മഞ്ഞളിപ്പ് രോഗം; കവുങ്ങ് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു

Posted on: August 25, 2016 8:31 pm | Last updated: August 25, 2016 at 8:31 pm

unnamedപേരാമ്പ്ര: നാളികേരവും റബ്ബറും വിലത്തകര്‍ച്ച നേരിടുമ്പോള്‍ മലയോര മേഖലകളിലെ കര്‍ഷകര്‍ക്ക് വലിയൊരളവില്‍ ആശ്വാസം നല്‍കിയ കവുങ്ങില്‍ നിന്നുള്ള വരുമാനവും നിലക്കുന്നു. മൂപ്പെത്താത്തതും, പൂര്‍ണ വിളവായതുമായ അടക്കക്ക് മോശമല്ലാത്ത വില കിട്ടിയിരുന്നത് കര്‍ഷകര്‍ക്ക് താങ്ങായിരുന്നു. എന്നാല്‍ ഈ വര്‍ഷം കവുങ്ങും കര്‍ഷകരെ ചതിച്ചിരിക്കയാണ്. മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളും, ജൂണ്‍ പാതിയോളവുമുണ്ടായ കടുത്ത വരള്‍ച്ച മലയോര മേഖലയിലെ ഭൂരിഭാഗം കവുങ്ങുകളും ഉണങ്ങി നശിക്കുന്നതിനും ഇടയാക്കിയതോടെ ആദായം ഗണ്യമായി കുറഞ്ഞതിനു പുറമെ, ശേഷിക്കുന്ന കവുങ്ങുകളില്‍ ഏറിയ പങ്കും ഇപ്പോള്‍ മഞ്ഞളിപ്പ് രോഗം വന്നും നശിച്ചു കൊണ്ടിരിക്കുകയാണ്. മുതുകാട്, പന്തിരിക്കര, പൈതോത്ത്, പേരാമ്പ്ര, കായണ്ണ, കൂരാച്ചുണ്ട് തുടങ്ങിയ മലയോര പ്രദേശ ഭാഗങ്ങളിലെല്ലാം കവുങ്ങുകള്‍ക്ക് വ്യാപകമായി മഞ്ഞളിപ്പ് രോഗമുണ്ടെന്നാണ് വിവരം. രോഗം നിയന്ത്രിക്കാന്‍ എന്താണ് ചെയ്യേണ്ടതെന്നറിയാതെ വിഷമിക്കുകയാണ് കര്‍ഷകര്‍. അധികൃതരുടെ ഭാഗത്തു നിന്നും ഫലപ്രദമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്നും, വരള്‍ച്ച മൂലം വിളകള്‍ നശിച്ചതിന്റെ കണക്ക് കൃഷി വകുപ്പ് ശേഖരിച്ചുവെങ്കിലും നഷ്ടപരിഹാരം ഇതുവരെ ലഭിച്ചിട്ടില്ലെന്നും കര്‍ഷകര്‍ പരാതിപ്പെടുന്നുണ്ട്.റബ്ബര്‍, കുരുമുളക് എന്നിവക്കൊപ്പം, മലയോര മേഖലയിലെ കര്‍ഷകരുടെ മറ്റൊരു പ്രധാന വരുമാന മാര്‍ഗ്ഗമായിരുന്നു അടക്ക. മാസങ്ങള്‍ക്ക് മുമ്പ് ഉണക്കിയ അടക്കക്ക് 300 രൂപയോളം ലഭിച്ചിരുന്നതായും, ഇപ്പോള്‍ 200 രൂപയാണ് നിലവാരമെന്നും കര്‍ഷകര്‍ പറയുന്നു. വരള്‍ച്ചയും രോഗവും കാരണം കവുങ്ങ് കൃഷി പൂര്‍ണ്ണമായും ഇല്ലാതാവുന്ന അവസ്ഥയാണ് നിലവിലുള്ളത്.തെങ്ങ്, റബ്ബര്‍ കൃഷികളെല്ലാം തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുമ്പോള്‍ കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്നവര്‍ക്ക് വലിയ തിരിച്ചടിയാണ്.