സ്വര്‍ണക്കടത്ത്: പ്രതികള്‍ക്ക് വേണ്ടി കോടികള്‍ ഒഴുക്കുന്നത് വമ്പന്മാര്‍

Posted on: August 24, 2016 9:30 am | Last updated: August 24, 2016 at 9:30 am

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കോഫെപോസ നിയമപ്രകാരം തടങ്കലില്‍ കഴിയുന്ന പ്രതികള്‍ക്ക് വേണ്ടി കേസ് നടത്തുന്നതിന് കോടികള്‍ ഒഴുക്കുന്നത് തിരശ്ശീലക്ക് പിന്നില്‍ മറഞ്ഞിരിക്കുന്ന വമ്പന്മാരെന്ന് വിജിലന്‍സിന് സൂചന ലഭിച്ചു. ജഡ്ജിക്ക് കോഴ വാഗ്ദാനം ചെയ്തതും എന്‍ ഐ എയുടെ അഭിഭാഷകനെ സ്വര്‍ണക്കടത്ത് കേസില്‍ വാദിക്കാനായി വിലക്കെടുത്തതിനും പിന്നില്‍ ഇവരാണെന്നാണ് വിവരം. ഇവരെക്കുറിച്ച് വിജിലന്‍സ് വിശദമായ അന്വേഷണം ആരംഭിച്ചു.

കോഫെപോസ തടങ്കലില്‍ നിന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ രക്ഷിക്കാനായി ഇവര്‍ ഇതിനോടകം കോടികള്‍ ഒഴുക്കിയെന്നാണ് വിജിലന്‍സിന് ലഭിച്ച വിവരം. കോഴ വാഗ്ദാനത്തെ തുടര്‍ന്ന് ജസ്റ്റിസ് കെ ടി ശങ്കരന്‍ കോഫെപോസ തടവുകാരുടെ കേസുകളില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു. ഇതിന് ശേഷവും കോടികള്‍ ഒഴുക്കാന്‍ തയ്യാറായി ഇവര്‍ ഹൈക്കോടതിയെ ചുറ്റിപ്പറ്റി രഹസ്യ നീക്കങ്ങള്‍ തുടരുകയാണെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ പറയുന്നു.
നെടുമ്പാശ്ശേരി സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതിയായ മൂവാറ്റുപുഴ സ്വദേശി നൗഷാദ് അടക്കമുള്ളവരുടെ അപ്പീല്‍ കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറിക്കൊണ്ട്് ജസ്റ്റിസ് ശങ്കരന്‍ തന്നെയാണ് തുറന്ന കോടതിയില്‍ പ്രതികളുടെ ഭാഗത്തു നിന്ന് കോഴ വാഗ്ദാനമുണ്ടായ കാര്യം അറിയിച്ചത്.

ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് എറണാകുളത്തെ വിജിലന്‍സ് സ്‌പെഷ്യല്‍ സെല്ലിന് നിര്‍ദേശം നല്‍കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ജസ്റ്റിസ് കെ ടി ശങ്കരനില്‍ നിന്നും കോടതിയിലുണ്ടായിരുന്ന അഭിഭാഷകരില്‍ നിന്നും രജിസ്ട്രാറില്‍ നിന്നും വിജിലന്‍സ് മൊഴിയെടുത്തിരുന്നു.

സുഹൃത്തായ അഭിഭാഷകന്‍ മുഖേനയാണ് പ്രതികളുടെ ആളുകള്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചതെന്ന് ജസ്റ്റിസ് കെ ടി ശങ്കരന്‍ മൊഴി നല്‍കിയതിനെ തുടര്‍ന്ന് സുഹൃത്തില്‍ നിന്നും മൊഴിയെടുക്കുകയുണ്ടായി. കോഴ വാഗ്ദാനം വന്ന ഫോണ്‍ നമ്പര്‍ കണ്ടെത്തുന്നതിന് ഫോണ്‍ കോള്‍ വിശദാംശങ്ങളും ശേഖരിച്ചു. പക്ഷെ ആരാണ് കോഴ വാദ്ഗാനം ചെയ്തത് എന്നതിനെക്കുറിച്ച് ഒരു സൂചനയും വിജിലന്‍സിന് ലഭിച്ചില്ല.

അന്വേഷണം അവസാനിപ്പിക്കാന്‍ വിജിലന്‍സ് ഒരുങ്ങുമ്പോഴാണ് പ്രതികള്‍ക്ക് വേണ്ടി പുറത്തുള്ള ചില വമ്പന്മാര്‍ നടത്തുന്ന ഇടപെടലുകളെക്കുറിച്ച് വിജിലന്‍സിന് സൂചന ലഭിക്കുന്നത്. എന്‍ ഐ എ അഭിഭാഷകനെ രംഗത്തിറക്കിയതോടെ ഉന്നതതലങ്ങളില്‍ പ്രതികള്‍ക്ക് വേണ്ടി നീക്കം നടക്കുന്നുണ്ടെന്ന് വ്യക്തമായി. തുടര്‍ന്ന് പ്രതികളുടെ ബിനാമി സ്വത്ത് വിവരങ്ങളെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും വിജിലന്‍സ് രഹസ്യാന്വേഷണം നടത്തി.
ഹൈക്കോടതി കേന്ദ്രീകരിച്ച് കോടികള്‍ ഒഴുക്കുന്നതിന് പ്രതികളുടെ സംരക്ഷകര്‍ വീണ്ടും നീക്കം നടത്തുന്നതായി ഇതിനിടയില്‍ വിജിലന്‍സിന് വിവരം ലഭിച്ചെങ്കിലും ഇടപെടാന്‍ അധികാരമില്ലാത്തതിനാല്‍ തങ്ങള്‍ നിസ്സഹായരാണെന്ന് വിജിലന്‍സ് പറയുന്നു.