Connect with us

Kozhikode

മലയോരപാതയിലെ കിണര്‍ വാഹന ഗതാഗതത്തിന് ഭീഷണിയാവുന്നു

Published

|

Last Updated

പേരാമ്പ്ര: കുറ്റിയാടി ജലസേചന പദ്ധതിയുടെ കനാല്‍ ജലവിതരണത്തിന്റെ ഭാഗമായി നിര്‍മ്മിച്ച സൈഫണ്‍ വാഹന ഗതാഗതത്തിന് ഭീഷണിയാവുന്നു. പേരാമ്പ്ര പൈതോത്ത് താനിക്കണ്ടി റോഡില്‍ മൊയോത്ത് ചാലിന് സമീപമാണ് കിണര്‍ സ്ഥിതി ചെയ്യുന്നത്. കല്ലൂര്‍ ബ്രാഞ്ച് കനാല്‍ ക്രോസ് ചെയ്തു പോകുന്നത് പി.ഡബ്‌ളി യുഡി റോഡിന്റെ അടിഭാഗത്തു കൂടിയാണ്. നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഈ മേഖലയില്‍ സൈഫണ്‍ റോഡിലേക്ക് തള്ളിനില്‍ക്കുന്നത് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി പല ഭാഗത്തു നിന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. വാഹന ബാഹുല്യം തീരെയില്ലാതിരുന്ന അവസരത്തിലാണ് ഇവിടെ സൈഫണ്‍ നിര്‍മ്മിച്ചത്. അന്നൊന്നും ഇതിനെക്കുറിച്ച് പരാതിയും ഉയര്‍ന്നിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സ്ഥിതിയാകെ മാറിയെന്നും ഓരോ മണിക്കൂറിലും ചെറുതും വലുതുമായ നൂറുകണക്കിന് വാഹന ങ്ങള്‍ ഈ റോഡ് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്. സ്‌ക്കൂള്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെയും വൈകുന്നേരവും ഗതാഗത തടസം പതിവ് കാഴ്ചയാണ്. റോഡ് ഉയര്‍ത്തി പണിയുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് ജോലി നടക്കുന്ന ഇവിടെ പ്രസ്തുത കിണര്‍, റോഡ് പ്രവൃത്തിക്കും ഭംഗം സൃഷ്ടിക്കുന്നുണ്ട്. റോഡിന്റെ വശങ്ങളില്‍ അഴുക്കുചാല്‍ നിര്‍മ്മിക്കുന്നതിനും കനാല്‍ സൈഫണ്‍ തടസമാണ്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഇറിഗേഷന്‍ അധികൃതര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. പഞ്ചായത്തും, പൊതുമരാമത്ത് വകുപ്പും ഇതു സംബന്ധിച്ച് കത്തുനല്‍കിയാല്‍ ഇവ രണ്ടും വെച്ച് ചീഫ് എഞ്ചിനീയര്‍ക്കയച്ച് അനുമതി ലഭിച്ചാല്‍ മാത്രമേ പരാതിക്ക് പരിഹാരം കാണാന്‍ കഴിയുകയുള്ളൂവെന്നാണ് അസി.എഞ്ചിനീയറുടെ പ്രതികരണം.