സപ്ലൈകോ ഓണം- ബലിപെരുന്നാള്‍ ഫെയര്‍ ഉദ്ഘാടനം 26ന്

Posted on: August 24, 2016 9:16 am | Last updated: August 24, 2016 at 9:16 am

കൊച്ചി: സപ്ലൈകോയുടെ ഓണം ബലിപെരുന്നാള്‍ മെഗാഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 26ന് വൈകിട്ട് നാലിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നിര്‍വഹിക്കും. ഭക്ഷ്യപൊതുവിതരണമന്ത്രി പി തിലോത്തമന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ വൈദ്യുതി, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആദ്യവില്‍പ്പന നടത്തും.
അടുത്ത മാസം 13 വരെയായിരിക്കും ഫെയര്‍ സംഘടിപ്പിക്കുക. സംസ്ഥാനത്ത് ആകെ 1465 ഓണം, ബലിപെരുന്നാള്‍ ചന്തകളാണ് ഇത്തവണ ഒരുക്കുന്നത്. 14 ജില്ലാ ആസ്ഥാനങ്ങളിലും ഫെയറുകള്‍ ഉണ്ടായിരിക്കും.

തിരുവനന്തപുരത്ത് 26ന് ആരംഭിക്കുന്ന ഓണച്ചന്തക്കുപുറമേ കാസര്‍കോഡ് 29 നും മലപ്പുറത്ത് അടുത്ത മാസം മൂന്നിനും ചന്ത ആരംഭിക്കും. എറണാകുളം കലൂര്‍ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ 31ന് വൈകീട്ട് നാലിന് ധനമന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. മറ്റു ജില്ലാ ഫെയറുകളെല്ലാം അടുത്ത മാസം ഒന്നിനാണ് ആരംഭിക്കുക.

75 താലൂക്ക് ആസ്ഥാനങ്ങളിലെ ഫെയറുകള്‍ അടുത്ത മാസം അഞ്ച് മുതല്‍ 13 വരെയും പ്രവര്‍ത്തിക്കും. കൂടാതെ 65 ഇടങ്ങളില്‍ അടുത്ത മാസം ഒമ്പത് മുതല്‍ 13 വരെ ഓണം മാര്‍ക്കറ്റുകള്‍ സംഘടിപ്പിക്കും. ജില്ലാ താലൂക്ക് ഫെയറുകളിലും ഓണം മാര്‍ക്കറ്റുകളിലും അവശ്യസാധനങ്ങള്‍ക്കു പുറമേ പച്ചക്കറിയും ലഭ്യമാകും.
അടുത്ത മാസം ഒമ്പത് മുതല്‍ മുതല്‍ 13 വരെ സപ്‌ളൈകോയുടെ വില്‍പ്പനശാലകളെല്ലാം ഓണച്ചന്തകളായി പ്രവര്‍ത്തിക്കും. സപ്‌ളൈകോ വില്‍പ്പനനശാലകളില്ലാത്ത പഞ്ചായത്തുകളില്‍ ഓണം സ്‌പെഷ്യല്‍ ഫെയറുകള്‍ സംഘടിപ്പിക്കും. ജില്ലാതാലൂക്ക് തല ഓണച്ചന്തകളും ഓണം മാര്‍ക്കറ്റുകളും രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് എട്ട് വരെ പ്രവര്‍ത്തിക്കും.

അതേ സമയം ഓണത്തോടനുബന്ധിച്ച് സപ്ലൈകോ പ്രത്യേക സമ്മാനപദ്ധതി ഒരുക്കുന്നു. 300 രൂപയുടെ ശബരി ഉത്പന്നങ്ങളുള്‍പ്പെടെ 2,000 രൂപക്ക് സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഒരു ഗിഫ്റ്റ് കൂപ്പണ്‍ നല്‍കും 2,000 രൂപക്കു മുകളിലുള്ള ഓരോ ആയിരത്തിനും മറ്റൊരു ഗിഫ്റ്റ് കൂപ്പണ്‍ വീതം ഉപഭോക്താവിന് ലഭിക്കും. ഈ ഗിഫ്റ്റ് കൂപ്പണുകളില്‍നിന്ന് നറുക്കെടുത്ത് കിട്ടുന്ന വിജയിക്ക് അഞ്ച് പവന്‍ സ്വര്‍ണനാണയവും ഓരോ ജില്ലയിലെയും വിജയികള്‍ക്ക് ഒരു പവന്‍ സ്വര്‍ണനാണയം വീതവും വിതരണം ചെയ്യും.