വര്‍ഷാവസാനത്തോടെ ടൂറിസം രംഗത്ത് ദുബൈ മുന്നേറും

Posted on: August 23, 2016 9:43 pm | Last updated: August 23, 2016 at 9:43 pm

dubai12016ന്റെ രണ്ടാം പകുതിയിലെ അവസാന പാദത്തില്‍ വിനോദസഞ്ചാര രംഗത്ത് ദുബൈ ഏറെ മുന്നിലെത്തുമെന്നും ഇക്കാര്യത്തില്‍ വലിയ പ്രതീക്ഷയുണ്ടെന്നും ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീ ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റ് (ഡി എഫ് ആര്‍ ഇ) മേധാവി ലൈല മുഹമ്മദ് സുഹൈല്‍. ഇനി വരാനിരിക്കുന്ന മാസങ്ങളില്‍ ദുബൈയില്‍ പുതിയ ഇവന്റുകളും വിവിധ വിനോദ പരിപാടികളും നടക്കാനിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് എമിറേറ്റിലെത്തിയ സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും മികച്ച ഷോപ്പിംഗ്-വിനോദ അനുഭവം സമ്മാനിച്ചുകൊണ്ട് വേനല്‍ വിസ്മയം (ഡി എസ് എസ്) കൊടിയിറങ്ങിയത്. ദുബൈ വിനോദസഞ്ചാര വകുപ്പാണ് ഇത് സംഘടിപ്പിച്ചത്. വേനലവധി ആഘോഷമാക്കാന്‍ കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കുമായി ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിലൊരുക്കിയ മുദ്ഹിഷ് വേള്‍ഡിലും സന്ദര്‍ശകരുടെ ഒഴുക്കായിരുന്നു.
സന്ദര്‍ശകര്‍ക്കായി ഒരുങ്ങുന്ന ഐ എം ജി വേള്‍ഡ് ഓഫ് അഡ്വഞ്ചറും ദുബൈ പാര്‍ക്‌സ് ആന്‍ഡ് റിസോര്‍ട്‌സും വിനോദസഞ്ചാര രംഗത്ത് ദുബൈയുടെ മുഖച്ഛായ മാറ്റുന്നതാണ്. എമിറേറ്റിന്റെ ടൂറിസം വിപണിയെ കൂടുതല്‍ പുരോഗതിയിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഡി എഫ് ആര്‍ ഇ നടത്തിക്കൊണ്ടിരിക്കുന്നത്. പുതിയ തീം പാര്‍ക്കുകള്‍ ദുബൈയിലൊരുങ്ങുന്നതോടെ ഒഴിവുവേളകള്‍ ഉല്ലാസഭരിതമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതലായി രാജ്യത്തേക്ക് ആകര്‍ഷിക്കപ്പെടും. ഇതോടെ ടൂറിസം വ്യവസായത്തിലൂടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ കൂടുതല്‍ പുരോഗതിയുണ്ടാകും.

വരാനിരിക്കുന്ന ഫെസ്റ്റിവലുകള്‍ പ്രതീക്ഷയേകുന്നത്- ലൈല മുഹമ്മദ് സുഹൈല്‍  ( ഡി എഫ് ആര്‍ ഇ മേധാവി)
വരാനിരിക്കുന്ന ഫെസ്റ്റിവലുകള്‍ പ്രതീക്ഷയേകുന്നത്- ലൈല മുഹമ്മദ് സുഹൈല്‍
( ഡി എഫ് ആര്‍ ഇ മേധാവി)

2016 സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവ് വിനോദ-വ്യാപാര രംഗത്ത് ഏറെ തിരക്കു പിടിച്ച സമയമാണ്. അതുകൊണ്ട് ഈ സമയത്ത് നടക്കുന്ന വിവിധ ഫെസ്റ്റിവലിലൂടെ എമിറേറ്റിന്റെ ടൂറിസം മേഖലക്ക് ഉണര്‍വേകുന്നതോടൊപ്പം വാണിജ്യ മേഖലയിലും വന്‍ കുതിച്ചുചാട്ടമുണ്ടാക്കാനാകും, ലൈല മുഹമ്മദ് സുഹൈല്‍ പറഞ്ഞു.
നടപ്പുവര്‍ഷം ജനുവരി മുതല്‍ ജുലൈ വരെ 72.7 ലക്ഷം സന്ദര്‍ശകരാണ് ദുബൈയിലെത്തിയത്. 72.5 ലക്ഷം ജനങ്ങളെയാണ് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ദുബൈ ആകര്‍ഷിച്ചതെന്ന് ദുബൈ ടൂറിസം ഡിപ്പാര്‍ട്‌മെന്റിന്റെ വെബ്‌സൈറ്റ് പറയുന്നു.
ഈ മാസം 31ന് ദുബൈ ലാന്‍ഡിലാണ് ഐ എം ജി വേള്‍ഡ് തുറക്കുന്നത്. 20ലധികം ആകര്‍ഷകമായ റൈഡുകള്‍ തീം പാര്‍ക്കിലുണ്ടാകും. ആദ്യ വര്‍ഷം തന്നെ 45 ലക്ഷം സന്ദര്‍ശകരെത്തുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ഓരോ ദിവസവും 30,000 പേര്‍ക്കാണ് പാര്‍ക്കില്‍ പ്രവേശിക്കാന്‍ കഴിയുക. ഇതിനു ശേഷം ഒക്‌ടോബര്‍ 31ന് ദുബൈ പാര്‍ക്‌സ് ആന്‍ഡ് റിസോര്‍ട്‌സും വിനോദസഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കും. 67 ലക്ഷം ജനങ്ങള്‍ ആദ്യ വര്‍ഷം തന്നെ പാര്‍ക്‌സ് ആന്‍ഡ് റിസോര്‍ടിലെത്തുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.
അതേസമയം ദുബൈയുടെ വ്യാപാര-വ്യവസായ-വിനോദ മേഖലക്ക് വലിയ ഉണര്‍വേകുന്ന ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവ(ഡി എസ് എഫ്)ലും ഈ വര്‍ഷം അവസാനം ആരംഭിക്കാനിരിക്കുകയാണ്. ഡിസംബര്‍ 26ന് ആരംഭിക്കുന്ന ഡി എസ് എഫ് 2017 ജനുവരി 28 വരെ നീണ്ടുനില്‍ക്കും. ഇതിന്റെ ഭാഗമായി മാളുകളിലും മറ്റു വ്യാപാര കേന്ദ്രങ്ങളിലും ഉപഭോക്താക്കള്‍ക്കായി പ്രമോഷനുകളും ഓഫറുകളും പ്രഖ്യാപിക്കും. മുന്‍കാലങ്ങളിലെ ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിലൂടെ ദുബൈയുടെ സമ്പദ് മേഖലക്ക് വലിയ നേട്ടമാണുണ്ടായത്.
ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ മുന്നൊരുക്കങ്ങള്‍ക്കായി വലിയ പദ്ധതികള്‍ ഒരുക്കുന്നുണ്ടെന്ന് ലൈല മുഹമ്മദ് സുഹൈല്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി സെപ്തംബര്‍ അവസാനത്തോടെ ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവല്‍ കലണ്ടര്‍ അവതരിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.
വേനല്‍കാലത്ത് നിരവധിയാളുകള്‍ തണുപ്പുള്ള പ്രദേശങ്ങള്‍ വിനോദസഞ്ചാരത്തിന് തിരഞ്ഞെടുക്കുമ്പോള്‍ യൂറോപ്പ് അടക്കമുള്ള പ്രദേശങ്ങളില്‍നിന്ന് കൂടുതല്‍ വിനോദസഞ്ചാരികളെ ദുബൈ ആകര്‍ഷിക്കുന്നുണ്ട്. വേനല്‍കാല വിനോദസഞ്ചാരം ആഹ്ലാദഭരിതമാക്കാന്‍ വലിയ ജാലകമാണ് ദുബൈ തുറന്നിടുന്നത്. സമ്മര്‍ ടൂറിസം സീസണിന്റെ ഭാഗമായി നടന്ന ദുബൈ വേനല്‍ വിസ്മയത്തില്‍ ജി സി സി രാജ്യങ്ങളെ കൂടാതെ യൂറോപ്പ്, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നും ധാരാളം പേരെത്തിയെന്ന് ലൈല മുഹമ്മദ് സുഹൈല്‍ പറഞ്ഞു.