Connect with us

Wayanad

ബാണാസുരസാഗറില്‍ 600 കിലോവാട്ട് ശേഷിയില്‍ സൗരോര്‍ജ പ്ലാന്റ്

Published

|

Last Updated

കല്‍പ്പറ്റ: വയനാട്ടിലെ പടിഞ്ഞാറെത്തറക്ക് സമീപം ബാണാസുരസാഗര്‍ അണക്കെട്ടില്‍ കെ എസ് ഇ ബി 600 കിലോ വാട്ട് ശേഷിയില്‍ സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കുന്നു. പ്രതിവര്‍ഷം അഞ്ച് ലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന ഡാംടോപ് സോളാര്‍ പദ്ധതിയുടെ ഉദ്ഘാടനത്തിനു തീയതി നിശ്ചയിച്ചിരിക്കെയാണ് ബോര്‍ഡിന്റെ പുത്തന്‍ നീക്കം. 500 കിലോ വാട്ട് ശേഷിയുള്ള ഫ്‌ളോട്ടിംഗ് സോളാര്‍ പദ്ധതിയുടെ പ്രവൃത്തി ബാണാസുരസാഗറില്‍ പുരോഗതിയിലാണ്. 10 കിലോ വാട്ടിന്റെ ഫ്‌ളോട്ടിംഗ് സോളാര്‍ പാനല്‍ അണയില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. 600 കിലോവാട്ട് ശേഷിയില്‍ സൗരോര്‍ജ് പ്ലാന്റ് സ്ഥാപിക്കുന്നതിന് വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയാറായിവരികയാണെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ വെളിപ്പെടുത്തി.

ഓഗസ്റ്റ് 29നാണ് പ്രവൃത്തി പൂര്‍ത്തിയായ ഡാം ടോപ്പ് സോളാര്‍ പദ്ധതിയുടെ ഉദ്ഘാടനം. ഉച്ചകഴിഞ്ഞ് മുന്നിനു ഊര്‍ജമന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പദ്ധതി നാടിനു സമര്‍പ്പിക്കുന്നത്. 4.3 കോടി രൂപ ചെലവില്‍ യാഥാര്‍ഥ്യമാക്കിയ ഈ പദ്ധതിയില്‍ വൈദ്യുതി ഉല്‍പാദനത്തിനു 285 മീറ്റര്‍ നീളത്തില്‍ 250 വാട്ട് ശേഷിയുള്ള 1760 സോളാര്‍ പാനലുകളാണ് സ്ഥാപിച്ചിരിക്കുന്നത്. 50 കിലോവാട്ട് ശേഷിയുള്ള ഒന്‍പത് ഇന്‍വര്‍ട്ടര്‍, വൈദ്യുതി ഉല്‍പാദനം നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള എസ്.സി.എ.ഡി.എ (സൂപ്പര്‍വൈസറി കണ്‍ട്രോള്‍ ആന്‍ഡ് ഡാറ്റ അക്വിസിഷന്‍) സംവിധാനം എന്നിവയും പദ്ധതിയുടെ ഭാഗമാണ്. ഇവിടെ ഉല്‍പാദിക്കുന്ന വൈദ്യുതി പടിഞ്ഞാറെത്തറ 33 കെ.വി സബ്‌സ്റ്റേഷനിലേക്കാണ് പകരുക. സംസ്ഥാനത്തെ അഞ്ചാമത്തെ ഡാംടോപ്പ് സോളാര്‍ പദ്ധതിയാണ് ബാണാസുരസാഗറിലേത്.
ജലസേചനത്തിനും വൈദ്യുതി ഉല്‍പാദനത്തിനുമായി 1979ല്‍ വിഭാവനം ചെയ്തതാണ് ബാണാസുരസാഗര്‍ പദ്ധതി. 7.2 ടി.എം.സിയാണ് 2005ല്‍ ഭാഗികമായി കമ്മീഷന്‍ ചെയ്ത ബാണാസുരസാഗര്‍ അണയുടെ ജലസംഭരണ ശേഷി. ഇതില്‍ 1.7 ടി.എം.സി. ജലസേചനത്തിനും ബാക്കി വൈദ്യുതി ഉല്‍പാദനത്തിനും വിനിയോഗിക്കുന്ന വിധത്തിലായിരുന്നു പദ്ധതി ആസൂത്രണം ചെയ്തിരുന്നത്.

അണയുടെ കരമാന്‍തോട് തടത്തില്‍ 3200 ഹെക്ടറിലും കുറ്റിയാടി തടത്തില്‍ 5200 ഹെക്ടറിലും ജലസേചനമെന്ന പദ്ധതി ലക്ഷ്യം ഇന്നോളം പ്രാവര്‍ത്തികമായില്ല. വൈദ്യുതി ഉല്‍പാദനത്തിനു മാത്രമാണ് അണയിലെ ജലം ഉപയോഗപ്പെടുത്തുന്നത്. കക്കയം പദ്ധതിയിലെ വൈദ്യുതി ഉല്‍പാദനത്തിലൂടെ ഏകദേശം 1200 കോടി രൂപയുടെ ലാഭമാണ് ഇതിനകം സര്‍ക്കാരിനു ലഭിച്ചത്.
ശൈശവദശയിലെങ്കിലും ഹൈഡല്‍ ടൂറിസവും ബാണാസുരസാഗറില്‍ മറ്റൊരു വരുമാനസ്രോതസായി വികസിക്കുകയാണ്. ഹൈഡല്‍ ടൂറിസം പദ്ധതിക്ക് 2006 സെപ്റ്റംബര്‍ 27നായിരുന്നു തുടക്കം. വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇവിടം മൈസൂരിലെ വൃന്ദാവനെ വെല്ലുന്ന വിനോദസഞ്ചാരകേന്ദ്രമായി വികസിപ്പിക്കുമെന്ന് ഉദ്ഘാടനവേളയില്‍ അധികാരികള്‍ പറഞ്ഞത് വെറുതെയായെങ്കിലും ബാണാസുരസാഗറിലെത്തുന്ന സഞ്ചാരികളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിക്കുകയാണ്. 2010-11ല്‍ 22498 സഞ്ചാരികളാണ് ഇവിടെയെത്തിയത്. 2014-15ല്‍ ഇത് 66377 ആയി. വലിപ്പത്തില്‍ ഇന്ത്യയില്‍ ഒന്നാമത്തേതും ഏഷ്യയില്‍ രണ്ടാമത്തേതുമായ മണ്ണണയാണ് ബാണാസുരസാഗറിലേത്. കല്‍പറ്റയില്‍നിന്നു ഏകദേശം 20 കിലോമീറ്റര്‍ ദൂരമാണ് ബാണാസുരന്‍മലയടിവാരത്ത് കബനിയുടെ കൈവഴിയായ കരമാന്‍തോടിനു കുറുകെയാണ് ഈ അണയിലേക്ക്.

Latest