ഇന്ത്യ-യു എ ഇ ബന്ധം; പരസ്പര വിശ്വാസത്തിന്റെ തെളിവ്- ടി പി സീതാറാം

Posted on: August 25, 2016 4:25 pm | Last updated: August 25, 2016 at 4:25 pm
SHARE

T P SEETHARAMഅബുദാബി: വ്യാപാര ബന്ധങ്ങള്‍ക്കപ്പുറത്ത് തന്ത്രപരമായ മേഖലകളില്‍ ഇന്ത്യയുമായി ബന്ധം സ്ഥാപിക്കാന്‍ യു എ ഇ തയ്യാറായത് വിശ്വാസത്തിന്റെ തെളിവെന്ന് ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാം. സേവനത്തില്‍ നിന്നും വിരമിക്കുന്ന ടി പി സീതാറാമിന് ഇന്ത്യന്‍ മീഡിയ അബുദാബി നല്‍കിയ യാത്രയയപ്പ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ രാജ്യത്തെ വിശ്വസ്ത പങ്കാളിയായി കാണാന്‍ യു എ ഇ യെ പ്രേരിപ്പിച്ച ഘടകങ്ങളില്‍ ഇന്ത്യന്‍ പ്രവാസികളുടെ കഠിനാധ്വാനവും വിശ്വസ്തതയുമുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ യു എ ഇ ഇന്ത്യയില്‍ 100 കോടി ഡോളറിന്റെ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. വിവിധ കമ്പനികളുടെ ഷെയറുകള്‍ എടുത്തത് ഉള്‍പെടെയുള്ള നിക്ഷേപമാണിത്.
ഇന്ത്യയില്‍ നിന്നുള്ള ഉന്നത തല സംഘങ്ങളുടെ തുടര്‍ച്ചയായ സന്ദര്‍ശനങ്ങള്‍ നടന്നുകൊണ്ടിരിക്കയാണ്. നാഷണല്‍ ഡിഫന്‍സ് കോളജിന്റെ സംഘവും പെട്രോളിയം മന്ത്രാലയത്തിന്റെയും പ്രതിനിധികള്‍ ഇപ്പോള്‍ യു എ ഇ യിലുണ്ട്. ഇന്ത്യയിലെ ഡിഫന്‍സ് കോളജ് വിദ്യാര്‍ഥികള്‍ക്ക് യു എ ഇ ഡിഫന്‍സ് മേഖലയില്‍ പഠന സന്ദര്‍ശനം സാധ്യമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഇന്ത്യയില്‍ ക്രൂഡ് ഓയിലിന്റെ സംഭരണം നടത്തുന്നതിന്റെയും ഇന്ത്യയിലെ പെട്രോളിയം കമ്പനികളിലേക്ക് നിക്ഷേപം കണ്ടെത്തുന്നത്തിന്റെയും ചര്‍ച്ചകള്‍ക്കാണ് പെട്രോളിയം മന്ത്രാലയത്തിന്റെ സംഘം എത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 25 ശതമാനം ക്രൂഡ് ഓയില്‍ ഇന്ത്യയിലേക്ക് ഈ വര്‍ഷം ഇറക്കുമതി ചെയ്‌തെങ്കിലും 47 ശതമാനം കുറഞ്ഞ നിരക്കാണ് നല്‍കേണ്ടിവന്നത്.
ഇന്ത്യയുമായുള്ള സാംസ്‌കാരിക ബന്ധങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി നവംബറില്‍ നടക്കുന്ന ശൈഖ് സായിദ് ഫെസ്റ്റിവല്‍, ഡിസംബറില്‍ നാഷണല്‍ ഡേ എന്നീ പരിപാടികളില്‍ ഇന്ത്യന്‍ കലാരൂപങ്ങളുടെ അവതരണമുണ്ടാകും.
കേരളത്തില്‍ യു എ ഇ കോണ്‍സുലേറ്റ് സ്ഥാപിച്ചതിലൂടെ ദക്ഷിണേന്ത്യയില്‍ വന്‍ നിക്ഷേപ സാധ്യതകള്‍ക്കാണ് വാതില്‍ തുറന്നിരിക്കുന്നത്. യാത്രയയപ്പ് സമ്മേളനത്തില്‍ ഇന്ത്യന്‍ മീഡിയ അബുദാബി പ്രസിഡന്റ് അനില്‍ സി ഇടിക്കുള അധ്യക്ഷത വഹിച്ചു. മുനീര്‍ പാണ്ഡ്യാല, ടി പി ഗംഗാധരന്‍, ഹഫ്‌സല്‍ അഹ്മദ്, സമീര്‍ കല്ലറ, ജോണി തോമസ്, സിബി കടവില്‍, അശ്വിനി കുമാര്‍ സംസാരിച്ചു.പേന കൊണ്ടുള്ള പതിനായിരക്കണക്കിന് കുത്തുകളിലൂടെ, ഡോട്ട് ക്രീയേറ്റീവ് കലാകാരന്‍ ത്യശൂര്‍ പെരിഞ്ഞനം സ്വദേശി നദീം മുസ്തഫ വരച്ച രേഖാചിത്രമാണ് സ്ഥാനപതിക്ക് സമ്മാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here