പുനഃസംഘടനക്ക് പതിനഞ്ചംഗ രാഷ്ട്രീയകാര്യ സമിതി

Posted on: August 24, 2016 6:00 am | Last updated: August 24, 2016 at 12:16 am
SHARE

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് കേരള ഘടകത്തിലെ പുനഃസംഘടനക്കും സംഘടനാ തിരഞ്ഞെടുപ്പിനുമായി പതിനഞ്ചംഗ രാഷ്ട്രീയകാര്യ സമിതി രൂപവത്കരിക്കാന്‍ ധാരണയായി. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും എ ഐ സി സി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയിലെത്തിയത്. കേരള ഘടകത്തില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ കാരണം പുനഃസംഘടന വൈകുന്ന സാഹചര്യത്തിലാണ് രാഷ്ട്രീയകാര്യ സമിതി രൂപവത്കരിക്കുന്നത്.
സമിതിയിലേക്ക് പരിഗണിക്കേണ്ട ഇരു ഗ്രൂപ്പുകാരുടെയും പേരുകള്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും രാഹുല്‍ ഗാന്ധിക്ക് കൈമാറി. എ ഗ്രൂപ്പില്‍ നിന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ്, ബെന്നി ബെഹനാന്‍, എം എം ഹസന്‍, പി സി വിഷ്ണുനാഥ് എന്നിവരുടെ പേരുകളാണ് ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ചത്. പാര്‍ട്ടിയിലെ പുനഃസംഘടന വേണ്ടത്ര ഗുണം ചെയ്യില്ലെന്ന് അഭിപ്രായപ്പെട്ട ഉമ്മന്‍ ചാണ്ടി കെ എസ് യു പുനഃസംഘടനയില്‍ ഗ്രൂപ്പ് അതിപ്രസരമുണ്ടെന്ന വാദത്തെയും നിരാകരിച്ചു.
അതേസമയം, സംഘടനാ തിരഞ്ഞെടുപ്പിന് മുമ്പ് പുനഃസംഘടന വേണ്ടെന്ന ഉമ്മന്‍ ചാണ്ടിയുടെ അഭിപ്രായം തള്ളിയ രാഹുല്‍ ഗാന്ധി, നേരത്തെ നിശ്ചയിച്ച പ്രകാരം കാര്യങ്ങള്‍ നീങ്ങട്ടെ എന്ന നിര്‍ദേശമാണ് നല്‍കിയത്. നേരത്തെ, കെ പി സി സി അധ്യക്ഷന്‍ വി എം സുധീരനുമായുള്ള കൂടിക്കാഴ്ചയിലും ഇതേ രീതി തുടരാനാണ് രാഹുല്‍ നിര്‍ദേശിച്ചത്. സംസ്ഥാനത്തെ പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്നും ഇല്ലെങ്കില്‍ ശക്തമായ ഇടപെടല്‍ ഉണ്ടാകുമെന്ന സന്ദേശവും നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡ് നല്‍കി. ഇതിന് നേതൃത്വത്തിലെ തലമുറമാറ്റം ഉള്‍പ്പെടെ ഹൈക്കമാന്‍ഡിന്റെ പരിഗണനയിലുണ്ടെന്ന മുന്നറിയിപ്പാണ് കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാവ് എ കെ ആന്റണി നല്‍കിയത്.
അതേസമയം, പുനഃസംഘടന വേണമെന്ന തീരുമാനത്തില്‍ മാറ്റമുണ്ടാകാനിടയില്ല. മുതിര്‍ന്ന നേതാക്കള്‍ക്കും യുവാക്കള്‍ക്കും പ്രാതിനിധ്യമുള്ള പുതിയ രാഷ്ട്രീയകാര്യ സമിതി ഇതിനായി നിലവില്‍ വരും. കേരളത്തില്‍ കോണ്‍ഗ്രസ് ദുര്‍ബലമായതോടെയാണ് മുന്നണി ദുര്‍ബലമായതെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. ഒപ്പം കേരളാ കോണ്‍ഗ്രസിന്റെ വിട്ടുപോകലും ലീഗ് ഉള്‍പ്പെടെയുള്ള ഘടകക്ഷികളുടെ വിമര്‍ശവും ഉയര്‍ന്ന സാഹചര്യത്തില്‍ ഐക്യത്തോടെ മുന്നോട്ടു പോകണമെന്ന നിര്‍ദേശമാണ് ഹൈക്കമാന്‍ഡ് മുന്നോട്ടുവെച്ചത്.
രാഷ്ട്രീയകാര്യ സമിതിയിലേക്ക് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും നല്‍കിയ പേരുകള്‍ മുഴുവന്‍ അംഗീകരിക്കാനിടയില്ലെന്നാണ് അറിയുന്നത്. എല്ലാ വിഭാഗങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ഉറപ്പുവരുത്തിയാകും സമിതി നിലവില്‍ വരിക. ഇതിനിടെ കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്ന് വി എം സുധീരനെ മാറ്റണമെന്ന നിലപാടില്‍ ഇരു ഗ്രൂപ്പുകളും ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍, ഉടനെയൊന്നും ഹൈക്കമാന്‍ഡ് ഈ ആവശ്യത്തിനു വഴങ്ങാനിടയില്ല. നിലവിലെ സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും അഭിപ്രായങ്ങളെ പൂര്‍ണമായും അവഗണിക്കാതെ തന്നെ ഐക്യമെന്ന നിലപാടില്‍ ഹൈക്കമാന്‍ഡ് ഉറച്ച നിലപാടെടുക്കാനാണ് സാധ്യത.
അതേസമയം, പുനഃസംഘടനക്ക് മുമ്പ് സംഘടനാ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഇരു ഗ്രൂപ്പുകളുടെയും ആവശ്യം. അതുവഴി വി എം സുധീരനെ കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാമെന്ന കണക്കുകൂട്ടലാണ് ഇരു ഗ്രൂപ്പുകളും. ഭരണമാറ്റത്തിന് ശേഷമുള്ള സാഹചര്യങ്ങളുടെയും കേരളാ കോണ്‍ഗ്രസിന്റെ മുന്നണി വിട്ടുപോക്കിന്റെയും പാശ്ചാത്തലത്തില്‍ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും സുധീരനെയും ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here