സംസം എത്തിത്തുടങ്ങി

Posted on: August 24, 2016 12:12 am | Last updated: August 24, 2016 at 12:12 am
ഹജ്ജ് കഴിഞ്ഞ് മടങ്ങി വരുന്ന തീര്‍ഥാടകര്‍ക്ക് നല്‍കാനായി കൊച്ചിയില്‍ എത്തിച്ച സംസം
ഹജ്ജ് കഴിഞ്ഞ് മടങ്ങി വരുന്ന തീര്‍ഥാടകര്‍ക്ക് നല്‍കാനായി കൊച്ചിയില്‍ എത്തിച്ച സംസം

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി യാത്ര പുറപ്പെട്ട് ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന തീര്‍ഥാടകര്‍ക്ക് വിതരണം ചെയ്യാനുള്ള സംസം വെള്ളം നേരത്തെ തന്നെ എത്തിച്ചു തുടങ്ങി. തീര്‍ഥാടകരുമായി തിങ്കളാഴ്ച യാത്ര തിരിച്ച സഊദി എയര്‍ലൈന്‍സിന്റെ വിമാനം ഇന്നലെ ഉച്ചക്ക് 11 മണിയോടെ നെടുമ്പാശ്ശേരിയില്‍ മടങ്ങിയെത്തിയപ്പോഴാണ് സംസം വെള്ളം കൊണ്ടുവന്നത്. 4500 പേര്‍ക്ക് വിതരണം ചെയ്യാനുള്ള 22500 ലിറ്റര്‍ സംസം വെള്ളമാണ് ഇന്നലെ എത്തിച്ചത്. കേരളം,ലക്ഷദ്വീപ്,മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള 11000 ത്തോളം തീര്‍ഥാടകര്‍ക്കുള്ള സംസം വെള്ളമാണ് സഊദി എയര്‍ലൈന്‍സ് നേരത്തെ എത്തിക്കുന്നത്. ബാക്കിയുള്ളത് അടുത്ത ദിവസങ്ങളിലായി എത്തിക്കും. ഓരോരുത്തര്‍ക്കും അഞ്ച് ലിറ്റര്‍ വെള്ളം വീതമാണ് വിതരണം ചെയ്യുക. ഹജ്ജ് ക്യാമ്പ് പ്രവര്‍ത്തിക്കുന്ന എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങ്കറില്‍ പ്രത്യേകമായി സൂക്ഷിച്ചിരിക്കുകയാണ്. അഞ്ച് ലിറ്റര്‍ വീതമുള്ള കാനുകള്‍ പ്രത്യേകം കവറില്‍ പായ്ക്ക് ചെയ്താണ് സംസം എത്തിച്ചിരിക്കുന്നത്. തീര്‍ഥാടകര്‍ക്ക് സ്വന്തം നിലയില്‍ സംസം വെള്ളം കൊണ്ടുവരാന്‍ അനുമതി ഉണ്ടാകില്ല.