മാസങ്ങളായി ശമ്പളമില്ല; മലയാളി തൊഴിലാളികള്‍ ദുരിതത്തില്‍

Posted on: August 25, 2016 1:58 pm | Last updated: August 25, 2016 at 1:58 pm
SHARE

omanമസ്‌കത്ത്: മാസങ്ങളായി ശമ്പളം ലഭിക്കാതെ മലയാളി തൊഴിലാളികള്‍ ദുരിതത്തില്‍. ഉടമസ്ഥതാ തര്‍ക്കവുമായി ബന്ധപ്പെട്ട് കേസ് നിലനില്‍ക്കുന്ന കമ്പനിയിലെ ജീവനക്കാരാണ് പ്രയാസത്തിലായിരിക്കുന്നത്. നിര്‍മാണമേഖല, പി ഡി ഒ കരാര്‍ ജോലികള്‍ ഏറ്റെടുത്ത് നടത്തുന്ന കമ്പനിയിലെ എട്ട് മലയാളി തൊഴിലാളികളാണ് അല്‍ ഖൂദിലും സൊഹാറിലുമായി കഴിയുന്നത്. ആറ് പേര്‍ക്ക് അല്‍ ഖൂദില്‍ താമസ സൗകര്യം ലഭ്യമാണെങ്കിലും രണ്ട് പേര്‍ സൊഹാറില്‍ മരത്തണലിലാണ് ദിവസങ്ങളായി കഴിച്ചു കൂട്ടുന്നത്.
പത്തനംതിട്ട അടൂര്‍ സ്വദേശി പ്രകാശ് സുബോധന്‍, തൊടുപുഴ സ്വദേശികളായ ജോബ്‌സണ്‍, ലിജോ, പത്തനംതിട്ട സ്വദേശി റോജി എബ്രഹാം, കൊല്ലം കുളത്തൂപ്പുഴ സ്വദേശി വില്‍സണ്‍ മാത്യു, എറണാകുളം സ്വദേശി വിജിത്ത് വിജയന്‍ എന്നിവരാണ് അല്‍ഖൂദിലെ താമസ സ്ഥലത്ത് കഴിയുന്നത്. ഷിബു സെബാസ്റ്റ്യന്‍, രാജഗോപാല്‍ എന്നിവര്‍ സൊഹാറിലാണ് കഴിയുന്നത്.
കഴിഞ്ഞ ദിവസമാണ് ഷിബു സെബാസ്റ്റ്യന്‍, രാജഗോപാല്‍ എന്നിവരെ സൊഹാറിലെ താമസ സ്ഥലത്തുനിന്നും ഇറക്കിവിട്ടത്. ശമ്പളം ലഭിക്കാത്തതിനാല്‍ ലേബര്‍ കോടതിയില്‍ കേസ് നല്‍കിയതിനെ തുടര്‍ന്ന് കമ്പനിയുടെ താമസ സ്ഥലത്ത് നിന്ന് ഇവരെ ഇറക്കിവിടുകയായിരുന്നു. കമ്പനി ഇപ്പോള്‍ നടത്തി വരുന്ന മലയാളികളായ മേലുദ്യോഗസ്ഥരുടെ ഇടപെടല്‍ തങ്ങളുടെ താമസ സൗകര്യവും ഭക്ഷണവും നഷ്ടപ്പെടുന്ന സ്ഥിതിയിലാണെന്ന് ഇവര്‍ പറഞ്ഞു.
ശമ്പളം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഫെബ്രുവരി മുതല്‍ മെയ് വരെ തങ്ങളെ കൊണ്ട് ജോലി ചെയ്യിപ്പിച്ചതായി ഇവര്‍ പരാതിയില്‍ പറയുന്നു. ജൂണില്‍ പലയിടങ്ങളിലും അറ്റകുറ്റപ്പണികളും ഇവരെ കൊണ്ട് ചെയ്യിപ്പിച്ചിരുന്നു. ഇതിനിടെ കമ്പനിയുടെ നിര്‍മാണ ഡിവിഷന്‍ അടച്ചുപൂട്ടുകയും ചെയ്തു.
ഒമാന്റെ വിവിധ ഭാഗങ്ങളില്‍ തൊഴിലെടുത്തു വന്നിരുന്ന ഇവരില്‍ ഏഴ് മാസം മുതല്‍ മൂന്ന് വര്‍ഷം വരെയായി ഇതേ കമ്പനിയില്‍ ജോലി ചെയ്തുവരുന്നവരുണ്ട്. ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ലേബര്‍ കോടതിയിലും ഇന്ത്യന്‍ എംബസിയിലും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. ഭക്ഷണത്തിനുള്ള തുക എംബസിയില്‍ നിന്ന് നല്‍കാമെന്ന് പറഞ്ഞിരുന്നതായും എന്നാല്‍ ഇതുവരെ ഇത് ലഭിച്ചിട്ടില്ലെന്നും ഇവര്‍ പറഞ്ഞു. എംബസിയില്‍ രണ്ട് തവണ ഇവര്‍ പരാതിയുമായി എത്തിയിരുന്നു.
150 റിയാല്‍ മുതല്‍ 350 റിയാല്‍ വരെ ശമ്പളത്തിന് ജോലി ചെയ്തവര്‍ തൊഴിലാളികളിലുണ്ട്. ഇവരില്‍ ഒരാള്‍ മാത്രം കമ്പനിയില്‍ നിന്ന് ലഭിക്കാനുള്ളത് 2,000 റിയാലില്‍ കൂടുതലാണ്.
പരിചയക്കാരില്‍ നിന്നും മറ്റും പണം കടംവാങ്ങിയാണ് ഇവിടെ കഴിയുന്നത്. നാട്ടില്‍ ഇതിനേക്കാള്‍ വലിയ പ്രതിസന്ധിയാണ് കുടുംബം അനുഭവിക്കുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു. എന്‍ജിനീയറിംഗിന് പഠിക്കുന്ന മകനെ ഫീസ് നല്‍കാനില്ലാത്തതിനെ തുടര്‍ന്ന് ക്ലാസില്‍ നിന്ന് പുറത്താക്കിയതായി കുളത്തൂപ്പുഴ സ്വദേശി വില്‍സന്‍ പറഞ്ഞു. ബേങ്ക് വായ്പകള്‍ മുടങ്ങിയതിനെ തുടര്‍ന്ന് നോട്ടീസുകള്‍ ലഭിച്ചുതുടങ്ങിയതായും ഇവിടെയും കടങ്ങളുണ്ടെന്നും തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here