സ്‌കോട്‌ലാന്‍ഡ് പോലീസില്‍ ഇനി ഹിജാബ് ധാരികളും

Posted on: August 25, 2016 6:01 am | Last updated: August 25, 2016 at 1:00 am

ലണ്ടന്‍: ഹിജാബും ശിരോവസ്ത്രവും സ്‌കോട്‌ലാന്‍ഡ് പോലീസിന്റെ ഔദ്യോഗിക യൂനിഫോമില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം. മുസ്‌ലിം വനിതകളെ പോലീസ് സേനയിലേക്ക് ആകര്‍ഷിപ്പിക്കുന്നതിന് വേണ്ടിയാണ് പുതിയ തീരുമാനം. നേരത്തെ പോലീസ് സേനയിലെ മുസ്‌ലിം വനിതകള്‍ക്ക് ശിരോവസ്ത്രവും ഹിജാബും ധരിക്കാനുള്ള അനുമതി നല്‍കിയിരുന്നെങ്കിലും ഇതാദ്യമായാണ് ഔദ്യോഗിക യൂനിഫോമായി ഹിജാബ് കൊണ്ടുവരുന്നത്.
പോലീസും പൊതുജനങ്ങളും തമ്മിലുള്ള അകലം കുറക്കാനും സമൂഹത്തിലെ എല്ലാ വിഭാഗത്തിലുള്ള ജനങ്ങളെ പ്രതിനിധീകരിക്കുന്ന സംവിധാനമായി പോലീസ് സേനയെ മാറ്റാനും അധികൃതര്‍ തീരുമാനിക്കുന്നുണ്ട്. പുതിയ പ്രഖ്യാപനം ഏറെ സന്തോഷത്തോടെയാണ് അറിയിക്കുന്നതെന്നും രാജ്യത്തെ മുസ്‌ലിം ജനങ്ങളും മറ്റ് സമൂദായങ്ങളും പോലീസ് ഉദ്യോഗസ്ഥരും പുതിയ തീരുമാനത്തെ സ്വാഗതം ചെയ്യുമെന്ന് വിശ്വസിക്കുന്നതായും പോലീസ് മേധാവി ഫില്‍ ഗോര്‍മ്‌ലി വ്യക്തമാക്കി.
ഇസില്‍ തീവ്രവാദികള്‍ക്കെതിരായ നടപടികളുടെ പേരില്‍ മുസ്‌ലിം ശിരോവസ്ത്രങ്ങള്‍ക്കും ഹിജാബുകള്‍ക്കുമെതിരെ യൂറോപ്യന്‍ രാജ്യങ്ങളില്‍ വ്യാപകമായ രീതിയില്‍ പ്രചാരണം നടക്കുന്നതിനിടെയാണ് സ്‌കോട്‌ലാന്‍ഡ് പോലീസിന്റെ തീരുമാനം എന്നത് ശ്രദ്ധേയമാണ്. സുരക്ഷ പ്രശ്‌നമാണെന്ന് ആരോപിച്ച് ഹിജാബും ശിരോവസ്ത്രവും നിരോധിക്കണമെന്നുള്ള ആവശ്യവും യൂറോപ്പില്‍ ഉയര്‍ന്നുവരുന്നുണ്ട്.
എഷ്യന്‍, കറുത്തവര്‍ഗ്ഗക്കാര്‍, മുസ്‌ലിം, അറബ് തുടങ്ങി വ്യത്യസ്ത ജനവിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്‌കോട്‌ലാന്‍ഡിലെ എല്ലാ വിഭാഗങ്ങളിലും പെട്ടവര്‍ പോലീസ് സേനയില്‍ ഉള്‍പ്പെടുത്തണമെന്നാണ് അധികൃതര്‍ ലക്ഷ്യംവെക്കുന്നത്.