തന്ത്രം മാറ്റി ബി എസ് പി; ദളിത്-മുസ്‌ലിം സഖ്യത്തിന് ശ്രമം

Posted on: August 24, 2016 9:41 am | Last updated: August 24, 2016 at 9:41 am

mayawati-kh0H--621x414@LiveMintലക്‌നോ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുമ്പോള്‍ മായാവതിയുടെ ബി എസ് പി പുതിയ തന്ത്രങ്ങളുമായി രംഗത്ത് വരുന്നു. ഗുജറാത്തില്‍ ദളിത് പീഡനത്തിനെതിരെ ഉയര്‍ന്നു വരുന്ന പ്രക്ഷോഭം ഉത്തര്‍പ്രദേശിലും പ്രതിഫലിക്കുകയും സംഘ്പരിവാര്‍ സംഘടനകള്‍ക്കെതിരെ ജനരോഷം ശക്തമാകുകയും ചെയ്യുമ്പോള്‍ ദളിത്, മുസ്‌ലിം സഖ്യം സാധ്യമാക്കാനാണ് മായാവതി ശ്രമിക്കുന്നത്. പശു രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരമൊരു നീക്കം വലിയ ഗുണം ചെയ്യുമെന്നാണ് അവരുടെ കണക്ക് കൂട്ടല്‍. പശു സംരക്ഷണ വാദികളുടെ അക്രമാസക്ത നീക്കങ്ങളുടെ ഇരകള്‍ എന്ന നിലക്കാണ് അവര്‍ മുസ്‌ലിം- ദളിത് ഐക്യത്തെ കുറിച്ച് പറയുന്നത്. കഴിഞ്ഞ ദിവസം ആഗ്രയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ അവര്‍ നടത്തിയ പ്രസംഗം ഇത്തരമൊരു സഖ്യസാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സവര്‍ണരെ വിട്ട് ദളിത്, മുസ്‌ലിം വിഭാഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബി എസ് പിയുടെ തീരുമാനം.

എസ് പി, ബി ജെ പി മുന്നേറ്റം പ്രവചിച്ച് ചില സര്‍വേകള്‍ പുറത്ത് വരുന്ന സാഹചര്യത്തില്‍ കളം മാറിച്ചവിട്ടേണ്ടത് അനിവാര്യമാണെന്നും പാര്‍ട്ടി വിലയിരുത്തുന്നു. യു പിയില്‍ കേവല ഭൂരിപക്ഷം കിട്ടിയ 2007 ആവര്‍ത്തിക്കുക മാത്രമല്ല, സംസ്ഥാന രാഷ്ട്രീയത്തില്‍ ദീര്‍ഘ കാലം നിലനില്‍ക്കുന്ന സഖ്യ പരീക്ഷണമാണ് അവരുടെ ലക്ഷ്യം. ഇതിന്റെ മുന്നോടിയായാണ് അവര്‍ ബി ജെ പിയെ കടന്നാക്രമിക്കുന്നത്. സംസ്ഥാനത്ത് നടക്കുന്ന എല്ലാ കലാപങ്ങള്‍ക്കും പിന്നില്‍ ബി ജെ പിയും ഭരണകക്ഷിയായ എസ് പിയുമാണെന്ന് അവര്‍ വാദിക്കുന്നു. ഈ സാഹചര്യത്തില്‍ മുസ്‌ലിംകള്‍ക്ക് സമാജ്‌വാദി പാര്‍ട്ടിയെ വിശ്വസിക്കാനാകില്ല. സംഘ് പരിവാര്‍ രാഷ്ട്രീയത്തെ എതിര്‍ക്കാന്‍ എസ് പിക്കോ കോണ്‍ഗ്രസിനോ സാധ്യമല്ലെന്ന് മായാവതിയും സഹ നേതാക്കളും പറയുന്നു. സംസ്ഥാനത്ത് 22 ശതമാനം വരുന്ന ദളിതുകളും 18 ശതമാനം വരുന്ന മുസ്‌ലിംകളും ഒന്നിച്ചാല്‍ വലിയ രാഷ്ട്രീയ മാറ്റമുണ്ടാക്കാനാകുമെന്നും അവര്‍ കണക്ക് കൂട്ടുന്നു. എന്നാല്‍ സവര്‍ണ വിഭാഗത്തെ പൂര്‍ണമായി ഉപേക്ഷിക്കുന്നതില്‍ പാര്‍ട്ടിയിലെ ചില കേന്ദ്രങ്ങള്‍ അതൃപ്തരാണ്. 2007ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി 30.43 ശതമാനം വോട്ട് നേടിയപ്പോള്‍ ബ്രാഹ്മണ വിഭാഗം പ്രധാന പങ്കു വഹിച്ചിരുന്നുവെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അന്ന് 403 സീറ്റുകളില്‍ 206 സീറ്റാണ് മായാവതി നേടിയത്.

ഇക്കാര്യത്തില്‍ പാര്‍ട്ടിക്കകത്ത് ചില തര്‍ക്കങ്ങള്‍ നടക്കുന്നുണ്ടെങ്കിലും എസ് പിയുടെ മുസ്‌ലിം- യാദവ് കോമ്പിനേഷന്‍ തകര്‍ത്തേ മതിയാകൂ എന്ന നിലപാടില്‍ മായാവതി ഉറച്ച് നില്‍ക്കുകയാണ്. ദളിത്, മുസ്‌ലിം വിഭാഗങ്ങള്‍ക്ക് പുറമെ ബ്രാഹ്മണരെയും യാദവേതര സമുദായങ്ങളെയും മറ്റു പിന്നാക്ക വിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയുള്ള മഴവില്‍ സഖ്യമായിരുന്നു മായാവതി ഇതുവരെ തിരഞ്ഞെടുപ്പുകളില്‍ പയറ്റിയിരുന്നത്. എന്നാല്‍ അതില്‍ നിന്നും മാറി ദളിതര്‍ക്കും മുസ്‌ലിംകള്‍ക്കും കൂടുതല്‍ സീറ്റുകള്‍ നല്‍കി അവരുടെ വോട്ടുകള്‍ പെട്ടിയിലാക്കാനാണ് മായവതിയുടെ നീക്കം. ഇതില്‍ പ്രതിഷേധിച്ചാണ് ബി എസ് പിയുടെ ബ്രാഹ്മണ മുഖമായ ബ്രിജേഷ് പഥക് പാര്‍ട്ടി വിട്ട് ബി ജെ പിയില്‍ ചേര്‍ന്നതെന്നാണ് സൂചന.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സവര്‍ണ വിഭാഗങ്ങളില്‍ നിന്ന് 117 സ്ഥാനാര്‍ഥികളെ മായാവതി നിര്‍ത്തിയിരുന്നു. എന്നാല്‍ ഇത്തവണ ഇത് 60ലും താഴെയായിരിക്കുമെന്നാണ് മായാവതിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. പകരം മുസ്‌ലിംകള്‍ക്ക് കൂടുതല്‍ സീറ്റ് നല്‍കും. 2007ല്‍ 61 മുസ്‌ലിം സ്ഥാനാര്‍ഥികളെ മാത്രമാണ് ബി എസ് പി നിര്‍ത്തിയത്. ബി ജെ പി ലക്ഷ്യം വെക്കുന്നത് 2007ല്‍ മായാവതി പയറ്റിയ മഴവില്‍ സഖ്യമാണ്.
ബി എസ് പി വിട്ടു വന്ന സവര്‍ണ നേതാവ് ബ്രിജേഷിന് പുറമെ ഒ ബി സി വിഭാഗത്തില്‍ പെടുന്ന ബി എസ് പി നേതാവായിരുന്ന സ്വാമി പ്രസാദ് മൗര്യയും അടുത്തിടെ ബി ജെപിയില്‍ ചേര്‍ന്നിരുന്നു.