Connect with us

Malappuram

ഭീകരവാദ ആരോപണത്തില്‍ നിന്ന് തടിയൂരാന്‍ മുജാഹിദ് ഗ്രൂപ്പുക്കളുടെ പ്രചാരണം

Published

|

Last Updated

തിരൂരങ്ങാടി: ഭീകരവാദ ആരോപണത്തില്‍ നിന്ന് തടിയൂരാനായി മുജാഹിദ് ഗ്രൂപ്പുകള്‍ നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അപഹാസ്യമാകുന്നു. ഐ എസുമായി ബന്ധപ്പെട്ട് കേരള മുജാഹിദ് പ്രസ്ഥാനത്തിനെതിരെ വ്യാപകമായി വിമര്‍ശങ്ങള്‍ ഉയരുകയും മുജാഹിദ് പ്രസ്ഥാനം ഭീകര സംഘടനയായി വിലയിരുത്തപ്പെടുകയും ചെയ്യാന്‍ തുടങ്ങിയതോടെയാണ് മുജാഹിദിലെ എല്ലാ ഗ്രൂപ്പുകളും ഭീകരവാദ വിരുദ്ധ ക്യാമ്പയിനുമായി രംഗത്തെത്തിയിട്ടുള്ളത്. മുജാഹിദ് ഔദ്യോഗിക വിഭാഗം, മടവൂര്‍ വിഭാഗം, ജിന്ന് വിഭാഗത്തിലെ സകരിയ്യ സലഫി വിഭാഗം, ബാലുശ്ശേരി വിഭാഗം തുടങ്ങിയ എല്ലാ ഗ്രൂപ്പുകളും ഒന്നിനൊന്ന് പിറകെയായി ക്യാമ്പയിന്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. തങ്ങള്‍ക്ക് ഭീകരവാദ പ്രസ്ഥാനങ്ങളുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് സ്ഥാപിക്കാനായി ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്താവനകളും എഴുത്തുകളും മുജാഹിദിന്റെ അടിസ്ഥാന ആദര്‍ശത്തെ തന്നെ ചോദ്യം ചെയ്യുന്നതിലേക്കാണ് എത്തിക്കൊണ്ടിരിക്കുന്നത്. പരമ്പരാഗതമായ മതാചാരങ്ങളെയും ഇസ്‌ലാമിലെ മുന്‍കാല നേതാക്കളെയും തള്ളിപറഞ്ഞു കൊണ്ട് പിറവിയെടുത്ത മതനവീകരണ പ്രസ്ഥാനമായ ഇവര്‍ ഇപ്പോള്‍ തങ്ങള്‍ പൂര്‍വീക ഇമാമുകളെയാണ് പിന്തുടരുന്നതെന്ന് വരെ പറയാന്‍ തുടങ്ങിയിട്ടുണ്ട്. മദ്ഹബ് നിഷേധവും മഖ്ബറകളിലേക്ക് പോകുന്നത് അനിസ്‌ലാമികമെന്ന വാദവും പ്രചരിപ്പിക്കുന്നതില്‍ മുജഹിദിലെ എല്ലാ ഗ്രൂപ്പുകളും തുല്യരാണ്. എന്നാല്‍ ഇപ്പോള്‍ തീവ്രവാദ ആരോപണത്തില്‍ നിന്ന് കൈകഴുകാനായി ഇവര്‍ തങ്ങളുടെ അടിസ്ഥാന ആദര്‍ശത്തെ പോലും വലിച്ചെറിഞ്ഞിരിക്കുകയാണ്. ഇതിലേക്കാണ് ഇവരുടെ പുതിയ പ്രസ്താവനകള്‍ വിരല്‍ ചൂണ്ടുന്നത്. പ്രവാചകനില്‍ നിന്ന് മതം പഠിച്ച അനുചരന്‍മാരെയും അവരേ പിന്തുടര്‍ന്ന മൂന്ന് തലമുറയിലെ സച്ചരിതരായ മഹത്തുക്കളെയും അനുധാവനം ചെയ്തു കൊണ്ട് ജീവിതം ക്രമപ്പെടുത്തുന്ന രീതിയാണ് സലഫിയ്യത്തെന്നും ഇസ്‌ലാമിനെയും സലഫി ആദര്‍ശത്തെയും വികലമാക്കാനും തെറ്റിധരിപ്പിക്കാനും ബോധപൂര്‍വം ശ്രമം നടത്തുന്നവരാണ് സലഫിയ്യത്തിനെ ഭീകരതയോട് കൂട്ടിക്കെട്ടാന്‍ തുനിയുന്നതെന്നും മുജാഹിദ് ഔദ്യോഗിക വിഭാഗത്തിന്റെ കക്കാട് കണ്‍വെന്‍ഷന്‍ ചൂണ്ടിക്കാട്ടുകയുണ്ടായി.
ഖുര്‍ആനും സുന്നത്തും മുറുകെപ്പിടിക്കണമെന്ന് അണികളെ പഠിപ്പിക്കുകയും സ്വഹാബത്തുകളെയും പൂര്‍വ സൂരികളായ പണ്ഡിതന്‍മാരെയും അംഗീകരിക്കല്‍ അനിസ്‌ലാമികമാണെന്നുമുള്ള പുതിയ വാദവുമായി മുസ്‌ലിം സമൂഹത്തില്‍ മത നവീകരണത്തിന് വിത്തു പാകിയ മുജാഹിദുകള്‍ ഇപ്പോള്‍ ഇവരുടെ വാദം വലിച്ചെറിയുകയും തങ്ങള്‍ പാരമ്പര്യത്തെ അംഗീകരിക്കുന്നുവെന്ന് ആവര്‍ത്തിച്ചു പറയുകയും ചെയ്യുന്നതിന്റെ പൊരുള്‍ എന്താണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്.

Latest