മികച്ച ഓഫറുകളുമായി ബി എസ് എന്‍ എല്‍

Posted on: August 25, 2016 9:02 pm | Last updated: August 25, 2016 at 9:02 pm

BSNLതിരുവനന്തപുരം: ലാന്റ്‌ലൈന്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ‘എക്‌സ്പീരിയന്‍സ് ലാന്റ്‌ലൈന്‍ 49’ എന്ന പ്രത്യേക പദ്ധതിയുമായി ബി എസ് എന്‍ എല്‍. ഈ പദ്ധതിയനുസരിച്ച് പുതിയ ലാന്റ് ഫോണ്‍ കണക്ഷനുകള്‍ക്ക് നിശ്ചിത പ്രതിമാസ തുകയായി ആദ്യത്തെ ആറ് മാസം 49 രൂപ മാത്രം നല്‍കിയാല്‍ മതി. ഇന്‍സ്റ്റലേഷന്‍ ചാര്‍ജ്ജ് ഈടാക്കില്ല. ഇന്‍സ്ട്രുമെന്റ് (ടെലഫോണ്‍) ചാര്‍ജ്ജ് ആയി 600 രൂപ മാത്രം നല്‍കിയാല്‍ മതി. ബി എസ് എന്‍ എല്‍ നെറ്റ്‌വര്‍ക്കിലേക്ക് മിനിറ്റിന് ഒരു രൂപക്കും മറ്റ് നെറ്റ് വര്‍ക്കുകളിലേക്ക് ഒരു രൂപ 20 പൈസക്കും വിളിക്കാം. ഇതടക്കം ഉപഭോക്താക്കള്‍ക്കായി നിരവധി ഇളവുകളാണ് ബി എസ് എന്‍ എല്‍ പ്രഖ്യാപിച്ചതെന്ന് ബി എസ് എന്‍ എല്‍ കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജറായി അടുത്തിടെ ചുമതലയേറ്റ ആര്‍ മണി ഐ ടി എസ് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു.

ഞായറാഴ്ചകളില്‍ ബി എസ് എന്‍ എല്‍ ലാന്റ്‌ഫോണില്‍നിന്ന് ഇന്ത്യയിലെ ഏത് മൊബൈല്‍, ലാന്റ്‌ഫോണ്‍ നെറ്റ് വര്‍ക്കിലേയ്ക്കും സൗജന്യമായി വിളിക്കാവുന്ന പദ്ധതി നിലവില്‍ വന്നു കഴിഞ്ഞു. എല്ലാ ദിവസവും രാത്രി ഒമ്പത് മുതല്‍ രാവിലെ ഏഴ് വരെ ലാന്റ്‌ഫോണില്‍നിന്ന് ഏത് നെറ്റ് വര്‍ക്കിലേക്കും സൗജന്യമായി വിളിക്കാവുന്ന പദ്ധതി നേരത്തേതന്നെയുണ്ട്.

അടുത്തവര്‍ഷം മാര്‍ച്ചോടെ കേരളത്തില്‍ ബി എസ് എന്‍ എല്ലിന്റെ 4- ജി സേവനം ലഭ്യമാകുമെന്ന് ചീഫ് ജനറല്‍ മാനേജര്‍ അറിയിച്ചു. തുടക്കത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിലാണ് 4- ജി സേവനം ലഭ്യമാകുക. ഇതിനായി സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. ബ്രോഡ്ബാന്റ്, എച്ച് ടി ടി എച്ച് ഉപഭോക്താക്കള്‍ക്കായും നിരവധി പുതിയ പ്ലാനുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. യു എല്‍ ഡി 1091 ബ്രോഡ്ബാന്റ് പ്ലാനില്‍ ആദ്യത്തെ 40 ജി ബി വരെ എട്ട് എം ബി പി എസ് സ്പീഡ് ലഭ്യമാകും. തുടര്‍ന്നുള്ള ഉപയോഗത്തിന് ഒരു എം ബി പി എസ് സ്പീഡാണ് ലഭ്യമാവുക. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എസ് എസ് എ കള്‍ക്കുകീഴില്‍ മാത്രമേ ഇപ്പോള്‍ ഈ പ്ലാനുകള്‍ ലഭ്യമാകൂ.

പ്രതിമാസം 1045 രൂപയ്ക്ക് 20 എം ബി പി എസ് വേഗതയില്‍ 50 ജി.ബിവരെ ഉപയോഗം വാഗ്ദാനം ചെയ്യുന്ന പ്ലാന്‍ സാധാരണക്കാരനും എച്ച് ടി ടി എച്ച് സേവനം പ്രാപ്യമാക്കും. ഇതിനു പുറമെ 1395 രൂപയുടെ പ്രതിമാസ എച്ച്.ടി.ടി.എച്ച് പ്ലാനും ലഭ്യമാണ്. പുതുതായി ബ്രോഡ്ബാന്റ് കണക്ഷനുകള്‍ എടുക്കുന്നവര്‍ക്ക് കുറഞ്ഞനിരക്കില്‍ മോഡം നല്‍കും. മോഡത്തിന് ഈടാക്കുന്ന തുക അടുത്തമാസം മുതല്‍ ഉപഭോക്താവിന്റെ ബില്ലില്‍നിന്ന് 100 രൂപയുടെ തവണകളായി കുറച്ചുകൊടുക്കും.

നിലവില്‍ ബി എസ് എന്‍ എല്‍ കേരള സര്‍ക്കിളിനുകീഴില്‍ 80.5 ലക്ഷം ഉപഭോക്താക്കളാണുള്ളത്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഇതുവരെ 6.36 ലക്ഷം പുതിയ ജി എസ് എം മൊബൈല്‍ ഉപഭോക്താക്കളാണ് ബി എസ് എന്‍ എല്ലിനു ലഭിച്ചത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) റിപ്പോര്‍ട്ടനുസരിച്ച് കേരള സര്‍ക്കിളിനുകീഴില്‍ ഏറ്റവും കുറഞ്ഞ കോള്‍ മുറിഞ്ഞുപോകല്‍ (കോള്‍ ഡ്രോപ്പ)് നിരക്കുള്ളത് ബി എസ് എന്‍ എല്ലിനാണ്.

ലാന്റ്‌ലൈനിന്റേയും മൊബൈലിന്റേയും സേവനങ്ങള്‍ സമന്വയിപ്പിച്ച് ഉപയോഗം സാധ്യമാക്കുന്ന നെക്‌സ്റ്റ് ജനറേഷന്‍ നെറ്റ്‌വര്‍ക്ക് ഈ വര്‍ഷം അവസാനത്തോടെ നിലവില്‍ വരും. ലാന്റ്‌ലൈനില്‍നിന്ന് മൊബൈലിലേക്കും തിരിച്ചും ഇതില്‍ കോളുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാം. വീഡിയോ കോളുകളും മള്‍ട്ടിമീഡിയ വീഡിയോ കോണ്‍ഫറന്‍സിങ് സൗകര്യവും ഇതില്‍ ലഭ്യമാകും.