Connect with us

Gulf

കെട്ടിട നിര്‍മാണത്തിന് അഗ്‌നിബാധ പ്രതിരോധിക്കുന്ന പാനലുകള്‍ എത്തുന്നു

Published

|

Last Updated

അഗ്നി പ്രതിരോധിക്കുന്ന പാനലുകള്‍ ഡാന്യൂബ് അധികൃതര്‍ പ്രദര്‍ശിപ്പിക്കുന്നു

ദുബൈ: തീ പടരുന്നത് പ്രതിരോധിക്കുന്ന കെട്ടിട പാനലുകള്‍ കമ്പോളത്തിലെത്തുന്നു. ഡാന്യൂബ് ഗ്രൂപ്പിന്റേയും മുല്‍ക് ഹോള്‍ഡിംഗ്‌സിന്റേയും സംയുക്ത സംരംഭമാണിത്. ഗള്‍ഫ് മേഖലയില്‍ കെട്ടിടങ്ങള്‍ക്ക് എളുപ്പം തീ പിടിക്കുന്ന അവസ്ഥയില്ലാതാക്കാന്‍ പുതിയ പാനലുകള്‍ക്ക് കഴിയുമെന്ന് ഡാന്യൂബ് ചെയര്‍മാന്‍ റിസ്‌വാന്‍ സാജന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. 2012ന് ശേഷം ഒരു ഡസനോളം അംബര ചുംബികളാണ് തീ പിടുത്തത്തില്‍ നശിച്ചത്. എ ടു ഫയര്‍ റസിസ്റ്റന്റ് പാനലുകള്‍ എന്ന പേരിലാണ് പുതിയ ഉത്പന്നം അറിയപ്പെടുക. യു എ ഇയുടെ പുതിയ നിയമമനുസരിച്ച് 15 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള കെട്ടിടങ്ങള്‍ക്ക് ഇത്തരം പാനലുകള്‍ നിര്‍ബന്ധമാണ്.

ദുബൈ ടെക്‌നോ പാര്‍ക്കിലാണ് പാനല്‍ ഉത്പാദനം നടത്തുക. ആലുക്കോ പാനല്‍ എന്നാണ് കമ്പനിയുടെ പേര്. ദുബൈ സിവില്‍ ഡിഫന്‍സിന്റെ അംഗീകാരത്തോടെയാണിത്. 10 കോടി ദിര്‍ഹമാണ് ചെലവ് ചെയ്തിരിക്കുന്നത്. നേരത്തെ മുല്‍ക് ഹോള്‍ഡിംഗ്‌സിന്റെ കീഴില്‍ ആലുബോണ്ട് എന്ന പേരില്‍ പാനല്‍ നിര്‍മാണം ഇവിടെയുണ്ടായിരുന്നു. ഇതിന്റെ നവീകരണമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. അടുത്ത വര്‍ഷം ഷാര്‍ജയില്‍ അഞ്ച് കോടി ഡോളര്‍ ചെലവ് ചെയ്ത് പ്രത്യേകം നിര്‍മാണ കേന്ദ്രം സ്ഥാപിക്കുമെന്ന് റിസ്‌വാന്‍ സാജന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം പുതുവത്സരത്തലേന്ന് അഡ്രസ് ഹോട്ടല്‍ അടക്കം നിരവധി കെട്ടിടങ്ങളാണ് തീ പിടുത്തത്തില്‍ നശിച്ചത്. പുതിയ പാനലുകള്‍ക്ക് 30 മുതല്‍ 40 വരെ ശതമാനം വില കൂടുമെന്ന് റിസ്‌വാന്‍ സാജന്‍ വ്യക്തമാക്കി.