എ ടി എം തട്ടിപ്പ് മലപ്പുറത്തും; കാലിക്കറ്റ് സര്‍വ്വകലാശാലാ ജീവനക്കാര്‍ക്ക് പണം നഷ്ടമായി

Posted on: August 23, 2016 10:33 am | Last updated: August 23, 2016 at 10:33 am
SHARE

ATM THEFTതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാരുടെ പണം എ ടി എം തട്ടിപ്പിലൂടെ നഷ്ടപ്പെട്ടു. വൈസ് ചാന്‍സിലര്‍ ഡോ. കെ മുഹമ്മദ് ബശീറിന്റെ പേഴ്‌സനല്‍ സ്റ്റാഫ് അംഗം ദാമോദരന്‍, ഇദ്ദേഹത്തിന്റെ ഭാര്യയും ജീവനക്കാരിയുമായ ഷീജ, ഭരണ വിഭാഗം ഓഫീസ് സൂപ്രണ്ട് എം പി ഷെറീന എന്നിവരുടെ പണമാണ് നഷ്ടപ്പെട്ടത്.

ദാമോദരന്റെ അക്കൗണ്ടില്‍ നിന്ന് 997 രൂപയും ഭാര്യയുടെ അക്കൗണ്ടില്‍ നിന്ന് 19,900 രൂപയുമാണ് നഷ്ടപ്പെട്ടത്. ഷെറീനയുടെ 49000 രൂപ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെയുമാണ് കവര്‍ന്നത്. സംഭവത്തെ തുടര്‍ന്ന് വൈസ് ചാന്‍സിലര്‍ ജീവനക്കാര്‍ക്ക് ഇമെയില്‍ വഴി ജാഗ്രതാ നിര്‍ദേശം നല്‍കി. തിങ്കളാഴ്ച രാവിലെ താങ്കളുടെ എ ടി എം കാര്‍ഡ് ബ്ലോക്കായതായി അറിയിച്ച് ദാമോദരന്റെ മൊബൈല്‍ ഫോണിലേക്ക് സന്ദേശം ലഭിച്ചു. തൊട്ടുപിന്നാലെ ഫോണില്‍ വിളിക്കുകയും ചെയ്തു. ഇംഗ്ലീഷിലായിരുന്നു സംസാരം. എ ടി എം കാര്‍ഡ് ബ്ലോക്കായിട്ടുണ്ടെന്നും തകരാര്‍ പരിഹരിക്കുന്നതിന് എ ടി എം കാര്‍ഡിന് പിന്നിലുള്ള മൂന്നക്ക നമ്പര്‍ പറഞ്ഞുകൊടുക്കണമെന്നും ആവശ്യപ്പെട്ടു. ഇതു വിശ്വസിച്ച് ദാമോദരന്‍ നമ്പറും വിവരങ്ങളും നല്‍കി.

മറ്റ് രണ്ട് അക്കൗണ്ട് ഉടമകളുടെയും നമ്പറും വിവരങ്ങളും നല്‍കാനായിരുന്നു അടുത്ത ആവശ്യം. ഇതനുസരിച്ച് ഭാര്യയുടെയും ഷെറീനയുടെയും എ ടി എം കാര്‍ഡുകള്‍ക്ക് പിന്നിലെ മൂന്നക്ക നമ്പറും രഹസ്യമായി സൂക്ഷിക്കേണ്ട മറ്റു വിവരങ്ങളും നല്‍കുകയായിരുന്നു. അല്‍പ്പസമയത്തിനുള്ളില്‍ പണം പിന്‍വലിച്ചതായുള്ള സന്ദേശം മൂവരുടെയും മൊബൈല്‍ ഫോണ്‍ നമ്പറുകളിലേക്ക് വന്നപ്പോഴാണ് കബളിപ്പിക്കപ്പെട്ടത് അറിയുന്നത്.

സംഭവത്തെ തുടര്‍ന്ന് മൂന്ന് പേരും തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇവരുടെ അക്കൗണ്ടിലെ പണം ഉപയോഗിച്ച് തട്ടിപ്പ് നടത്തിയവര്‍ സാധനങ്ങള്‍ വാങ്ങിയതായാണ് പ്രാഥമിക വിവരം. വിഷയത്തില്‍ ഇന്ന് കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. സര്‍വകലാശാല ഭരണവിഭാഗം ജീവനക്കാരനായ മുജീബ് റഹ്മാന്റെ അക്കൗണ്ടില്‍ പണം ഇല്ലാത്തതിനാലാണ് തട്ടിപ്പില്‍ പെടാതിരുന്നത്. ഇദ്ദേഹവും സംഘത്തിന് എ ടി എം കാര്‍ഡ് വിവരങ്ങള്‍ നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here