അഫ്ഗാന് ഇന്ത്യ കൂടുതല്‍ ആയുധങ്ങള്‍ നല്‍കുന്നു

Posted on: August 24, 2016 9:48 am | Last updated: August 24, 2016 at 9:48 am

WEAPONന്യൂഡല്‍ഹി: കശ്മീര്‍ താഴ്‌വരയിലെ സംഘര്‍ഷമുള്‍പ്പെടെ ഇന്ത്യാ-പാക് ബന്ധം വഷളായ പ്രത്യേക സാഹചര്യത്തില്‍ പാക്കിസ്ഥാനെ സമ്മര്‍ദത്തിലാക്കാന്‍ ഇന്ത്യയുടെ പതിയ നീക്കം. അഫ്ഗാന്‍ സൈന്യത്തിന് അത്യാധുനികമായ ആയുധങ്ങള്‍ നല്‍കാനാണ് ഇന്ത്യയുടെ തീരുമാനം. ഇന്ത്യയിലെ അഫ്ഗാനിസ്ഥാന്‍ സ്ഥാനപതി ഷയ്ദ മുഹമ്മദ് അബ്ദ് അലിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സൈനിക സഹകരണത്തില്‍ പാക്കിസ്ഥാന്‍ നിരന്തരമായി അതൃപ്തി പ്രകടിപ്പിച്ച സാഹചര്യം നിലനില്‍ക്കെയാണ് പാക്കിസ്ഥാനെ പ്രകോപിപ്പിക്കാന്‍ ലക്ഷ്യമിട്ട് കൂടുതല്‍ ആയുധങ്ങള്‍ നല്‍കാനുള്ള ഇന്ത്യയുടെ തീരുമാനമെന്നത് ശ്രദ്ധേയമാണ്.

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ തീവ്രവാദികള്‍ ഉയര്‍ത്തുന്ന ഭീഷണി നേരിടാന്‍ നാല് റഷ്യന്‍ നിര്‍മിത ഹെലികോപ്റ്ററുകള്‍ കഴിഞ്ഞ വര്‍ഷമവസാനം ഇന്ത്യ കൈമാറിയിരുന്നു. ആവശ്യത്തിന് ആയുധങ്ങളില്ലാത്തതുമൂലം അഫ്ഗാനിസ്ഥാനിലെ പ്രാദേശിക സുരക്ഷാ സംവിധാനങ്ങള്‍ തകര്‍ച്ചയിലാണെന്ന് ഇന്ത്യയിലെ അഫ്ഗാന്‍ സ്ഥാനപതി ഷയ്ദ മുഹമ്മദ് അബ്ദ് അലി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന് കൂടുതല്‍ ആയുധ സഹായങ്ങള്‍ അഫ്ഗാനിസ്ഥാന്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു

ഭീകരരെ അമര്‍ച്ച ചെയ്യാനുള്ള അഫ്ഗാന്‍ സര്‍ക്കാറിന്റെ ശ്രമങ്ങളെ സഹായിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ 15 വര്‍ഷത്തിനിടെ രണ്ടു ബില്യണിലധികം ഡോളറിന്റെ സാമ്പത്തിക സഹായം ഇന്ത്യ അഫ്ഗാനിസ്ഥാന് നല്‍കിയിട്ടുണ്ടെന്നാണ് കണക്ക്. ഇതിനു പുറമെയാണ് അഫ്ഗാനിസ്ഥാന് കൂടുതല്‍ ആയുധങ്ങള്‍ ലഭ്യമാക്കാനുള്ള ഇന്ത്യയുടെ നീക്കം. പാക്കിസ്ഥാന്‍ അവരുടെ സ്വാധീന മേഖലയായി കരുതുന്ന രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. അവിടെ ചുവടുറപ്പിക്കാനുള്ള ഇന്ത്യയുടെ നീക്കം പാക്കിസ്ഥാനെ പ്രകോപിപ്പിച്ചേക്കും.