Connect with us

Alappuzha

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിയമനം: പി എസ് സി നടപടി വിവാദമാകുന്നു

Published

|

Last Updated

ആലപ്പുഴ: മുനിസിപ്പല്‍ കോമണ്‍ സര്‍വീസിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍ സംസ്ഥാന ആരോഗ്യവകുപ്പ് നേരിട്ടു നടത്തുന്ന ഡിപ്ലോമ പാസായവരെ തള്ളി അംഗീകാമില്ലാത്ത കോഴ്‌സ് അടിസ്ഥാന യോഗ്യതയായി പരിഗണിക്കുന്ന പി എസ് സിയുടെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും നടപടി വിവാദമാകുന്നു.രണ്ട് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സ് പാസായ അയ്യായിരത്തോളം ഉദ്യോഗാര്‍ഥികളാണ് തദ്ദേശസ്വയംഭരണ വകുപ്പിന്റെയും പി എസ് സിയുടെയും തലതിരിഞ്ഞ നടപടികള്‍ മൂലം വഴിയാധാരമായിരിക്കുന്നത്.കഴിഞ്ഞ 2005ലാണ് സംസ്ഥാന ആരോഗ്യവകുപ്പ് ദ്വിസത്സര ഡിപ്ലോമ കോഴ്‌സിന് രൂപം നല്‍കിയത്.മുനിസിപ്പല്‍കോമണ്‍ സര്‍വീസ്, ആരോഗ്യവകുപ്പ്, ആരോഗ്യവിദ്യാഭ്യാസ വകുപ്പ് എന്നിവിടങ്ങളില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്ക് നിയമിക്കപ്പെടുന്നതിന് യോഗ്യതയായി പരിഗണിച്ചാണ് ആരോഗ്യവകുപ്പ് ദ്വിവത്സര ഡിപ്ലോമ കോഴ്‌സിന് തുടക്കം കുറിച്ചത്.എന്നാല്‍ നാളിത് വരെ, മുനിസിപ്പല്‍ കോമണ്‍ സര്‍വീസിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിയമനത്തിന് ഈ യോഗ്യതയുള്ളവരെ പരിഗണിക്കാന്‍ നടപടിയായിട്ടില്ല.വര്‍ഷം തോറും നൂറുകണക്കിന് ഒഴിവുകളാണ് മുനിസിപ്പല്‍ കോമണ്‍ സര്‍വീസിലെ ഈ തസ്തികയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.എന്നാല്‍ പി എസ് സി നോട്ടിഫിക്കേഷന്‍ വരുമ്പോള്‍ ഇതിന്റെ അടിസ്ഥാന യോഗ്യതയായി ഇപ്പോഴും നിശ്ചയിക്കപ്പെട്ടിട്ടുള്ളത് കാലഹരണപ്പെട്ടതും അംഗീകാരമില്ലാത്തതുമായ സ്വകാര്യ സ്ഥാപനങ്ങള്‍ നടത്തി വരുന്ന മൂന്ന് മാസത്തേയും പത്ത് മാസത്തെയും സാനിട്ടറി ഇന്‍സ്‌പെക്ടര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സാണ്.മുംബൈ ആസ്ഥാനമായുള്ള സ്വകാര്യ സ്ഥാപനങ്ങളാണ് ഈ കോഴ്‌സ് നടത്തിവരുന്നത്.കേരളത്തില്‍ പല സ്ഥലങ്ങളിലും ഇപ്പോഴും ഈ കോഴ്‌സ് പഠിപ്പിക്കുന്നുണ്ടെങ്കിലും ഇതിന് മഹാരാഷ്ട്രാ സര്‍ക്കാരിന്റെ പോലും അംഗീകാരമില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.എന്നാല്‍ സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ വകുപ്പും പി എസ് സിയും ഇതൊന്നും അറിഞ്ഞ മട്ടില്ല.നേരത്തെയുണ്ടായിരുന്ന ഒരു വര്‍ഷ ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ദ്വിവത്സരമാക്കി മാറ്റിയത്.സംസ്ഥാനത്തെ 17 കേന്ദ്രങ്ങളില്‍ ആരോഗ്യവകുപ്പിന് കീഴില്‍ ഈ കോഴ്‌സ് നടത്തി വരുന്നു.2008ല്‍ അന്നത്തെ ആരോഗ്യവകുപ്പ് മന്ത്രി പി കെ ശ്രീമതി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിയമനങ്ങള്‍ക്ക് ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സ് അടിസ്ഥാന യോഗ്യതയാക്കി നിശ്ചയിച്ചിരുന്നു.ആരോഗ്യ വകുപ്പില്‍ ഇതോടെ ഈ നിയമനങ്ങളുടെ അടിസ്ഥാന യോഗ്യത ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആയി ഇപ്പോഴും തുടരുന്നുണ്ട്.ഇവിടെയാകട്ടെ കുറഞ്ഞ നിയമനങ്ങള്‍ മാത്രമാണ് നടക്കുന്നത്.എന്നാല്‍ തദ്ദേശസ്വയം ഭരണ വകുപ്പ് ആരോഗ്യവകുപ്പിന്റെ ഈ ഉത്തരവ് നടപ്പാക്കാന്‍ തയ്യാറാകാതിരുന്നതാണ് മുനിസിപ്പല്‍ കോമണ്‍ സര്‍വീസിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തികയുടെ അടിസ്ഥാന യോഗ്യത ഇപ്പോഴും സാനിട്ടറി ഇന്‍സ്‌പെക്ടര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സായി തുടരുന്നത്.ഇതോടെ ഏറെ കഷ്ടപ്പെട്ട് പഠനം നടത്തി സര്‍ക്കാര്‍ അംഗീകൃത ഡിപ്ലോമ കരസ്ഥമാക്കിയവര്‍ സര്‍ക്കാര്‍ നിയമനങ്ങളില്‍ നിന്ന് പുറംതള്ളപ്പെടുകയാണ്.മുനിസിപ്പല്‍ കോമണ്‍ സര്‍വീസിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിയമനങ്ങള്‍ക്ക് ആരോഗ്യവകുപ്പിന്റെ ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അടിസ്ഥാന യോഗ്യതയാക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികളും വിദ്യാര്‍ഥികളും പ്രക്ഷോഭത്തിന് തുടക്കം കുറിച്ചു കഴിഞ്ഞു.ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന കൂട്ടധര്‍ണയില്‍ നൂറുകണക്കിന് ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്തു.ഈ ആവശ്യം ഉന്നയിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്കും പി എസ് സിക്കും ഉദ്യോഗാര്‍ഥികള്‍ നിവേദനം നല്‍കി.

---- facebook comment plugin here -----

Latest