അല്‍ ഖോര്‍ എക്‌സ്പ്രസ്‌വേ നിര്‍മാണ കരാര്‍ തുര്‍ക്കി കമ്പനിക്ക്

Posted on: August 25, 2016 6:17 pm | Last updated: August 25, 2016 at 6:17 pm
al ghor
നഗരസഭ, പരിസ്ഥിതി മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ റുമൈഹിയും തുര്‍ക്കി ഗതാഗത മന്ത്രി അഹ്മദ് അര്‍സ്ലാനും കരാര്‍ ഒപ്പുവെച്ചശേഷം

ദോഹ: അല്‍ ഖോര്‍ എക്‌സ്പ്രസ്‌വേ പദ്ധതിയുടെ ഭാഗമായുള്ള 7.6 ബില്യന്‍ ഖത്വര്‍ റിയാല്‍ ചെലവുവരുന്ന ഹൈവേ നിര്‍മാണത്തിന്റെ കരാര്‍ തുര്‍ക്കി കമ്പനിക്ക്. തുര്‍ക്കി കമ്പനിയായ തെക്ഫിന്‍ ആണ് നിര്‍മാണം നടത്തുന്നത്. നഗരസഭ, പരിസ്ഥിതി മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ റുമൈഹിയും തുര്‍ക്കി ഗതാഗത മന്ത്രി അഹ്മദ് അര്‍സ്ലാനും അങ്കാറയില്‍ വെച്ച് കരാറില്‍ ഒപ്പുവെച്ചു.

ദോഹയെ ലുസൈലും അല്‍ ഖോറും പുതിയ സ്റ്റേഡിയങ്ങളുമായും ബന്ധിപ്പിക്കുന്ന ഹൈവേ 34 കിലോമീറ്റര്‍ നീളത്തിലാണ് നിര്‍മിക്കുന്നത്. 12 പാലങ്ങളും ക്രോസ്സിംഗുകളുമുണ്ടാകും. ഓരോ ദിശയിലേക്കും അഞ്ച് പാതകളാണുണ്ടാകുക. നിര്‍മാണം 30 മാസം കൊണ്ട് പൂര്‍ത്തിയാക്കും. എട്ട് ഇന്റര്‍സെക്ഷനുകളും കാല്‍നട, സൈക്കിള്‍, മോട്ടോര്‍സൈക്കിള്‍ എന്നിവക്ക് പ്രത്യേകം പാതകളും ഉണ്ടാകും.

ഇസ്താംബൂള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തെക്ഫിന്‍, വൈദ്യുതോത്പാദന നിലയങ്ങള്‍, വിമാനത്താവളം, പെട്രോളിയം, റോഡ്‌വേയ്‌സ്, അടിസ്ഥാനസൗര്യ വികസന പദ്ധതികള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവ നിര്‍മിക്കുന്നുണ്ട്. തുര്‍ക്കിക്ക് പുറമെ മിഡില്‍ ഈസ്റ്റ്, കാസ്പിയന്‍ മേഖല, വടക്കന്‍ ആഫ്രിക്ക എന്നിവിടങ്ങളിലാണ് പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. ഖത്വറില്‍ 15 ബില്യന്‍ ഡോളര്‍ മൂല്യം വരുന്ന 119 പദ്ധതികള്‍ തുര്‍ക്കി കമ്പനികള്‍ നിലവില്‍ നടത്തുന്നുണ്ടെന്ന് അര്‍സ്ലാന്‍ പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ തുര്‍ക്കിയും ഖത്വറും തമ്മിലുള്ള വ്യാപാരം 1.3 ബില്യന്‍ ഡോളര്‍ ആയിട്ടുണ്ട്.