Connect with us

Kerala

മെഡിക്കല്‍ പ്രവേശനം: നിലപാടില്‍ മാറ്റമില്ലെന്ന് ആരോഗ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ . മാനേജുമെന്റുകള്‍ കോടതിയെ സമീപിച്ചാല്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കും. ഫീസ് ഏകീകരണം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ മെറിറ്റ് ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ നയം മെറിറ്റ് അട്ടിമറിക്കാന്‍ ആരേയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകളുമായി ചര്‍ച്ചക്ക് തയാറാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മെറിറ്റ് പാലിക്കപ്പെടുക എന്ന ഒറ്റ നിലപാടെ സര്‍ക്കാരിനുള്ളു. എം.ബി.ബി.എസ് പഠിച്ച് വരുന്ന കുട്ടികള്‍ വയറുവേദനയുമായി വരുന്ന രോഗികളുടെ തലയില്‍ ഓപ്പറേഷന്‍ നടത്തുന്ന സാഹചര്യം ഉണ്ടാവാന്‍ പാടില്ല. മെറിറ്റ് നിലനിര്‍ത്തിക്കൊണ്ട് എങ്ങനെ സ്വാശ്രയ പ്രവേശനം മുന്നോട്ട് കൊണ്ടുപോകാമെന്ന് നോക്കുമെന്നും മന്ത്രി പറഞ്ഞു.

പുതിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 50 ശതമാനം സീറ്റുകളില്‍ സംസ്ഥാന പ്രവേശന പരീക്ഷകളുടെ അടിസ്ഥാനത്തിലും 50 ശതമാനം മാനേജ്‌മെന്റ് സീറ്റുകളില്‍ അഖിലേന്ത്യാ പ്രവേശന പരീക്ഷയായ നീറ്റിന്റെ അടിസ്ഥാനത്തിലുമായിരിക്കും ഇനി മുതല്‍ പ്രവേശനം നടത്തുക. രണ്ടും മെറിറ്റ് ലിസ്റ്റായതിനാല്‍ വ്യത്യസ്ത ഫീസ് ഈടാക്കുന്നത് ധാര്‍മികമല്ലെന്നതിനാലാണ് ഏകീകൃത ഫീസിനെ സര്‍ക്കാര്‍ എതിര്‍ക്കാത്തത്. ഇത് അംഗീകരിച്ചാല്‍ താഴ്ന്ന വരുമാനക്കാരായ നിശ്ചിത ശതമാനം കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ് നല്‍കണമെന്ന ആവശ്യവും സര്‍ക്കാര്‍ മുന്നോട്ടുവെക്കാന്‍ സാധ്യതയുണ്ട്.

അതേസമയം, സര്‍ക്കാരുമായി ഏറ്റുമുട്ടാനില്ലെന്ന് സ്വകാര്യ മെഡിക്കല്‍ കോളേജ് അസോസിയേഷന്‍ അറിയിച്ചു. മാനേജ്‌മെന്റ് സീറ്റിലെ പ്രവേശാനധികാരത്തില്‍ വിട്ടു വീഴ്ചയ്ക്കില്ലെന്നും അസോസിയേഷന്‍ അറിയിച്ചു. സര്‍ക്കാര്‍ ഉത്തരവിനെതിരെ ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യും. കേരളാ സര്‍ക്കാറും മാനേജ്‌മെന്റുകളും നിലപാടില്‍ ഉറച്ചുനിന്നതോടെ തിങ്കളാഴ്ച ചേരാനിരുന്ന ജയിംസ് കമ്മിറ്റി യോഗം മാറ്റിവെച്ചിരുന്നു.

Latest