ഇറ്റലിയില്‍ ഭൂകമ്പം; 73 മരണം; നിരവധി പേരെ കാണാതായി

Posted on: August 24, 2016 11:55 pm | Last updated: August 25, 2016 at 12:51 am
SHARE

italy

റോം: മധ്യ ഇറ്റലിയില്‍ ശക്തമായ ഭൂചലനത്തില്‍ 73 പേര്‍ മരിച്ചു. 150ലധികം പേരെ കാണാതായി. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം
റോമിന് നൂറ് കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പം ഉണ്ടായത്. ഉംറിയ മേഖലയിലെ നോര്‍സിയ നഗരത്തിലാണ് പ്രാദേശിക സമയം ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ റിക്ടര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തിയ ആദ്യ ഭൂചലനമുണ്ടായത്. തുടര്‍ന്ന് മൂന്ന് മണിക്കൂറിനുള്ളില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.5 രേഖപ്പെടുത്തിയതുള്‍പ്പെടെ 40 തുടര്‍ചലനങ്ങളുണ്ടായി. ഇറ്റലിയിലെ പെറൂജിയയാണ് പ്രഭവ കേന്ദ്രം. ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ റോമിലും അനുഭവപ്പെട്ടു.
ഭൂകമ്പത്തെ തുടര്‍ന്ന് പരിഭ്രാന്തരായ ജനങ്ങള്‍ കെട്ടിടങ്ങളില്‍ നിന്ന് ഇറങ്ങിയോടി. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുള്ളതായി ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭൂകമ്പത്തില്‍ ഉംറിയ, ലാസിയോ, മാര്‍കേ എന്നീ മേഖലകളിലെ നഗരങ്ങള്‍ സമ്പൂര്‍ണമായി നാമാവശേഷമായി. അക്യുമോലി, അമാര്‍ട്രിസെ, അര്‍ക്വാദ എന്നീ നഗരങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി അമാര്‍ട്ടിസെ മേയര്‍ സെര്‍ജിയോ പിറോസി പറഞ്ഞു. ഭൂകമ്പ ബാധിത പ്രദേശങ്ങളിലേക്കുള്ള റോഡ് വൈദ്യുതി ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടതിനാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടിരിക്കുകയാണ്.
രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് സൈന്യം രംഗത്തുണ്ട്. കാണാതായവരില്‍ രണ്ട് പേര്‍ അഫ്ഗാന്‍ സ്വദേശികളാണ്. ഇറ്റലിക്ക് യൂറോപ്യന്‍ യൂനിയന്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്.
മ്യാന്മറിലും റിക്ടര്‍ സ്‌കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി.
ഇതേ തുടര്‍ന്ന് അയല്‍ പ്രദേശങ്ങളായ ബംഗ്ലാദേശ്, ഇന്ത്യയിലെ ഗുവാഹത്തി, കൊല്‍ക്കത്ത, പറ്റ്‌ന എന്നിവിടങ്ങളിലും ഭൂചലനങ്ങളുണ്ടായി.

 

LEAVE A REPLY

Please enter your comment!
Please enter your name here