Connect with us

Articles

വെര്‍ച്വല്‍ റിയാലിറ്റി പിടിമുറുക്കുമ്പോള്‍

Published

|

Last Updated

കാലിഫോര്‍ണിയയിലെ സാന്റാക്ലാര ആസ്ഥാനമായുള്ള മള്‍ട്ടി നാഷണല്‍ ടെക്‌നോളജി കമ്പനിയായ “ഇന്റല്‍ “അടുത്തിടെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ വെച്ചു നടന്ന ഒരു പരിപാടിയില്‍ അവരുടെ ലക്ഷ്യങ്ങള്‍ വിവരിച്ചു. മനുഷ്യന് അസാധ്യമാണ് എന്ന് കരുതപ്പെടുന്ന പലതും സാധ്യമാകും എന്ന നിലക്കായിരുന്നു കമ്പനിയുടെ പദ്ധതി വിശദീകരണം. ഒരു കൂട്ടം പുതിയ സംവിധാനങ്ങളുമായിട്ടായിരുന്നു കമ്പനി മേധാവി ബ്രയിന്‍ ക്രസാനിക്ക് വേദിയിലേക്ക് വന്നത്. വെര്‍ച്വല്‍ റിയാലിറ്റി(കമ്പ്യൂട്ടറിലെ ഭാവനാ ലോകം)ക്ക് സാധ്യമാകുന്നതിലുമപ്പുറം കമ്പ്യൂട്ടറും റിയല്‍ വേള്‍ഡും തമ്മിലുള്ള ലയനമായ മെര്‍ജ്ഡ് റിയാലിറ്റി(മിക്‌സ്ഡ് റിയാലിറ്റി)യുടെ പുതിയ സംവിധാനങ്ങള്‍ക്ക് സാധിക്കും എന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. പ്രത്യക്ഷ ലോകത്തി(റിയല്‍ വേള്‍ഡ്)ലെ പ്രതിസന്ധികളൊന്നും ഇല്ലാതെ തന്നെ സാങ്കേതിക ലോക(വെര്‍ച്വല്‍ വേള്‍ഡ്)വുമായി ഇടപഴകാം എന്നും അദ്ദേഹം പറയുന്നു. ഗ്രൗണ്ടില്‍ ബാസ്‌ക്കറ്റ് ബാള്‍ ടൂര്‍ണമെന്റ് നടക്കുന്ന അവസരത്തില്‍ പുറത്തിരുന്നു കളി വീക്ഷിക്കുന്ന ഒരാള്‍ക്ക് പ്ലേഗ്രൗണ്ടിന്റെ മധ്യത്തില്‍ നിന്ന് ഗെയിം ആസ്വദിക്കാം. അതായത് അത്തരം ഒരു ഫീലിംഗിലേക്ക് അദ്ദേഹത്തിന്റെ ഇന്ദ്രിയങ്ങളെ ഉയര്‍ത്താന്‍ സാധിക്കുമെന്നര്‍ഥം. സംഗീതജ്ഞര്‍ അവരുടെ വിരലുകളെ അന്തരീക്ഷത്തില്‍ വെറുതെ താളം പിടിച്ചാല്‍ തന്നെ സംഗീത രൂപപെടും.
പ്രോഗ്രാം നടക്കുന്ന സദസിലേക്ക് ഇന്റല്‍ കമ്പനിയുടെ പര്‍ട്ണറായ ബി എം ഡബ്ല്യൂവിന്റെ തലവന്‍ എത്തിയത് സ്വയം ഡ്രൈവ് ചെയ്യുന്ന ബി എം ഡബ്ലൂ ഐ ത്രീയുടെ പിന്‍ സീറ്റിലിരുന്നു കൊണ്ടായിരുന്നു. 2020 ആകുമ്പോഴേക്ക് “ഡ്രൈവറില്ലാ കാറുകള്‍” നിരത്തിലിറക്കണമെന്നാണ് കമ്പനിയുടെ ലക്ഷ്യമെന്ന് അദ്ദേഹവും പറഞ്ഞു.
സാങ്കേതിക വിദ്യയിലുള്ള മനുഷ്യരുടെ പുരോഗതി ആശാവഹമാണ്. വെര്‍ച്വല്‍ റിയാലിറ്റിക്കൊപ്പം തന്നെ റോബോട്ടിക്ക് പഠനങ്ങളിലും കണ്ടത്തലുകളിലും ഇത് വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കും. മുമ്പ് സിനിമകളിലെയും ഫിക്ഷനുകളിലെയും മാത്രം സാന്നിധ്യമായിരുന്ന റോബോട്ടുകള്‍ ഇന്ന് സര്‍വ വ്യാപകമായിരിക്കുന്നു. യുദ്ധക്കളത്തിലിറങ്ങാന്‍ മിലിട്ടറി റോബോര്‍ട്ടുകള്‍ വരെ അണിയറയില്‍ സജീവമാണ്.

വെര്‍ച്വല്‍ റിയാലിറ്റി
രണ്ട് പദങ്ങളാണ് വെര്‍ച്വല്‍ റിയാലിറ്റി എന്നതിലുള്ളത്. വെര്‍ച്വല്‍ എന്നാല്‍ അടുത്ത് എന്നര്‍ത്ഥം. റിയാലിറ്റി എന്നാല്‍ എന്താണോ മനുഷ്യന് അനുഭവഭേദ്യമാകുന്നത് അത് എന്നും പറയാം. അഥവാ മനുഷ്യന് അടുത്ത് അനുഭവിക്കാന്‍ സാധിക്കുന്നത് എന്ന് വെര്‍ച്വല്‍ റിയാലിറ്റിയെ ഭാഷാന്തരപെടുത്താം. എന്നാല്‍, യഥാര്‍ഥത്തില്‍ കമ്പ്യൂട്ടറിന്റെയും മറ്റു സാങ്കേതി വിദ്യകളുടെയും സഹായത്താല്‍ നിര്‍മിക്കുന്ന ഒരു മായിക ലോകമാണ് വെര്‍ച്വല്‍ റിയാലിറ്റി . മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ത്രിമാന (ത്രീഡി)സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിക്കുന്ന അയഥാര്‍ത ലോകം.
1938ല്‍ അന്റോണിയന്‍ ആര്‍തൗഡ് ഒരു ലേഖനത്തില്‍ സാങ്കല്‍പിക പ്രകൃതി(ഇല്യൂഷനറി നേച്വര്‍)യെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഈ ഗ്രന്ഥമാണ് സാങ്കല്‍പിക ലോകത്തെ കുറിച്ചുള്ള മനുഷ്യന്റെ ആദ്യ പഠനങ്ങളിലൊന്ന്. “ദ തിയേറ്റര്‍ ആന്‍ഡ് ഇറ്റ്‌സ് ഡബ്ള്‍” എന്ന പേരില്‍ ഈ സമാഹാരം 1958ല്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപെട്ടു. എങ്കിലും വെര്‍ച്വല്‍ റിയാലിറ്റി എന്ന ആശയം അതുവരെ രൂപപെട്ടിരുന്നില്ല. 1987ലാണ് വെര്‍ച്വല്‍ റിയാലിറ്റി എന്ന പദം ഓക്‌സ്‌ഫോഡ് ഡിക്ഷനറിയിലേക്ക് വരുന്നത്. ഓക്‌സ്‌ഫോഡ് ഡിക്ഷനറി വെര്‍ച്വല്‍ റിയാലിറ്റി എന്ന പദത്തെ വെര്‍ച്വല്‍ ടെക്‌നോളജിയുടെ ഭാഗമായിട്ടായിരുന്നില്ല ഉപയോഗിച്ചിരുന്നത്.
ബ്രയിന്‍ സ്റ്റോം, ദി ലോണ്‍ മൂവര്‍ മാന്‍ എന്നീ ഇംഗ്ലീഷ് സിനിമകളിലാണ് ഇന്നുപയോഗിക്കുന്ന തരത്തില്‍ മായികലോക പ്രതീതിക്ക് സമാനമായ രീതിയില്‍ ആദ്യമായി വെര്‍ച്വല്‍ റിയാലിറ്റിയെ പരിചയപെടുത്തുന്നത്. 1990ല്‍ ഹോവര്‍ഡ് റെയ്ന്‍ ഗോള്‍ഡ് എഴുതിയ “വെര്‍ച്വല്‍ റിയാലിറ്റി” എന്ന പുസ്തകമിറങ്ങിയതിന് ശേഷമാണ് ഈ മേഖലയിലുള്ള നിരീക്ഷണ പരീക്ഷണങ്ങള്‍ ശക്തിപെടുന്നത്.

മിക്‌സഡ് റിയാലിറ്റി
മിക്‌സ്ഡ് റിയാലിറ്റി വെര്‍ച്വല്‍ റിയാലിറ്റിയുടെയും യഥാര്‍ഥ ലോകത്തിന്റെയും ലയനമാണ്. ഒരേ സമയം ശരീരത്തിന്റെയും യന്ത്രങ്ങളുടെയും പ്രവര്‍ത്തനങ്ങളുണ്ടാകുമ്പോഴേ മിക്‌സഡ് റിയാലിറ്റി പരിപൂര്‍ണമാകൂ. വെര്‍ച്വല്‍ റിയാലിറ്റിയുടെ പരിപൂര്‍ണതയാണ് യഥാര്‍ഥത്തില്‍ മിക്‌സഡ് റിയാലിറ്റി. മിക്‌സഡ് റിയാലിറ്റിയുടെ ഏറ്റവും പുതിയ പതിപ്പാണ് നടേ പറഞ്ഞ ഇന്റല്‍ സി ഇ ഒയുടെ വിശദീകരണം. 1994ല്‍ പൗള്‍ മില്‍ഗ്രാമും ഫൂമിയോ കിഷിനോയുമാണ് മിക്‌സഡ് റിയാലിറ്റി എന്നാല്‍ വെര്‍ച്വല്‍ റിയാലിറ്റിയുടെ പുരോഗതി പ്രാപിച്ച രൂപമാണെന്ന് നിര്‍വചിച്ചത്.
അതിശയിപ്പിക്കുന്ന സാങ്കേതിക സംവിധാനങ്ങളാണ് മനുഷ്യര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. എകദേശം മനുഷ്യനിടപെടുന്ന എല്ലാ മേഖലകളിലും ഇപ്പോള്‍ തന്നെ യന്ത്രങ്ങള്‍ സ്ഥാനമുറപ്പിച്ചിരിക്കുന്നു. റോബോട്ടുകളെ കുറിച്ചുള്ള പഠനങ്ങളില്‍ ഇത് വ്യക്തമായി ബോധ്യപ്പെടുന്നതാണ്. റോബിന്‍ ഹാന്‍സണ്‍ “ദി എയ്ജ് ഓഫ് എം” (The Age of Em) എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട് ലോകത്തിലെ ഇരുന്നൂറിലധികം മനുഷ്യരുടെ ബ്രയിന്‍ കപ്പാസിറ്റിയുള്ള റോബോട്ടുകള്‍ ഭാവിയില്‍ പിറവിയെടുക്കുമെന്ന്. 2010ല്‍ എസ് ശങ്കര്‍ നിര്‍മിച്ച തമിഴ് ചലചിത്രം യന്തിരനില്‍ ഇന്ദ്രിയങ്ങള്‍ അനുഭവ ഭേദ്യമാകുന്ന റോബോട്ടിനെ പരിചയപ്പെടുത്തുന്നുണ്ട്. പ്രവചനപരമാണങ്കിലും സമീപ ഭാവിയില്‍ ഇത്തരം റോബോട്ടുകളെ പ്രതീക്ഷിക്കാവുന്നതാണ്. യുദ്ധങ്ങളിലും വീട്ടു ജോലികളിലും റോബോട്ടുകളെ ഉപയോഗിക്കുന്നത് സാര്‍വത്രികമായ സമയത്ത് ഇത്തരം പ്രവചനങ്ങളെ നിഷേധാത്മകമായി സമീപിക്കാന്‍ സാധ്യമല്ല. 1865ല്‍ ജൂലിയസ് വെര്‍നെ എഴുതിയ “ഫ്രം ദ എര്‍ത്ത് ടു മൂണ്‍” എന്ന നോവലില്‍ മനുഷ്യന്റെ ബഹിരാകാശ യാത്രകളെ കുറിച്ച് ഗ്രന്ഥകാരന്‍ പ്രവചനാത്മകമായി പറയുന്നുണ്ട്. അദ്ദേഹം ഇതെഴുതുന്ന സമയത്ത് സമകാലികരുടെ ബുദ്ധിക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തതായിരുന്നു നോവലിലെ പല കാര്യങ്ങളും. അതിനു ശേഷം എകദേശം ഒരു നൂറ്റാണ്ടിനു ശേഷമാണ് മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തുന്നത് . പ്രവചനങ്ങള്‍ യാഥാര്‍ഥ്യങ്ങളായ ഒട്ടനവധി ഫിക്ഷനുകളുണ്ട്. 1898ല്‍ റോബന്‍ റോബര്‍ട്‌സന്‍ എഴുതിയ ഫ്യൂട്ടിലിറ്റി, ഓര്‍ ദി റെക്ക് ഓഫ് ദി ടൈറ്റാന്‍ (Futility, or the Wreck of the Titan) എന്ന ഗ്രന്ഥത്തിലെ ഇതിവൃത്തം ഒന്നുപോലും വിട്ടുപോകാതെ യാഥാര്‍ഥ്യമായതായിരുന്നു 1912ലെ ടൈറ്റാനിക്കിന്റെ ദുരന്ത ചരിത്രം.
മൊബൈല്‍, കമ്പ്യൂട്ടര്‍ തുടങ്ങി വെര്‍ച്വല്‍ ഉപകരണങ്ങളിലേക്ക് ലോകം ചുരുങ്ങിയിരിക്കുന്നു. എന്നാല്‍ ഇത്തരം വെര്‍ച്വല്‍ സംവിധാനങ്ങളുടെ ഉപയോഗത്തെ നിരുത്സാഹപ്പെടുത്തുന്ന നല്ലൊരു വിഭാഗം സാമൂഹിക വിമര്‍ശകരുമുണ്ട്. ഇവകളുടെ വര്‍ധിച്ചുവരുന്ന ദുരുപയോഗമാണ് വിമര്‍ശനത്തിന്റെ ഹേതു. സദുദ്ദേശ്യപരമെങ്കിലും ഈ വിമര്‍ശനം പുതിയകാലത്ത് എത്രമാത്രം സ്വീകരിക്കപ്പെടും എന്നുകൂടെ വിലയിരുത്തപ്പെടേണ്ടതുണ്ട്. കാരണം വെര്‍ച്വല്‍ ലോകം മനുഷ്യന് മാറ്റിവെക്കാനാകാത്ത വിധം വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. പുതിയ സാങ്കേതിക തലങ്ങളെ ഉപയോഗപ്പെടുത്തേണ്ട രീതികളെ ന്യൂജനറേഷന് ബോധ്യപെടുത്തുകയും അത് ദുരുപയോഗപ്പെടുത്തിയാലുണ്ടാകുന്ന വിനകളെ കുറിച്ച് അവരെ ബോധമുള്ളവരാക്കുകയുമാണ് വേണ്ടത്.

Latest