Connect with us

National

ആര്‍എസ്എസിനെക്കുറിച്ച് പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു: രാഹുല്‍ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി: മഹാത്മ ഗാന്ധിയുടെ വധത്തിന് പിന്നില്‍ ആര്‍എസ്എസാണെന്ന തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. ജനങ്ങളെ വിഭജിക്കാനുള്ള ആര്‍എസ്എസ് അജന്‍ഡയെ എതിര്‍ക്കുമെന്നും രാഹുല്‍ പറഞ്ഞു. ട്വിറ്ററിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. ആര്‍എസ്എസിനെതിരേ രാഹുല്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോയും ട്വീറ്റിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗാന്ധിയുടെ വധത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന വിവാദമായിരുന്നു.

വിഷയത്തില്‍ ആര്‍എസ്എസിനെതിരേ നിലപാട് മയപ്പെടുത്തി രാഹുല്‍ സുപ്രീം കോടതിയില്‍ നിലപാട് സ്വീകരിച്ചതിന്റെ അടുത്ത ദിവസമാണ് പുതിയ ട്വീറ്റ് എന്നത് ശ്രദ്ധേയമാണ്. മഹാത്മ ഗാന്ധിയെ വധിച്ചതുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് എന്ന സംഘടനയ്‌ക്കെതിരേ ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നാണ് അദ്ദേഹം ബുധനാഴ്ച സുപ്രീം കോടതിയില്‍ പറഞ്ഞത്. ഒരു സംഘടന എന്ന പേരില്‍ ആര്‍എസ്എസിനെതിരേ ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നും എന്നാല്‍ മഹാത്മ ഗാന്ധിയുടെ വധത്തിനു പിന്നില്‍ ആര്‍എസ്എസുമായി ബന്ധപ്പെട്ട വ്യക്തികളാണു വധത്തിനു പിന്നിലെന്നായിരുന്നു പ്രസ്താവനയെന്നു രാഹുലിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചത്

മഹാരാഷ്ട്രയിലെ ഭിവാന്‍ഡിയില്‍ 2014ല്‍ നടന്ന തിരഞ്ഞെടുപ്പു റാലിയിലായിരുന്നു രാഹുലിന്റെ വിവാദ പരാമര്‍ശം. ഇതിനെതിരെ ആര്‍എസ്എസ് പ്രാദേശിക നേതാവ് രാജേഷ് മഹാദേവ് കുണ്ടെയാണു കോടതിയെ സമീപിച്ചത്.

Latest