ജയലളിതക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശം

Posted on: August 24, 2016 1:13 pm | Last updated: August 25, 2016 at 8:50 am

jayalalithaന്യൂഡല്‍ഹി:തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശം. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ തങ്ങള്‍ക്കെതിരെയുള്ള വിമര്‍ശങ്ങള്‍ ഉള്‍കൊള്ളണമെന്ന് കോടതി പറഞ്ഞു. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയായ താങ്കള്‍ വിമര്‍ശങ്ങളെ നേരിടണം. അപകീര്‍ത്തി കേസുകള്‍ക്ക് വേണ്ടി ഭരണസംവിധാനത്തെ ദുരുപയോഗം ചെയ്യുന്ന ഏക സംസ്ഥാനമാണ് തമിഴ്‌നാടെന്നും കോടതി വിമര്‍ശിച്ചു. തമിഴ്‌നാട്ടിലെ നേതാകള്‍ക്കെതിരെ ജയലളിത സമര്‍പ്പിച്ച അപകീര്‍ത്തിക്കേസില്‍ വാദം കേള്‍ക്കവെയാണ് പരാമര്‍ശം.

തമിഴ്‌നാട്ടില്‍ നിന്നും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 200ഓളം അപകീര്‍ത്തി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 55 കേസുകള്‍ മാധ്യമങ്ങള്‍ക്കെതിരെയുള്ളതാണ്. പ്രധാന പ്രതിപക്ഷമായ ഡി.എം.കെക്ക് എതിരെ 85 അപകീര്‍ത്തി കേസുകളാണ് ഫയല്‍ ചെയ്തിരിക്കുന്നത്.

ജയലളിതക്കും സര്‍ക്കാറിനുമെതിരെ വിജയകാന്ത് നടത്തിയ അപകീര്‍ത്തി പരാമര്‍ശങ്ങളില്‍ 28 കേസുകളാണുണ്ടായിരുന്നത്. ചെന്നൈയിലെ വെള്ളപ്പൊക്കം സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്നതില്‍ ജയലളിത സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന വിജയകാന്തിന്റെ വിമര്‍ശത്തിനെതിരെയാണ് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്.