Connect with us

Kozhikode

ഹോട്ടലുകളില്‍ പരിശോധന തുടരും; വന്‍കിടക്കാരെ ഒഴിവാക്കില്ല: മേയര്‍

Published

|

Last Updated

കോഴിക്കോട്: ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഹോട്ടല്‍ പരിശോധന തുടരുമെന്നും ഇക്കാര്യത്തില്‍ വന്‍കിടക്കാരെ ഒഴിവാക്കുന്ന പ്രശ്‌നമില്ലെന്നും മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍. കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ഹോട്ടല്‍ പരിശോധനയില്‍ നിന്ന് വമ്പന്‍ സ്രാവുകളെ ഒഴിവാക്കുകയാണെന്ന പ്രതിപക്ഷ അംഗത്തിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മേയര്‍. താജ് ഹോട്ടലിലായാലും പരിശോധിക്കണമെന്നാണ് കോര്‍പറേഷന്റെ തീരുമാനം. വന്‍കിട ഹോട്ടലുകളില്‍ പരിശോധന വേണ്ടരീതിയില്‍ നടക്കുന്നില്ലെന്നും ചെറിയ ഹോട്ടലുകള്‍ മാത്രമാണ് ആരോഗ്യ വകുപ്പ് പരിശോധിക്കുന്നതെന്നുമായിരുന്നു യു ഡി എഫിലെ ശരണ്യയുടെ പരാതി. ഇതുവരെ 174 ഹോട്ടലുകള്‍ പരിശോധിച്ചുവെന്നും ദിവസവും പരിശോധന നടക്കുന്നുണ്ടെന്നും ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ വി ബാബുരാജ് അറിയിച്ചു. ജനങ്ങള്‍ക്ക് യോഗ്യമായ ഭക്ഷണം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും ഇതിനായി നടപടി തുടരുമെന്നും അദ്ദേഹം അറിയിച്ചു.
നഗരത്തിലെ തെരുവ് നായ ശല്യത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മേയര്‍ അറിയിച്ചു. അതിരൂക്ഷമാണ് നായ ശല്യം. സര്‍ക്കാറിന്റെ തീരുമാനത്തിനനുസരിച്ച് കോര്‍പറേഷന്‍ നടപടി ശക്തമാക്കുമെന്ന് മേയര്‍ അറിയിച്ചു. ഭക്ഷണ അവശിഷ്ടങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് തെരുവനായ ശല്യം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. ഇങ്ങനെ പോയാല്‍ തിരുവനന്തപുരം കോഴിക്കോട്ടും ആവര്‍ത്തിക്കുമെന്ന് കൗണ്‍സിലര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. ഫഌറ്റുകളില്‍ മാലിന്യ സംസ്‌കരണ സംവിധാനമില്ലെന്ന പരാതിയെ കുറിച്ച് പരിശോധിക്കാന്‍ മേയര്‍ ആരോഗ്യ വിഭാഗത്തോട് ആവശ്യപ്പെട്ടു. ഫഌറ്റുകള്‍ക്ക് ലൈസന്‍സ് നല്‍കുമ്പോള്‍ മാലിന്യ സംസ്‌കരണ സംവിധാനമുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന കൗണ്‍സിലര്‍ ഗിരിജയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മാലിന്യ സംസ്‌കരണ സംവിധാനമില്ലാത്തത് കാരണം ഓടകളില്‍ ഒഴുക്കിവിടുന്നതായും അവര്‍ ചൂണ്ടിക്കാട്ടി.
മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനവുമായി ബന്ധപ്പെട്ട് പി കിഷന്‍ചന്ദ് കൊണ്ടുവന്ന പ്രമേയം ബഹളത്തിന് വഴിയൊരുക്കി. എല്‍ ഡി എഫ് സര്‍ക്കാര്‍ ബജറ്റില്‍ തുക വകയിരുത്താത്തതില്‍ പ്രതിഷേധിച്ചും റോഡ് വികസനത്തിന് അടിയന്തരമായി 100 കോടി രൂപയെങ്കിലും അനുവദിച്ച് കച്ചവടക്കാരെ പുനരധിവസിപ്പിക്കണമെന്നുമായിരുന്ന പ്രമേയം. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും അംഗങ്ങള്‍ രംഗത്ത് വന്നു.
ബേപ്പൂര്‍ സോണല്‍ ഓഫീസില്‍ സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്താത്തതിനെ കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ മേയര്‍ നിര്‍ദേശം നല്‍കി. ഗുരുതരമായ തെറ്റാണിതെന്ന് അദ്ദേഹം പറഞ്ഞു. കോര്‍പറേഷന്‍ കെട്ടിടത്തിലെ അനധികൃത കൂട്ടിച്ചേര്‍ക്കല്‍ സംബന്ധിച്ച് പരിശോധിക്കാന്‍ മേയര്‍ നിര്‍ദേശം നല്‍കി. കോണ്‍ഗ്രസിലെ പി എം നിയാസാണ് ഇത് സംബന്ധിച്ച് ചൂണ്ടിക്കാട്ടിയത്.
മുന്‍കുട്ടി എഴുതി നല്‍കാത്ത ആവശ്യം ഉന്നയിക്കുന്നത് അനുവദിക്കാനാകില്ലെന്ന മേയറുടെ നിലപാട് യോഗത്തില്‍ ബഹളത്തിനിടയാക്കി. കോണ്‍ഗ്രസിലെ സുധാമണിയാണ് വാട്ടര്‍ അതോറിറ്റിയുമായി ബന്ധപ്പെട്ട വിഷയം ഉന്നയിക്കാന്‍ ശ്രമിച്ചത്. സുധാമണി സംസാരിക്കുന്നത് മേയര്‍ വിലക്കിയതോടെ പ്രതിപക്ഷാംഗങ്ങള്‍ ഒച്ചപ്പാടുണ്ടാക്കി. മേയറെ അനുകൂലിച്ച് ഭരണപക്ഷം രംഗത്തെത്തിയതോടെ യോഗം ബഹളത്തില്‍ മുങ്ങി.
സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ആയിരം രൂപയായി വര്‍ധിപ്പിച്ച സര്‍ക്കാറിനെ അഭിനന്ദിക്കണമെന്ന മുന്‍ മേയര്‍ എം എം പത്മാവതിയുടെ അഭ്യര്‍ഥനയെ ചൊല്ലിയും പ്രതിപക്ഷം ബഹളമുണ്ടാക്കി. പിന്നീട് പെന്‍ഷന്‍ വര്‍ധിപ്പിച്ചത് ആരാണെന്നതിനെ ചൊല്ലിയായി തര്‍ക്കം. കഴിഞ്ഞ സര്‍ക്കാറാണ് വര്‍ധിപ്പിച്ചതെന്നായിരുന്നു പ്രതിപക്ഷാംഗങ്ങളുടെ അവകാശവാദം. എന്നാല്‍ ഇതിനെ അക്കമിട്ട് എതിര്‍ത്ത് ഭരണപക്ഷാംഗങ്ങളും രംഗത്തെത്തിയതോടെ യോഗം ബഹളത്തില്‍ മുങ്ങി. മേയര്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും അംഗങ്ങള്‍ നിശബ്ദരായില്ല. ഇതിനിടയില്‍ മേയര്‍ ഹെഡ്മാസ്റ്ററാകരുതെന്ന പി എം നിയാസിന്റെ പരാമര്‍ശം പ്രതിഷേധത്തിനിടയാക്കി. വേണമെങ്കില്‍ ഹെഡ്മാസ്റ്ററുമാകുമെന്നായിരുന്നു മേയറുടെ മറുപടി. ഇവിടെ ഒരു കളിയും നടക്കില്ലെന്നും നിയമപ്രകാരമേ അനുവദിക്കാന്‍ സാധിക്കൂവെന്നും പഠിപ്പിക്കാന്‍ നോക്കെണ്ടന്നും മേയര്‍ ഓര്‍മപ്പെടുത്തി. ചെയറിന്റെ അനുമതിയില്ലാത്ത നടപടികള്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ മേയര്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം രാധാകൃഷ്ണന്‍, പി സി രാജന്‍, കൗണ്‍സിലര്‍മാരായ പി കിഷന്‍ചന്ദ്, റഫീഖ്, സത്യന്‍, നമ്പിടി നാരായണന്‍, പി കെ ശാനിയ, സതിഷ് കുമാര്‍, ബീരാന്‍ കോയ ചര്‍ച്ചയില്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest