ഹരിയാന മുഖ്യമന്ത്രിക്ക് നാക്ക് പിഴച്ചു; ഹൈദരാബാദുകാരി പിവി സിന്ധുവിനെ കര്‍ണാടക്കാരിയാക്കി

Posted on: August 24, 2016 11:14 pm | Last updated: August 24, 2016 at 11:14 pm
വെങ്കല മെഡല്‍ നേടിയ സാക്ഷി മാലിക്കും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറും.
വെങ്കല മെഡല്‍ നേടിയ സാക്ഷി മാലിക്കും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറും.

ന്യൂഡല്‍ഹി: റിയോ ഒളിമ്പിക്‌സില്‍ വെങ്കലമെഡല്‍ നേടിയ സാക്ഷി മാലിക്കിനെ ആദരിക്കുന്ന ചടങ്ങില്‍ നാക്കുപിഴച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിന്റെ പ്രസംഗം. ബാഡ്മിന്റണില്‍ വെള്ളി മെഡല്‍ നേടിയ ഹൈദരാബാദുകാരിയായ പി.വി.സിന്ധുവിന്റെ പേര് മറന്ന ഖട്ടര്‍, സിന്ധു കര്‍ണാടക സ്വദേശിയാണെന്നുകൂടി പറഞ്ഞു.

രക്ഷാബന്ധന്‍ ദിനത്തില്‍ രാജ്യത്തിന്റെ രണ്ടു പെണ്‍കുട്ടികള്‍ മെഡല്‍ നേടിയതില്‍ അഭിമാനിക്കുന്നു. ഹരിയാനയില്‍നിന്നുള്ള സാക്ഷി മാലിക്കും. അടുത്തയാളുടെ പേര് വേദിയിലുള്ളയാളുകളോട് ചോദിച്ച ശേഷം കര്‍ണാടകയില്‍നിന്നുള്ള പി.വി.സിന്ധുവുമെന്നാണ് സാക്ഷി മാലിക്കിനെ ആദരിക്കാനായി ചേര്‍ന്ന ചടങ്ങില്‍ ഖട്ടര്‍ പറഞ്ഞത്. പി.വി.സിന്ധുവിന് 50 ലക്ഷം രൂപ പുരസ്‌കാരവും നല്‍കുമെന്ന് മുഖ്യമന്ത്രി ചടങ്ങില്‍വച്ചു പ്രഖ്യാപിച്ചു. വെങ്കല മെഡല്‍ നേടിയ സാക്ഷി മാലിക്കിന് 2.5 കോടി രൂപയുടെ ചെക്ക് ഖട്ടര്‍ കൈമാറി.