Connect with us

Eranakulam

സലഫിസത്തെ ചേര്‍ത്തുപിടിച്ച് ഭീകരതയെ ചെറുക്കാനാവില്ല: മഹല്ല് ജമാഅത്ത് കൗണ്‍സില്‍

Published

|

Last Updated

കൊച്ചി: സലഫി സംഘടനകളെ ചേര്‍ത്ത് പിടിച്ച് ഭീകരതക്കെതിരെ മുസ്‌ലിം സംഘടനാ കൂട്ടായ്മ നടത്തുന്നതിനോട് യോജിക്കാനാവില്ലെന്ന് മഹല്ല് ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ്. മാനവ വിരുദ്ധ ഭീകര സംഘടനയായ ഐ എ സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സലഫി സംഘടനകളും സ്ഥാപനങ്ങളും അന്വേഷണ ഏജന്‍സികളുടെ ഗൗരവമായ അന്വേഷണ നിരീക്ഷണത്തിലിരിക്കുകയും, സലഫി മസ്ജിദിലെ ഇമാമിനെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ സലഫി സംഘടനകളെ പങ്കാളികളാക്കിയുള്ള ഭീകരതക്കെതിരെയുള്ള സംഗമം അപഹാസ്യമാണ്. ഇത്തരം കൂട്ടായ്മയിലൂടെ സലഫി സംഘടനകളെ വെള്ളപൂശാനും സമുദായത്തെ ആകെ സംശയത്തിന്റെ കരിനിഴലില്‍ നിര്‍ത്താനുമേ ഉപകരിക്കുകയുള്ളുവെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി.

ഇക്കാര്യത്തില്‍ രാഷ്ട്രീയ മത സംഘടനകള്‍ നടത്തുന്ന കൂട്ടായ്മകളില്‍ സൂക്ഷ്മ നിരീക്ഷണം നടത്തിയേ ബന്ധപ്പെടാവൂയെന്ന് മുസ്‌ലിം സംഘടനകളോടും മഹല്ല് കമ്മിറ്റികളോടും യോഗം അഭ്യര്‍ഥിച്ചു. സംഘടനയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി മതപണ്ഡിതര്‍, സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് ഭീകരതക്കെതിരെ ജനജാഗ്രതാ സദസുകള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ജനജാഗ്രതാ സദസുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്‌ടോബര്‍ രണ്ടിന് എറണാകുളത്ത് നടത്തും . യോഗത്തില്‍ സീനിയര്‍ വൈസ് പ്രസിഡന്റ് അഡ്വ. ടി കെ ഹസന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി കെ എ കരീം റിപ്പോര്‍ട്ടിംഗ് നടത്തി. ചര്‍ച്ചയില്‍ പി എം അബ്ദുല്‍ഹാജി, തേവറ നൗഷാദ്, ഡോ. എ ബി അലിയാര്‍, സിറാജുദ്ദീന്‍ മാലേത്ത്, ഷംസുദ്ദീന്‍ കുഞ്ഞ് കരുനാഗപ്പള്ളി, നജീബ് കായംകുളം, പി അബ്ദുല്‍ ഖാദര്‍, ഇ എസ് സത്താര്‍, ഡോ. സവാദ് പങ്കെടുത്തു.

Latest