Connect with us

Gulf

ദുബൈ സൗത്ത്; ആഭ്യന്തര വരുമാനത്തിന്റെ നട്ടെല്ല്‌

Published

|

Last Updated

ദുബൈ സൗത്ത് വാണിജ്യത്തിനും നിക്ഷേപങ്ങള്‍ക്കും ശ്രദ്ധാകേന്ദ്രമായി മാറുകയാണ്. ദുബൈ ഏവിയേഷന്‍ സിറ്റി കോര്‍പറേഷന്റെ കീഴിലാണ് ദുബൈ സൗത്ത്. ഇതിനു കീഴില്‍ എട്ട് ഡിസ്ട്രിക്കുകളാണ് വരുന്നത്. ലോജിസ്റ്റിക്, ഏവിയേഷന്‍, ഗോള്‍ഫ്, റസിഡന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍, അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്‌സ്, എക്‌സ്‌പോ 2020യെ വരവേല്‍ക്കാനൊരുങ്ങുന്ന എക്‌സിബിഷന്‍ ഡിസ്ട്രിക്ട്, ഹ്യൂമാനിറ്റേറിയന്‍ എന്നിങ്ങനെയാണ് ദുബൈ സൗത്തിന്റെ വിവിധ ഡിസ്ട്രിക്ടുകള്‍.
ദുബൈ ഗവണ്‍മെന്റിന്റെ ഈ മേഖലയിലെ നിക്ഷേപം 1,000 കോടി ദിര്‍ഹമാണ്. കൂടാതെ 1,000 കോടി ദിര്‍ഹമോളമാണ് വിദേശ നിക്ഷേപം.
ഈ നിക്ഷേപങ്ങള്‍, ഏവിയേഷന്‍, ട്രാന്‍സ്‌പോര്‍ടേഷന്‍, ലോജിസ്റ്റിക് എന്നീ മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനാണ് ഉപയോഗിക്കുക. ഈ മേഖലകളാണ് ദുബൈയുടെ വിജയത്തിന് അതിപ്രധാനമായ പങ്ക് വഹിക്കുന്നത്. 2020ഓടെ ദുബൈയുടെ ജി ഡി പിയില്‍ 32 ശതമാനവും ഈ മേഖലയില്‍ നിന്നാവുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ദുബൈ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട് (ദുബ വേള്‍ഡ് സെന്‍ട്രല്‍) അതിന്റെ നവീകരണത്തിന്റെ ഘട്ടത്തിലാണ്. നവീകരണം പൂര്‍ത്തിയാകുന്നതോടെ 2017 മധ്യത്തില്‍ തന്നെ 2.65 കോടി യാത്രക്കാര്‍ക്ക് വിദേശങ്ങളിലേക്ക് പറക്കാനും പറന്നിറങ്ങാനുമാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. ഇത് 2020 ആകുമ്പോഴേക്കും 22 കോടി യാത്രക്കാരെ പ്രതിവര്‍ഷം കൈകാര്യം ചെയ്യാനാകുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. എയര്‍പോര്‍ടിന്റെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതോടെ ലോകത്തെ ഏറ്റവും വലിയ എയര്‍പോര്‍ടായി മാറും. എയര്‍പോര്‍ടില്‍ അഞ്ച്, 4.5 കിലോമീറ്റര്‍ നീളമുള്ള റണ്‍വേകളുണ്ടാകും. ആഗമന, പുറപ്പെട്ടല്‍ ആവശ്യങ്ങള്‍ക്കായി ഈ റണ്‍വേകളിലേക്ക് 400 കണക്ഷന്‍ പോയിന്റുകള്‍ എയര്‍പോര്‍ടിനോട് ചേര്‍ന്നുണ്ടാകും, അധികൃതര്‍ സൂചിപ്പിച്ചു. 2020ഓടെ ദുബൈ സൗത്ത്, അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്, ജബല്‍ അലി പോര്‍ട് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കാന്‍ പദ്ധതിയുണ്ട്.
വരും കാലങ്ങളില്‍, ഏഴ് ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന ഏവിയേഷന്‍ ഡിസ്ട്രികിലായിരിക്കും എയര്‍ഷോകള്‍ സംഘടിപ്പിക്കുക. വ്യോമ മേഖലയുമായി ബന്ധപ്പെട്ട വ്യാപാരങ്ങള്‍ക്കും എക്‌സിബിഷനുകള്‍ക്കും സ്ഥിരമായൊരു സങ്കേതം ഇവിടെ ഒരുങ്ങുന്നുണ്ട്.
ഏവിയേഷന്‍ ഡിസ്ട്രികില്‍ മാത്രം 2013 മുതല്‍ ഇതുവരെയുള്ള നിക്ഷേപം 90 കോടി ദിര്‍ഹമാണ്. അടുത്ത 16 മാസത്തിനുള്ളില്‍ 60 കോടി ദിര്‍ഹമിന്റെ നിക്ഷേപങ്ങള്‍ക്കായി ഈ മേഖല ഒരുങ്ങുകയാണ്. അടിസ്ഥാന സൗകര്യ വികസനം. ഹാങ്ങറുകളുടെ നിര്‍മാണം, സ്വകാര്യ ആവശ്യങ്ങള്‍ക്കുള്ള ടെര്‍മിനലിന്റെ നിര്‍മാണം, വ്യോമയാന വ്യവസായത്തിനാവശ്യമായ വിതരണ ശൃംഘലയുടെ പൂര്‍ത്തീകരണം എന്നിവക്കാണ് ഈ നിക്ഷേപങ്ങള്‍ വകയിരുത്തുന്നത്.
18.5 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന ലോജിസ്റ്റിക് ഡിസ്ട്രികില്‍ കര, വായു, ജല, ചരക്കു ഗതാഗതത്തിന് ചുക്കാന്‍ പിടിക്കുന്ന ഇടമാക്കിയെടുക്കും. ലോകത്തെ ചരക്കു ഗതാഗതത്തിന്റെ മുഖ്യ കേന്ദ്രമാക്കി മാറ്റിയെടുക്കുക എന്നതാണ് ലക്ഷ്യം. ഇവിടെ അന്താരാഷ്ട്ര, പ്രാദേശിക തലത്തിലെ വാണിജ്യ സംരംഭകര്‍ക്ക് തങ്ങളുടെ വ്യാപാര പ്രവര്‍ത്തനങ്ങള്‍ ആഗോളതലത്തില്‍ ഏകീകരിക്കുന്നതിന് സ്വതന്ത്ര സാമ്പത്തിക മേഖലയായി മാറ്റിയിട്ടുണ്ട്.
ദുബൈ സൗത്തിന്റെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് പദ്ധതി പ്രവര്‍ത്തനസജ്ജമാകുന്നതോടെ ദുബൈയുടെ ആഭ്യന്തര വരുമാനത്തിന്റെ മുഖ്യ സ്രോതസ്സായി ഈ മേഖല മാറുമെന്നാണ് ആഗോള സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പദ്ധതിയുടെ ഭാഗമായി അഞ്ച് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അതോടൊപ്പം 10 ലക്ഷം ജനങ്ങള്‍ ഈ മേഖലയില്‍ സ്ഥിര താമസക്കാരായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.