നിയമസഭാ സെക്രട്ടേറിയറ്റിനെ കൂടുതല്‍ ജനകീയമാക്കണം: സ്പീക്കര്‍

Posted on: August 24, 2016 9:26 am | Last updated: August 24, 2016 at 9:26 am

തിരുവനന്തപുരം: നിയമസഭാ സെക്രട്ടേറിയറ്റിനെ കൂടുതല്‍ ജനകീയമാക്കണമെന്നു സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. നിയമസഭ പാര്‍ലമെന്ററി പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കുട്ടികളുടെ അവകാശങ്ങള്‍ നേരിടുന്ന രണ്ടാം തലമുറപ്രശ്‌നങ്ങള്‍ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കര്‍. ഭരണഘടനയുടെ മൂല്യങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ എത്തിക്കണം. നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്ന ജനാധിപത്യം ലോകത്തിനാകെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഊര്‍ജ്ജസ്വലമായ പാഠശാലകളാണ് പാര്‍ലമെന്റും നിയമസഭകളും. വിഘടനവാദത്തിന്റെയും വര്‍ഗീയതയുടെയും പ്രശ്‌നങ്ങള്‍ ഉണ്ടാവുമെങ്കിലും ജനാധിപത്യത്തിന് അതിനെ നശിപ്പിക്കാനാവുമെന്ന് നെഹ്‌റു പറഞ്ഞിട്ടുണ്ട്. ഭരണഘടന കേവലം ഖണ്ഡങ്ങള്‍ മാത്രമല്ല അതിസൂക്ഷ്മമായ ഒരാഭരണം പോലെ മൂല്യങ്ങളുടെ ഊര്‍ജ്ജ പ്രഭാവം ഉളളതാണ്.

പാര്‍ലമെന്ററി ജനാധിപത്യം നിലനിര്‍ത്തുന്നതില്‍ നമ്മള്‍ വിജയിച്ചു. എന്നാല്‍ അത് ബോധ്യപ്പെടുത്തുന്നതില്‍ വിജയിച്ചോയെന്നു പരിശോധിക്കണം. ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കുമെതിരെ വിവേചനം നടക്കുന്നുണ്ടെന്നു രാഷ്ട്രപതി തന്നെ പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യം സമ്പുഷ്ടമായ അര്‍ത്ഥത്തില്‍ എത്തിയിട്ടില്ല. പാര്‍ലമെന്ററി ജനാധിപത്യം സംരക്ഷിക്കുന്ന ചട്ടങ്ങള്‍ ഉണ്ടെങ്കിലും ഇനിയും കൂടുതല്‍ നിയമനിര്‍മ്മാണങ്ങള്‍ വരേണ്ടതുണ്ട്. ഇനിയും നാം നേടേണ്ട ഒട്ടനവധി ലക്ഷ്യങ്ങളുണ്ട്. ആ കുറവ് പരിഹരിക്കണം. നിയമ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സമാജികര്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.
സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണെന്നു സെമിനാറില്‍ വിഷയാവതരണം നടത്തിയ കേരളതമിഴ്‌നാട് സംസ്ഥാനങ്ങളിലെ യൂനിസെഫ് തലവന്‍ ജോബ് സഖറിയ പറഞ്ഞു.