ഖത്വറിലെ കയറ്റുമതിയില്‍ 32.4 ശതമാനം ഇടിവ്

Posted on: August 23, 2016 7:30 pm | Last updated: August 23, 2016 at 7:30 pm

ദോഹ: രാജ്യത്തു നിന്നും വിദേശരാജ്യങ്ങളിലേക്കുള്ള കയറ്റുമതി 32.4 ശതമാനം ഇടിഞ്ഞു. എണ്ണയുത്പാദനങ്ങളുടെ കയറ്റുമതിയിലുണ്ടായ കുറവാണ് ആകെ കയറ്റുമതിയെ ബാധിച്ചതെന്ന് വികസനാസൂത്രണ, സ്ഥിതിവിവര മന്ത്രാലയം ഇന്നലെ പ്രസിദ്ധീകരിച്ച പാദ വര്‍ഷ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം രണ്ടാം പാദവുമായി താരതമ്യം ചെയ്താണ് കയറ്റുമതി ഇടിവ് രേഖപ്പെടുത്തുന്നത്.
മൂന്നുമാസത്തെ കയറ്റുമതി, ഇറക്കുമതി, വ്യാപാര മിച്ചം എന്നിവ അടിസ്ഥനമാക്കിയാണ് ഖത്വര്‍ ഫോറീന്‍ മര്‍ച്ചന്‍ഡൈസ് ട്രേഡ് സ്റ്റാറ്റിസ്റ്റിക്‌സ് ക്വാര്‍ട്ടേര്‍ലി ബുള്ളറ്റിന്‍ പ്രസിദ്ധീകരിക്കുന്നത്. ഇതനുസരിച്ച് ഈ വര്‍ഷം രണ്ടാം പാദത്തിലെ രാജ്യത്തിന്റെ വിദേശ വ്യാപാര മിച്ചം അഥവാ കയറ്റുമതിക്കും ഇക്കുമതിക്കുമിടയിലുള്ള വ്യത്യാസം 2060 കോടി റിയാലാണ്. കഴിഞ്ഞ വര്‍ഷം 4370 കോടിയുണ്ടായിരുന്നത്. 43.7 ശതമാനം ഇടിഞ്ഞാണ് ഈ നിലവാരത്തിലെത്തിയത്. 4940 കോടി റിയാലിന്റെ കയറ്റുമതിയാണ് മൂന്നു മാസത്തിനിടെ രാജ്യം നടത്തിയത്. മുന്‍ വര്‍ഷം ഇത് 7310 കോടി റിയാലിന്റെതായിരുന്നു. 2370 കോടിയുടെതാണ് കുറവ്.
വര്‍ഷാ വര്‍ഷാമുള്ള കയറ്റുമതിയിലെ ഇടിവിനു കാരണം പെട്രോളിയം കയറ്റുമിയിലുണ്ടായ കുറവാണെന്ന് റിപ്പോര്‍ട്ട് പറുന്നു. ഇന്ധനം, ലൂബ്രിക്കന്റ്‌സ് തുടങ്ങിയ ഉത്പന്നങ്ങളുടെ കയറ്റുമതി ഈ വര്‍ഷം 2130 കോടിയുടെതാണ്. കെമിക്കല്‍സ് ഉത്പന്നങ്ങള്‍ 180 കോടിയുടെത് കയറ്റി അയച്ചു. രാജ്യത്ത് ഉത്പാദിച്ച മറ്റു വസ്തുക്കള്‍ 60 കോടിയുടെതാണ് കയറ്റുമതി ചെയ്തത്. അതേസമയം രാജ്യത്തേക്കുള്ള ഇറക്കുമതിയില്‍ 1.7 ശതമാനത്തിന്റെ ഇടിവു മാത്രമാണുണ്ടായതെന്ന് ബുള്ളറ്റിന്‍ സൂചിപ്പിക്കുന്നു. രണ്ടാം പാദത്തില്‍ 288 കോടി റിയാലിന്റെ ഇറക്കുമതിയാണ് ഖത്വര്‍ നടത്തിയത്. മുന്‍വര്‍ഷം ഇതേ കാലയളവിലെ ഇറക്കുമതി 293 കോടി റിയാലിന്റെതായിരുന്നു. മെഷിനറികളുടെയും ഗാതഗത ഉപകരണങ്ങളുടെയും ഇറക്കുമതിയില്‍ 140 കോടിയുടെ കുറവുണ്ടായി. നിര്‍മാണ ഉത്പന്നങ്ങളുടെ ഇറക്കുമതി 30 കോടിയുടെതാണ് നടന്നത്. മറ്റു ഉത്പന്നങ്ങളുടെ ഇറക്കുമതി 120 കോടിയുടെയും കെമിക്കല്‍ ഉത്പന്നങ്ങളുടെത് 20 കോടിയുടെതും നടന്നു. രാജ്യത്തിന്റ മുഖ്യ കയറ്റുമതി പ്രദേശം ഏഷ്യയാണ്. 70.8 ശതമാനാണ് ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി. ഈ രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതി 30.7 ശതമാനത്തിന്റെതാണ്. തുടര്‍ന്ന് യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങളും വരുന്നു.