Connect with us

Malappuram

ഉണ്ണ്യാലില്‍ സി പി എം-ലീഗ് സംഘര്‍ഷം: മൂന്ന് വാഹനങ്ങളും 34 വീടുകളും തകര്‍ത്തു

Published

|

Last Updated

തിരൂര്‍: തീരപ്രദേശമായ ഉണ്ണ്യാലില്‍ സി പി എം- ലീഗ് സംഘര്‍ഷത്തില്‍ വ്യാപക അക്രമം. ഇരു വിഭാഗങ്ങളില്‍പ്പെട്ട പ്രവര്‍ത്തകരുടെ 34 വീടുകളും മൂന്ന് വാഹനങ്ങളും തകര്‍ത്തു. പത്തോളം വീടുകളും വീട്ടുപകരണങ്ങളും പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. അക്രമത്തിന്റെ മറവില്‍ വ്യാപക കൊള്ളയും മുതല്‍ നശിപ്പിക്കലും നടന്നു. അക്രമി സംഘത്തിന്റെ മര്‍ദനത്തില്‍ പരുക്കേറ്റ രണ്ട് സ്ത്രീകള്‍ മെഡിക്കല്‍ കോളജിലും താലൂക്ക് ആശുപത്രിയിലുമായി ചികിത്സയില്‍ കഴിയുകയാണ്. ഞായറാഴ്ച വൈകുന്നേരമായിരുന്നു സ്ഥലത്ത് അക്രമ സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അക്രമം നാലുമണിക്കൂറോളം നീണ്ടു. മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടേതും അനുഭാവികളുടേതുമായി 22 വീടുകള്‍ തകര്‍ക്കപ്പെടുകയും ഒരു സ്‌കൂട്ടര്‍, രണ്ട് ബൈക്ക് എന്നിവ തീയിട്ട് നശിപ്പിക്കുകയും ചെയ്തു.

സി പി എം പ്രവര്‍ത്തകരുടെയും അനുഭാവികളുടേതുമായി 12 വീടുകളും ഒരു ഓട്ടോറിക്ഷ, ബൈക്ക് എന്നിവയുമാണ് തകര്‍ത്തത്. ഞായറാഴ്ച വൈകിട്ട് സി പി എം പ്രവര്‍ത്തകരുടെ വീടും കടകളും തകര്‍ക്കുന്നുണ്ടെന്ന വിവരം ലഭിച്ച സംഘം സംഭവ സ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍ ഈ അക്രമി സംഘം പോലീസ് സംഘത്തിനു നേരെയും അക്രമം അഴിച്ചു വിടുകയായിരുന്നു. ഡി വൈ എസ് പി, എസ് ഐ അടക്കമുള്ള അഞ്ച് പോലീസുകാര്‍ക്ക് കല്ലേറില്‍ പരുക്കേല്‍ക്കുകയും പോലീസുകാര്‍ ഇവിടെ നിന്നും മടങ്ങുകയും ചെയ്തു. ഈ സമയം മൂന്ന് വാഹനങ്ങളിലായി 12 പോലീസുകാര്‍ മാത്രമായിരുന്നു സ്ഥലത്തുണ്ടായിരുന്നത്. ലീഗ് പ്രവര്‍ത്തകരുടെ ആക്രമണത്തെ തുടര്‍ന്ന് പോലീസ് സംഘം മടങ്ങിയതിന് പിന്നാലെയാണ് ഇരു വിഭാഗവും സംഘടിച്ച് വ്യാപക അക്രമം അഴിച്ച് വിട്ടത്.

ഇരുപതിലേറെ ലീഗ് പ്രവര്‍ത്തകരുടെയും 12 സി പി എം പ്രവര്‍ത്തകരുടെയും വീടുകളും ഈ സമയം തകര്‍ക്കപ്പെടുകയായിരുന്നു. മുസ്‌ലിംലീഗ് പ്രവര്‍ത്തകരായ പുത്തന്‍പുരയില്‍ അന്‍സാര്‍ ബാബുവിന്റെയും പൂച്ചക്കടവത്ത് അഫ്‌സലിന്റെയും ബൈക്കുകളും അധ്യാപിക ഫാത്തിമയുടെ സ്‌കൂട്ടിയും അക്രമികള്‍ തകര്‍ത്തു. ലീഗ് പ്രവര്‍ത്തകരായ കമ്മുട്ടകത്ത് കുഞ്ഞിമോന്‍, ഹാജിയാരകത്ത് അലിക്കുട്ടി, ബീരിച്ചന്റെ പുരക്കല്‍ ഉമ്മുകുല്‍സു, തൊപ്പാരിയകത്ത് യൂസഫ്, കാക്കാന്റെ പുരക്കല്‍ മുഹമ്മദ്, അലിഹാജിന്റെ പുരക്കല്‍ മൊയ്തീന്‍ ബാവക്കുട്ടി, അലിഹാജിന്റെ പുരക്കല്‍ അബൂക്കര്‍, കുഞ്ഞട്ടിക്കടവത്ത് കാസിം, പള്ളീമാന്റെ പുരക്കല്‍ ഹംസക്കോയ, പള്ളീമാന്റെ പുരക്കല്‍ സൈതുമോന്‍, പള്ളീമാന്റെ പുരക്കല്‍ ഹസൈനാര്‍കുട്ടി, പള്ളീമാന്റെ പുരക്കല്‍ അബ്ബാസ്, പള്ളീമാന്റെ പുരക്കല്‍ അലിക്കുട്ടി, പള്ളിത്താന്റെ പുരക്കല്‍ മജീദ്, കുഞ്ഞായിന്റെ പുരക്കല്‍ ഹസനാര്‍, കുഞ്ഞാലകത്ത് മൊയ്തീന്‍, പള്ളീത്താന്റെ പുരക്കല്‍ സക്കീര്‍, പള്ളിക്കല്‍ ഹംസക്കുട്ടി, മാമിച്ചിന്റെ പുരക്കല്‍ ഹംസക്കോയ, പുത്തന്‍പുരയില്‍ കോയ, പുത്തന്‍പുരയില്‍ ബശീര്‍, പൂച്ചക്കടവത്ത് അഫ്‌സല്‍ എന്നിവരുടെ വീടുകള്‍ക്കു നേരെയാണ് സി പി എം പ്രവര്‍ത്തകരുടെ അക്രമമുണ്ടായത്.

വാതില്‍ ചവിട്ടിത്തുറന്ന് ആയുധങ്ങളുമായെത്തിയ സംഘം വീട്ടിലെ ഫര്‍ണിച്ചറുകളും ജനല്‍ ചില്ലുകളും പൂര്‍ണമായി നശിപ്പിച്ചിട്ടുണ്ട്. അലമാര ടെലിവിഷന്‍, ഫ്രിഡ്ജ്, വീട്ടുപകരണങ്ങള്‍, അടുക്കളയിലെ സാധനങ്ങള്‍ തുടങ്ങിയവയെല്ലാം നശിപ്പിച്ചിട്ടുണ്ട്. ഏഴ് ലീഗ് പ്രവര്‍ത്തകരുടെ വീട്ടുപകരണങ്ങള്‍ പൂര്‍ണമായും നശിപ്പിച്ച നിലയിലാണ്.
കമ്മുട്ടകത്ത് കുഞ്ഞിമോന്റെ വീട്ടിലെ വാതില്‍ ചവിട്ടിത്തുറന്ന് അകത്തുകയറിയ നൂറോളം വരുന്ന അക്രമി സംഘം അലമാര കുത്തിത്തുറന്ന് നാലു പവന്‍ സ്വര്‍ണം കവര്‍ച്ച ചെയ്തതായി വീട്ടുകാര്‍ പറഞ്ഞു. ബീരിച്ചന്റെ പുരക്കല്‍ ഉമ്മുകുല്‍സുവിന്റെ വീട്ടിലെ വാതില്‍ പൊളി കൊണ്ടുപോവുകയും അലമാരയില്‍ സൂക്ഷിച്ച ഇരുപതിനായിരം രൂപ കവര്‍ച്ച ചെയ്യുകയും ചെയ്തു.

അയല്‍വാസികളായ സി പി എമ്മുകാരാണ് അക്രമത്തിന് പിന്നിലെന്നും വാളുകൊണ്ടാണ് അലമാര കുത്തിത്തുറന്നതെന്നും ഇവര്‍ പറഞ്ഞു. നിര്‍മാണം നടക്കുന്ന വീടുകളിലെ ഗ്രാനൈറ്റും മറ്റു പ്ലംമ്പിംഗ് ഉപകരണങ്ങളും നശിപ്പിക്കുകയും കിണറ്റില്‍ ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. കുട്ടികളുടെ പാഠ പുസ്തകങ്ങളും അടുക്കളയില്‍ സൂക്ഷിച്ച ഭക്ഷ്യ വസ്തുക്കളും അക്രമി സംഘം ചിന്നിച്ചിതറിയിട്ടുണ്ട്. പള്ളീമാന്റെ പുരക്കല്‍ സൈതുമോന്റെ വീട്ടില്‍ നിന്ന് നാലു പവന്‍ മാലയും ഓപ്പറേഷന് സൂക്ഷിച്ച പതിനായിരം രൂപയും മോഷ്ടിച്ചു. പണയംവെച്ച സ്വര്‍ണം തിരിച്ചെടുക്കാന്‍ സൂക്ഷിച്ച ഇരുപത്തി അയ്യായിരം രൂപയാണ് പള്ളീമാന്റെ പുരക്കല്‍ ഹസൈനാര്‍കുട്ടിയുടെ വീട്ടില്‍ നിന്ന് കവര്‍ച്ച ചെയ്തത്.

പാസ്‌പോര്‍ട്ട്, റേഷന്‍കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡുകള്‍ എന്നിവ കീറി നശിപ്പിക്കുകയും മോഷണം പോകുകയും ചെയ്തിട്ടുണ്ട്. ലീഗ് പ്രവര്‍ത്തകരുടെ വിവിധ വീടുകളില്‍ നിന്നായി 18 പവന്‍ സ്വര്‍ണവും ഒരു ലക്ഷത്തിനടുത്ത് പണവും നഷ്ടപ്പെട്ടു. അക്രമത്തില്‍ പരുക്കേറ്റ കോട്ടിലകത്ത് സമീറ(35)നെ കോഴിക്കോട് മെഡിക്കല്‍ കോളജിലും ഉണ്ണ്യാല്‍ സ്വദേശി പള്ളിക്കല്‍ ഹംസക്കുട്ടിയുടെ ഭാര്യ സഫിയ (45)യെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഘര്‍ഷത്തില്‍ തേവര്‍ കടപ്പുറം ജ്ഞാനപ്രഭ സ്‌കൂളിനു സമീപത്തെ സി പി എം പ്രവര്‍ത്തകരുടെ 12 വീടുകള്‍ ലീഗുകാര്‍ തകര്‍ത്തു. കട്ടുവിന്റെ പുരക്കല്‍ നഫീസയുടെ വീട്ടില്‍ ഒരു ഓട്ടോറിക്ഷ, ബൈക്ക് എന്നിവയും സംഘം നശിപ്പിച്ചു. സിപി എം പ്രവര്‍ത്തകരായ കാക്കന്റെ പുരക്കല്‍ സമദ്, കാക്കന്റെ പുരക്കല്‍ കോയ, വേരൂര്‍ അബൂബക്കര്‍, പടിഞ്ഞാറ്റില്‍ സൈദ് മുഹമ്മദ്, കമ്മുട്ടകത്ത് റസാഖ്, കമ്മുട്ടകത്ത് റഹ്മാന്‍, കമ്മുട്ടകത്ത് അലിക്കുട്ടി, ശമീര്‍, സി പി സൈതുവിന്റെ ഉടമസ്ഥതയിലുള്ള മില്ല്, കാസിമിന്റെ പലചരക്കു കട, കുട്ടുവിന്റെ പുരക്കല്‍ നഫീസ, ഏനിക്കടവത്ത് ഹംസക്കുട്ടി എന്നിവരുടെ വീടുകള്‍ക്കു നേരെ ലീഗ് പ്രവര്‍ത്തകരുടെ അക്രമമുണ്ടായി. അക്രമത്തില്‍ വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. ഉണ്ണ്യാല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് തീരദേശ മേഖലയില്‍ പോലീസ് സുരക്ഷ ശക്തമാക്കി. എസ് പി ദേബേശ്കുമാര്‍ ബെഹ്‌റ അക്രമ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.

സി ഐമാരായ എം കെ ഷാജി, എം അലവി, എസ് ഐമാരായ വിനോദ്, കെ ആര്‍ രഞ്ജിത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അക്രമികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. വീടുകള്‍ അക്രമിച്ച സംഭവത്തില്‍ താനൂര്‍ പോലീസ് 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇരു പാര്‍ട്ടികളില്‍പ്പെട്ട അക്രമി സംഘങ്ങളും ഒളിവില്‍ പോയതായും വള്ളങ്ങളുപയോഗിച്ച് കടലിലേക്കും പ്രതികള്‍ പോയിട്ടുണ്ടെന്ന് സി ഐ. എം കെ ഷാജി പറഞ്ഞു. തിരൂര്‍ ഡി വൈ എസ് പി ചുമതലയുള്ള ബാലന്റെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഉണ്ണിയാലിലും പരിസര പ്രദേശത്തും ഇന്നലെ കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു.

Latest