Connect with us

Editorial

കലഹത്തിന്റെ കാര്യമെന്ത്?

Published

|

Last Updated

ശബരിമല അവലോകന യോഗത്തില്‍ മുഖ്യമന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും തമ്മില്‍ നടന്ന വാഗ്വാദം തുടര്‍ ചര്‍ച്ചകള്‍ക്ക് ഇടം നല്‍കിയിരിക്കുകയാണ്. വി ഐ പി സന്ദര്‍ശനം ഒഴിവാക്കണമെന്നും തിരുപ്പതി മാതൃകയില്‍ പാസ് ഏര്‍പ്പെടുത്താമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചതോടെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രകോപിതനായി. മുഖ്യമന്ത്രി പരാമര്‍ശിക്കാത്ത സ്ത്രീ പ്രവേശം എടുത്തിടുകയും പോലീസ് ആളുകളുടെ കണക്കെടുക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ശഠിക്കുകയും ചെയ്തു. തിരക്ക് കുറക്കാന്‍ ക്ഷേത്രം ദിവസവും തുറക്കാന്‍ കഴിയുമോ എന്ന് ആലോചിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. നിത്യദര്‍ശനം തീരുമാനം എന്ന നിലയിലല്ല പറഞ്ഞതെന്നും സാധിക്കുമോ എന്ന് ആരാഞ്ഞതാണെന്നും പരുക്കനായി സംസാരിക്കാനല്ലല്ലോ ഇവിടെ ചേര്‍ന്നതെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. സുരക്ഷ കണക്കിലെടുത്ത് ഭക്തരെ നിരീക്ഷിക്കുന്നത് ഒഴിവാക്കാനാകില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി കേരളത്തിന്റെ കാര്യം ശ്രദ്ധിക്കാന്‍ ദേവസ്വം ബോര്‍ഡിന് മാത്രം കഴിയുമോ എന്നും തിരിച്ചടിച്ചു.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാല കൃഷ്ണന്റെ സമീപനത്തിനെതിരെ പി സി ജോര്‍ജ് അടക്കമുള്ള ജനപ്രതിനിധികളും അനുകൂലമായി സംഘ്പരിവാര്‍ സഹയാത്രികരും രംഗത്തെത്തി. അല്‍പ്പം അതിര് കടന്നുപോയെന്ന് തോന്നിയതുകൊണ്ടാകാം, രാജിക്ക് തയ്യാറാണെന്ന് ഗോപാല കൃഷ്ണന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കുമ്മനം രാജശേഖരന്‍ പതിവുപോലെ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തുകയും ചെയ്തു. ഇടതുപക്ഷത്തെ വിശ്വാസികളില്‍ നിന്ന് അകറ്റാനുള്ള ശ്രമങ്ങള്‍ വിലപ്പോകില്ലെന്ന വിശദീകരണം മുഖ്യമന്ത്രി ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ശബരിമലയിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളിലും ഹജ്ജ് തീര്‍ഥാടകര്‍ക്ക് സഹായം നല്‍കുന്ന സംരംഭത്തിലും ഒരേ മനസ്സോടെ മുഴുകാന്‍ കഴിയുന്നത്, മതത്തിന്റെയോ ജാതിയുടെയോ പരിമിതികള്‍ക്കപ്പുറം മനുഷ്യനെ കാണാന്‍ കഴിയുന്നത് കൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ അതിവൈകാരികമായ പെരുമാറ്റത്തിന്റെ പൊരുളെന്തെന്ന് വ്യക്തമല്ല. മുഖ്യമന്ത്രി വിഷയം അവതരിപ്പിച്ചു എന്നല്ലാതെ അടിച്ചേല്‍പ്പിക്കുന്ന അധികാരിയുടെ സ്വരം അതിനുണ്ടായിരുന്നില്ല. ഭൗതിക സാഹചര്യങ്ങളെക്കുറിച്ചാണ് മുഖ്യമായും പിണറായി വ്യക്തമാക്കിയത്. ആചാരപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ സമ്മതിക്കില്ലെന്ന് പ്രസിഡന്റ് വിശദീകരിക്കുന്നു. എന്നാല്‍, അത്തരമൊരു കാര്യത്തിലേക്ക് ഇവിടെ പോയിട്ടില്ല. മുഖ്യമന്ത്രി തന്നെ സൂചിപ്പിച്ച പോലെ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് രാഷ്ട്രീയമായ താത്പര്യങ്ങളുണ്ടോ എന്ന സന്ദേഹം പ്രസക്തമാണ്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തെ നോമിനിയാണെങ്കിലും അദ്ദേഹത്തിന്റെ ഉള്ളില്‍ ആളുന്നത് ഏത് രാഷ്ട്രീയ വികാരമാണെന്ന് പലരും സംശയിക്കുന്നുണ്ട്. തീര്‍ച്ചയായും ആ ശൗര്യത്തില്‍ ഒരു രാഷ്ട്രീയമുണ്ട്. അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ചേരുവകള്‍ ഭീതിപ്പെടുത്തുന്നതുമാണ്. അല്ലെങ്കില്‍ കലഹത്തിന്റെ കാര്യമെന്തായിരുന്നു അവിടെ?
ഇത്തരം ചുമതലകളില്‍ അവരോധിക്കപ്പെടുന്നവര്‍ക്ക് ആരോടാണ് ആഭിമുഖ്യം എന്നത് പ്രധാനമാണ്. നിലപാടുകളോടും വ്യത്യസ്ത വിഭാഗങ്ങളോടും സഹിഷ്ണത പുലര്‍ത്താന്‍ കഴിയുന്നവരും പക്വമതികളും ആകണം അവര്‍. വിദ്വേഷ രാഷ്ട്രയത്തിന്റെ നടത്തിപ്പുകാരോ ഇടുങ്ങിയ മനോവ്യാപാരങ്ങളുള്ളവരോ ആയാല്‍ അതിനു ബഹുസ്വര സമൂഹം നല്‍കേണ്ടിവരുന്ന വില വലുതായിരിക്കും. സംഘ്പരിവാര്‍ താത്പര്യം മുന്‍നിര്‍ത്തി കേരളവര്‍മ കോളജ് അധ്യാപിക ദീപ നിശാന്തിനെതിരെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അന്വേഷണം പ്രഖ്യാപിച്ചത് ആലോചിക്കുക. ഒരു മതേതര സര്‍ക്കാറിന് കീഴിലുള്ള ബോര്‍ഡായിരുന്നല്ലോ അത് ചെയ്തത്. മതേനിരപേക്ഷ ശക്തികളുടെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതുകൊണ്ട് മാത്രമാണ് നിയമനടപടി എടുക്കാതിരുന്നത്. ഇത്തരം വിഷയങ്ങളില്‍ മതനിരപേക്ഷ കക്ഷികളില്‍ പെട്ടവര്‍ തന്നെ സംഘ്പരിവാര്‍ രാഷ്ട്രീയം സംസാരിക്കുന്നത് നിരാശാജനകമാണ്. ദേവസ്വം നിയമനങ്ങള്‍ പി എസ് സിക്ക് വിടുന്ന വിഷയത്തില്‍ അത്തരം ചില അനുഭവങ്ങളുണ്ടായല്ലോ. ഹ്രസ്വകാല രാഷ്ട്രീയ ലാക്കുകള്‍ക്ക് ഇത്തരം വിഷയങ്ങളെ ഉപയോഗിക്കുന്നതിന് ഈ നാട് നല്‍കേണ്ടിവരുന്ന വില ചെറുതായിരിക്കില്ല.
അതേസമയം വിശ്വാസ സംബന്ധമായ വിഷയങ്ങളില്‍ ഇടപെടുമ്പോള്‍ ഭരണകൂടവും രാഷ്ട്രീയ നേതൃത്വവും ജാഗ്രത പുലര്‍ത്തണം. വര്‍ഗീയത തിടം വെക്കുന്ന സാമൂഹിക സാഹചര്യമാണ് നിലനില്‍ക്കുന്നത്. വിശ്വാസികളുടെ ലോലവികാരങ്ങളെ കുത്തിയിളക്കാനും ചീത്ത ചിന്തകളിലേക്ക് അവരെ തള്ളിവിടാനുമൊക്കെ ശ്രമങ്ങള്‍ നടക്കുന്ന ഘട്ടത്തില്‍ സൂക്ഷ്മമായേ നീങ്ങാന്‍ പാടുള്ളൂ.
അതുപോലെ, ആരാധനാലയങ്ങളുടെയും മത ചടങ്ങകളുടെയും കാര്യത്തില്‍ സര്‍ക്കാറുകള്‍ കൈ കടത്തുന്നത് തെറ്റായ വഴക്കമാകും. കേവല യുക്തിയുടെ പരിമിതിക്കുള്ളില്‍ നിന്നല്ല മതപരമായ കാര്യങ്ങള്‍ നടക്കുന്നത്. അതിന്റെ തലം മറ്റൊന്നാണല്ലോ.

Latest