Connect with us

International

ഇറ്റലിയില്‍ തുടര്‍ ചലനം; മരണം 250 ആയി

Published

|

Last Updated

റോം: മധ്യ ഇറ്റലിയില്‍ ബുധനാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 250 ആയി. നൂറ് കണക്കിനാളുകളെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് പ്രാഥമിക നിഗമനം. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.
ഭൂകമ്പമാപിനിയില്‍ 6.2 അടയാളപ്പെടുത്തിയ ഭൂചലനത്തില്‍ അമാര്‍ട്രിസെ, അക്യൂമോലി, ഉംറിയ തുടങ്ങിയ നഗരങ്ങളില്‍ വ്യാപകമായ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. പുലര്‍ച്ചെയുണ്ടായ ആദ്യ ഭൂകമ്പത്തിന് പിന്നാലെ നൂറോളം തുടര്‍ ചലനങ്ങള്‍ സംഭവിച്ചത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. മരണ സംഖ്യ വര്‍ധിക്കാനും ഇത് കാരണമായി. അതിനിടെ, ഇന്നലെ ഉച്ചക്ക് വീണ്ടും തുടര്‍ ചലനം റിപ്പോര്‍ട്ട് ചെയ്തു.
ഭൂകമ്പത്തില്‍ മരിച്ചവരില്‍ ഭൂരിഭാഗവും കുട്ടികളാണ്. ഉറങ്ങിക്കിടക്കുന്നവരാണ് മരണപ്പെട്ടത്. നിലവില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് അമാട്രിസെയിലാണ്. 184 പേരുടെ മൃതദേഹമാണ് ഇവിടെ നിന്ന് കണ്ടെടുത്തത്. അര്‍ക്വാത, അകുമോലി എന്നിവിടങ്ങളില്‍ നിന്ന് യഥാക്രമം 46,11 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.
അതിനിടെ, നൂറ് കണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞപ്പോള്‍ അമാര്‍ട്രിസയിലെ 13ാം സെഞ്ച്വറിയില്‍ നിര്‍മിച്ച മണി ഗോപുരം ഭൂകമ്പത്തില്‍ തകരാതിരുന്നത് വിസ്മയയാണ്.
മൃതദേഹങ്ങള്‍ കണ്ടെത്താനും കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുമായി ആയിരക്കണക്കിന് രക്ഷാപ്രവര്‍ത്തകരെ സര്‍ക്കാര്‍ രംഗത്തിറക്കിയിട്ടുണ്ട്. 4,300 ഓളം രക്ഷാപ്രവര്‍ത്തകര്‍ ആധുനിക യന്ത്രസാമഗ്രികളുമായി രംഗത്തിറങ്ങിയിട്ടുണ്ട്. റോഡുകള്‍ തകര്‍ന്നതും ഭീമന്‍ കെട്ടിടങ്ങള്‍ വീണതും രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിച്ചിരിക്കുകയാണ്.
വീട് നഷ്ടമായ 2,500ലധികമാളുകള്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുകയാണ്. ഇവര്‍ക്കുള്ള സഹായമെത്തിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സജീവമാക്കിയിട്ടുണ്ട്. പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കാനുമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest