Connect with us

National

ശാരദ ചിട്ടി തട്ടിപ്പ്: മുന്‍ കേന്ദ്ര മന്ത്രി ചിദംബരത്തിന്റെ ഭാര്യയ്ക്ക് സമന്‍സ്

Published

|

Last Updated

ന്യൂഡല്‍ഹി: ബംഗാളിലെ ശാരദാ ചിട്ടി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെ ഭാര്യയും സുപ്രീംകോടതി അഭിഭാഷകയുമായ നളിനി ചിദംബരത്തിന് എന്‍ഫോഴസ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്. ശാരദാ ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ചോദ്യംചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം. സെപ്തംബര്‍ മാസം ആദ്യത്തോടെ കൊല്‍ക്കത്തയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ ഹാജരാവാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ശാരദാ ചിട്ടി ഫണ്ടിലേക്ക് വന്ന 1.26 കോടി രൂപ സംബന്ധിച്ച യഥാര്‍ത്ഥ വിവരങ്ങളാണ് നളിനിയില്‍ നിന്ന് എന്‍ഫോഴ്‌സമെന്റ് തേടുക. മുന്‍പും ഇതേ വിഷയത്തില്‍ നളിനിയില്‍ നിന്ന് സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റും മൊഴിയെടുത്തിയിരുന്നു. എന്നാലിപ്പോള്‍ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കുന്നതെന്ന് എന്‍ഫോഴസ്‌മെന്റ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

കേസില്‍ നളിനി ചിദംബരത്തെ നേരത്തെ സി.ബി.ഐ തങ്ങളുടെ എഫ്.ഐ.ആറില്‍ പരാമര്‍ശിച്ചിരുന്നു. കുറ്റാരോപിതയോ സാക്ഷിയോ ആയല്ല, ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട ഇടപാടുകളെക്കുറിച്ച് നന്നായി അറിവുണ്ടായിരുന്ന ആളെന്ന നിലയിലാണ് നളിനിയുടെ പേര് ഉള്‍പ്പെടുത്തിയത്.

ശാരദാ ചിട്ടി ഫണ്ടിന്റെ ചെയര്‍മാനും അറസ്റ്റിലായ സുദീപ്ത സെന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നളിനിയെ വീണ്ടും ചോദ്യം ചെയ്യുന്നത്. കേസിലെ മുഖ്യപ്രതിയും മുന്‍ മന്ത്രിയുമായ മതന്‍ സിന്‍ഹിന്റെ ഭാര്യ മനോരഞ്ജന്‍സിംഗിന്റെ നിയമോപദേശകയായി നളിനി ചിദംബരം പ്രവര്‍ത്തിച്ചിരുന്നു.

Latest