത്തില്‍ പരമ്പരാഗത ഇസ്‌ലാമിന്റെ തനിമയും സൗന്ദര്യവും വിവരിക്കുന്ന ചര്‍ച്ചകള്‍ സമ്മേളനത്തില്‍ നടക്കും. അഹ്‌ലുസ്സുന്നയുടെ സന്ദേശം എന്ന ശീര്‍ഷകത്തില്‍ മൂന്ന് ദിവസങ്ങളിലായാണ് സമ്മേളനം നടക്കുന്നത്.
ഇസ്‌ലാമിക പ്രമാണങ്ങളെ നിഷേധിച്ചും തെറ്റായി വ്യാഖ്യാനിച്ചും രംഗത്തു വന്ന ഉല്‍പതിഷ്ണുക്കള്‍ മുസ്‌ലിം ലോകത്ത് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെ യഥാര്‍ഥ ഇസ്‌ലാമിന്റെ പക്ഷത്തു നിന്ന് സര്‍ഗാത്മകമായി പ്രതിരോധിക്കാനുള്ള വഴികള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. ഇന്ത്യന്‍ പാശ്ചാതലത്തിലെ ഇസ്‌ലാമിക ആധ്യാത്മികതയുടെ ചരിത്രവും വര്‍ത്തമാനവും വിശകലനം ചെയ്യുന്ന പ്രബന്ധം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അവതരിപ്പിക്കും. സയ്യിദ് ഹബീബ് അലി ജിഫ്‌രി, ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീസ് യമന്‍, ഈജിപ്ഷ്യന്‍ ഗ്രാന്റ് മുഫ്തി ശൈഖ് ശൗഖി അലാം തുടങ്ങി ഇരുനൂറോളം പണ്ഡിതന്മാര്‍ ചെച്‌നിയന്‍ പ്രസിഡന്റിന്റെ ക്ഷണമനുസരിച്ച് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്.

Latest